ഫുട്ബോൾ എന്നാൽ മലപ്പുറത്തുകാർക്ക് ഒരു വികാരമാണ്. തേഞ്ഞിപ്പാലം സെന്റ് പോൾസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ സുരേഷിന്റെ കാര്യവും അങ്ങനെതന്നെ. ഫുട്ബോളിനോടും മെസ്സിയോടും അടങ്ങാത്ത സ്നേഹമുള്ള ഈ ഏഴു വയസ്സുകാരന് അച്ഛൻ പിറന്നാൾ സമ്മാനമായി നൽകിയ ഹയ്യാ കാർഡുമായി ഇപ്പോൾ തനിയെ ഖത്തറിലേക്ക് പറന്നിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഖത്തറിലെ എല്ലാ സ്റ്റേഡിയങ്ങളും കാണാനുള്ള അവസരവും ശ്രാവണിന് ലഭിച്ചിരുന്നു.
കഴിഞ്ഞ വേനലവധി കാലത്ത് ഖത്തറിൽ ജോലിചെയ്യുന്ന അച്ഛൻ സുരേഷിനരികിലേക്ക് അമ്മ സെന്താമരയ്ക്കൊപ്പം ശ്രാവൺ പോയിരുന്നു. ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളെല്ലാം കാണണമെന്ന മകന്റെ ആഗ്രഹം സുരേഷ് സാധിച്ചു കൊടുക്കുകയും ചെയ്തു. അന്ന് സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായിരുന്നില്ല. മകന്റെ ഫുട്ബോൾ ആരാധന മനസ്സിലാക്കിയ സുരേഷ് ശ്രാവണിന്റെ പിറന്നാളിനായി ലോകകപ്പ് കാണാനുള്ള ടിക്കറ്റും ഹയ്യാ കാർഡുമാണ് സമ്മാനമായി കരുതിയത്. കഴിഞ്ഞ നവംബർ 20 നായിരുന്നു ഗ്രാവണിന്റെ പിറന്നാൾ.

ഹയ്യാ കാർഡ് ഏറ്റുവാങ്ങിയതിലുമുണ്ട് പ്രത്യേകത. സംസ്ഥാന സർക്കാർ ലഹരി മരുന്നുകൾക്കെതിരെ നടത്തുന്ന വൺ മില്യൺ ഗോൾ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേദിയിൽവച്ച് മന്ത്രി വി. അബ്ദുൽ റഹ്മാനാണ് ശ്രാവണിനെ ഹയ്യാ കാർഡ് അണിയിച്ചത്. അങ്ങനെ നവംബർ 26 ന് ശ്രാവൺ തനിച്ച് ഖത്തറിലേക്ക് വിമാനം കയറി. മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയും അണിഞ്ഞായിരുന്നു യാത്ര. ഏഴു വയസ്സു മാത്രമേ ഉള്ളൂവെങ്കിലും അതിന്റെ സങ്കോചങ്ങളൊന്നുമില്ലതെ ഏറെ ആവേശത്തോടെയാണ് ശ്രാവൺ യാത്രയ്ക്കൊരുങ്ങിയത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു.
അധികമാർക്കും ലഭിക്കാത്ത അപൂർവ്വ അവസരം ലഭിച്ച ശ്രാവണിന് സ്കൂൾ അധികൃതരും നിറഞ്ഞ മനസ്സോടെയാണ് ആശംസകൾ അർപ്പിച്ചത്. കണ്ണൂര് എയര്പോര്ട്ടില് എത്തിയ ശ്രാവണിന് കസ്റ്റംസ് വിഭാഗം പ്രത്യേക യാത്രയയപ്പും ഒരുക്കിയിരുന്നു. എട്ടു ലോകകപ്പ് സ്റ്റേഡിയങ്ങളും നേരിൽ കണ്ട ഏഴു വയസ്സുകാരൻ എന്ന നിലയിൽ ഖത്തറിലുള്ള മലപ്പുറംകാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം കാലിക്കട്ട് സർവ്വകലാശാലയിൽ വച്ച് നടത്തിയ പ്രൗഢഗംഭീരമായ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ശ്രാവണിനെ തേടി എത്തിയിരുന്നു. ഐ എം വിജയൻ, ഷൈജു ദാമോദരൻ എന്നീ പ്രഗത്ഭകർക്കൊപ്പമാണ് ശ്രാവൺ വേദി പങ്കിട്ടത്.

ഇപ്പോൾ ഖത്തറിൽ എത്തിയ ശ്രാവണിന് മെസ്സിയെ കാണാനുള്ള ആഗ്രഹം എങ്ങനെയെങ്കിലും സാധിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് സുരേഷ്. അർജന്റീനയുടെ മത്സരം കാണാൻ അവസരം ലഭിച്ചില്ലെങ്കിൽ ഫാൻ കോർണറിൽ വച്ചെങ്കിലും മെസ്സിയെ കണ്ടതിനുശേഷമേ ശ്രാവൺ മടങ്ങു. തിരികെയുള്ള യാത്രയും തനിച്ചു തന്നെ. ഫുട്ബോളിനു പുറമേ സംഗീതത്തിലും ഏറെ താത്പര്യമുള്ള ശ്രാവൺ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. ഗായിക കെ എസ് ചിത്രയാണ് ഈ കൊച്ചുമിടുക്കന്ന ആദ്യക്ഷരം കുറിപ്പിച്ചത്.
Content Summary : Seven tear old boy went Qatar with Hayya card gifted by father