ADVERTISEMENT

ഒമ്പത് വയസേയുള്ളു മേരിലാൻഡുകാരിയായ മോളി സാംപ്‌സണിന്. പക്ഷേ സമപ്രായക്കാരായ കുട്ടികളെപ്പോലെയല്ല അവൾ.  കഴിഞ്ഞ ഡിസംബറിലെ ക്രിസ്‌മസിന് തനിക്ക് എന്താണ് സമ്മാനമായി വേണ്ടതെന്ന് കൃത്യമായി അവൾക്ക് അറിയാമായിരുന്നു: ഒരു ജോഡി ഇൻസുലേറ്റഡ് ബൂട്ടുകൾ. കാരണം ആ കൊടും ശൈത്യത്തിൽ അവൾക്ക് ഇറങ്ങിച്ചെല്ലേണ്ടത് മരവിപ്പിക്കുന്ന തണുപ്പുള്ള വെള്ളത്തിലേക്കാണ്.  

വളരെ ചെറുപ്പം മുതലേ മോളി സാംപ്സണിന്റെ ഹോബിയാണ് ഫോസിൽ ശേഖരം. മേരിലാൻഡിലെ കാൽവർട്ട് ക്ലിഫ്സ് സ്റ്റേറ്റ് പാർക്കിലെ വെള്ളത്തിൽ തപ്പിനടന്നാണ് തന്റെ ഫോസിൽ ശേഖരത്തിൽ ചേർക്കാനുള്ള പല്ലുകളും മറ്റും അവൾ കണ്ടെത്തുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും  ഫോസിൽ ശേഖരണം നടത്തുന്ന മോളിയും അച്ഛൻ ബ്രൂസും മൂത്ത സഹോദരി നതാലിയും പുറപ്പെട്ടത് തണുത്തുറഞ്ഞ പാറക്കെട്ടുകളിലേക്കാണ്. 

പക്ഷേ പതിവ് പോലെയായിരുന്നില്ല ഇത്തവണത്തെ അന്വേഷണം. ആ കൊടുംതണുപ്പിൽ വെള്ളത്തിൽ തപ്പിനടക്കുമ്പോൾ ഇത്തവണ അവളുടെ കയ്യിൽ തടഞ്ഞത് അപൂർവ്വമായ ഒന്നായിരുന്നു., 15 ദശലക്ഷം വർഷം പഴക്കമേറിയ അഞ്ച് ഇഞ്ച് വരുന്ന  ഒരു മെഗലോഡണിന്റെ പല്ലായിരുന്നു അത്. ചരിത്രാതീതകാലത്തെ ഭീമാകാരമായ സ്രാവുകളാണ് മെഗലോഡോണുകൾ

അച്ഛനാണ് കുഞ്ഞുമോളിയുടെ താത്പര്യത്തെ  ഫോസിൽശേഖരണത്തിലേക്ക് ആകർഷിച്ചത്. കുടുംബത്തിനൊപ്പം മോളിയും കൂടിയപ്പോൾ 400-ലധികം ഫോസിലുകളാണ് ശേഖരിക്കാനായത്. ആ ശേഖരത്തിലേക്കാണ് അപൂർവ്വമായ മെഗലോഡൺ പല്ല് കൂടി അവൾ കൂട്ടിച്ചേർത്തത്. ഗവേഷകർ പറയുന്നതനുസരിച്ച്, മെഗലോഡോണുകൾക്ക് 50 അടി വരെ വളരാൻ കഴിയും, കൂടാതെ ഇന്നത്തെ സ്രാവുകളേക്കാൾ ശരാശരി വേഗതയിൽ സമുദ്രങ്ങളിലൂടെ സഞ്ചരിക്കാം.

മെഗലോഡോണുകളുടെ അസ്ഥികൂടങ്ങൾ മൃദുവായ തരുണാസ്ഥി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ സാധാരണയായി ഫോസിലുകളായി മാറാറില്ല. എന്നാൽ പല്ലുകൾ കുറച്ചുകൂടി ബലമുള്ളവയാണ്. ആ ക്രിസ്മസ് ദിനത്തിൽ  തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് മോളി വലിച്ചെടുത്ത വലിപ്പമേറിയ ഫോസിലൈസ് ചെയ്ത പല്ലുകൾ അപൂർവ്വമാണ്.

കണ്ടപ്പോൾ തന്നെ  മെഗലോഡൺ പല്ലുകൾ തിരിച്ചറിയാനായെന്ന് ഈ ഒമ്പത് വയസുകാരി പറയുന്നു. പല്ലുകളുടെ വലുപ്പത്തെ അടിസ്ഥാനമാക്കിയാണ് സ്രാവിന്റെ വലിപ്പവും കണക്കാക്കുന്നതെന്ന് ഈ കുഞ്ഞുഫോസിൽ വേട്ടക്കാരി പറയുന്നു. ഒരു വയസ്സുള്ളപ്പോൾ മുതൽ ഫോസിൽ വേട്ടയിൽ മോളി താത്പര്യം കാണിക്കാൻ തുടങ്ങിയിരുന്നു. ഈ ചെറിയ പ്രായത്തിൽത്തന്നെ ഇത്രയും വലിയ ഫോസിൽ ശേഖരണത്തിൽ അവൾ നന്ദി പറയുന്നത് അച്ഛനോട് തന്നെ. ഫോസിലുകൾ എങ്ങനെ തിരയാമെന്ന് പഠിപ്പിച്ചതും പല്ലുകൾ തിരയാൻ അവളെ കടൽത്തീരത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുമൊക്കെ അച്ഛനായിരുന്നു. ഒന്നാം വയസിൽ അച്ഛനൊപ്പം കടൽത്തീരത്ത് ഫോസിൽ അന്വേഷിച്ചു നടക്കുന്ന മോളിയുടെ ചിത്രം അമ്മ അലീഷ്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.  

ഭർത്താവ് ഏറെക്കാലമായി ഫോസിൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും മോളി കണ്ടെടുത്തത് പോലെ ഒന്ന് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഇത് മുഴുവൻ കുടുംബത്തിനും  വലിയ ആവേശം നൽകുന്നതാണെന്നും  അലീഷ്യ പറയുന്നു. ക്രിസ്മസ് ദിനത്തിൽ തണുപ്പ് അധികമായതിനാൽ താൻ പുറപ്പെട്ടില്ലെന്നും ഭർത്താവും മക്കളും പുറപ്പെട്ട് മുപ്പത് മിനിട്ട് തികയുന്നതിന് മുന്പ് മോളി ഫോസിലിന്റെ  ചിത്രം അയച്ചുനൽകിയെന്നും അലീഷ്യ പറഞ്ഞു. “അതൊരു തമാശയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഫോട്ടോഷോപ്പ് ആണെന്നും ചിന്തിച്ചു, എന്നാൽ അത് സത്യമായിരുന്നു”, അലീഷ്യ പറയുന്നു 

 

വർഷങ്ങളുടെ പരിചയം കൊണ്ട് മോളി കണ്ടെത്തിയത് മെഗലോഡൺ പല്ല് തന്നെയാണെന്ന് കുടുംബത്തിന് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതിന്റെ ചിത്രം കാൽവർട്ട് മറൈൻ മ്യൂസിയത്തിലെ പാലിയന്റോളജി ക്യൂറേറ്റർ ഡോ. സ്റ്റീഫൻ ഗോഡ്ഫ്രെയ്‌ക്ക് അയച്ചു കൊടുത്ത് ഉറപ്പു വരുത്തി. ഒരു യക്ഷിക്കഥ പോലെയാണ് തോന്നുന്നതെന്നും മകൾക്ക് വെറും ഒമ്പത് വയസ് മാത്രമേ പ്രായമുള്ളു എന്നും അമ്മ അതിശയത്തോടെ പറയുന്നുണ്ട്. എന്തായാലും വളരുമ്പോൾ താൻ ഒരു പാലിയന്റോളജിസ്റ്റ് ആകുമെന്നാണ് മോളി പറയുന്നത്. ഇപ്പോൾ തന്റെ ശേഖരത്തിൽ ചേർക്കാൻ കൂടുതൽ മുതല പല്ലുകൾ കണ്ടെത്തുന്നതിലാണ് മോളി ശ്രദ്ധ നൽകുന്നത്.

Content Summary : Nine year old girl finds giant megalodon tooth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com