ADVERTISEMENT

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സിയെ പോലെതന്നെ ആരാധകർക്കിടയിൽ പ്രശസ്തരാണ് താരത്തിന്റെ കുടുംബവും. ഭാര്യ ആന്റൊണെല്ലയ്ക്കും മക്കളായ തിയാഗോ, മാറ്റെയോ, സിറോ എന്നിവർക്കൊപ്പവുമുള്ള മെസ്സിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. കഴിഞ്ഞദിവസം നടന്ന അർജന്റീന - ഓസ്ട്രേലിയ ഫുട്ബോൾ മത്സരത്തിനിടെ രണ്ടാമനായ മാറ്റെയോ കാണിച്ച ഒരു കുസൃതിയാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത്. 

 

സ്റ്റേഡിയത്തിൽ കാണികളുടെ ഇടയിൽ അമ്മയ്ക്കൊപ്പം ഇരിക്കുകയായിരുന്നു ഏഴുവയസ്സുകാരൻ മാറ്റെയോ. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മറ്റ് കാണികൾ ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയും സെൽഫി എടുക്കുകയും എല്ലാം ചെയ്തു. ച്യൂയിംഗ് ഗം ചവച്ചു കൊണ്ടായിരുന്നു മാറ്റെയോ മത്സരം കണ്ടിരുന്നത്. എന്നാൽ അല്പസമയത്തിനുശേഷം ച്യൂയിംഗ് ഗം  കയ്യിലെടുത്ത മാറ്റെയോയ്ക്ക് അത് കളയാൻ ഒരിടം കണ്ടെത്താനായില്ല. പിന്നെ ഒന്നും നോക്കിയില്ല കയ്യിലിരുന്ന ച്യൂയിംഗ് ഗം നേരെ മുൻപിൽ കാണികൾക്കിടയിലേക്ക് വലിച്ചെറിയുകയായിരുന്നു. മകന്റെ തെറ്റായ പ്രവൃത്തി കണ്ട് ആന്റൊണെല്ല ഉടൻതന്നെ ഇടപെടുകയും ചെയ്തു. അവർ മകനെ ശാസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

ഉടൻതന്നെ അമ്മയ്ക്ക് അരികിലേക്ക് നീങ്ങിയിരിക്കുകയായിരുന്നു മാറ്റെയോ. ഇളയ മകൻ സിറോയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ  എത്തിയതോടെ മാറ്റെയോയുടെ കുസൃതിയുടെ വിഡിയോ വൈറലായി കഴിഞ്ഞു. എത്ര പ്രശസ്തിയിലാണെങ്കിലും കുട്ടികൾ എപ്പോഴും കുട്ടികൾ തന്നെയായിരിക്കും എന്ന തരത്തിലാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്. മകന്റെ തെറ്റായ പ്രവൃത്തി ഉടൻതന്നെ തിരുത്താൻ ശ്രമിച്ച ആന്റൊണെല്ല ഒരു നല്ല അമ്മയാണെന്നും പലരും കുറിക്കുന്നു. 

 

അതേസമയം മെസ്സിയെക്കാൾ മികച്ച കളിക്കാരൻ റൊണാൾഡോ ആണെന്ന് ആരോ പറഞ്ഞതുകേട്ടാവാം മാറ്റെയോ ച്യുയിംഗ് ഗം വലിച്ചെറിഞ്ഞത് എന്ന തരത്തിൽ രസകരമായ കമന്റുകൾ കുറിക്കുന്നവരുമുണ്ട്. ലോക കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടതിനെ തുടർന്ന് മാറ്റെയോ കരഞ്ഞുകൊണ്ട് സ്റ്റേഡിയം വിട്ടകാര്യം മുൻപ് മെസ്സി വെളിപ്പെടുത്തിയതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

 

Content Summary : Lionel Messi’s wife Antonela blast son Mateo, for throwing chewing gum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com