‘അവരുടെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ ഇത് വർക്ക്ഔട്ട് ആകുമെന്ന് എനിക്കു തോന്നി’

HIGHLIGHTS
  • എന്റെ കരച്ചിൽ കണ്ടു ഞാൻ തന്നെ കരഞ്ഞു
  • എനിക്ക് അഭിനയിക്കേണ്ടി വന്നതേയില്ല
chat-with-sandhosham-movie-child-artist-lekshmi
SHARE

നിറഞ്ഞ സന്തോഷത്തോ​ടെ മാത്രം കാണാൻ കഴിയുന്ന ഒരു മനോഹര കുടുംബചിത്രമാണ് ‘സന്തോഷം’. കുടുംബബന്ധങ്ങളുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തിയറ്ററുകളിൽ വിജയകരമായി നിറഞ്ഞോടുകയാണ്. ‘സന്തോഷ’മെന്ന വീട്ടിലെ ചേച്ചിയും അനിയത്തിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ സുന്ദരമായ ആവിഷ്ക്കാരത്തിൽ ചേച്ചിയായി അനു സിതാരയും അനിയത്തിയായി ബേബി ലക്ഷ്മിയുമാണെത്തുന്നത്. അമിത് ചക്കാലക്കൽ, മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ് എന്നിവരാണ് ഈ ഫാമിലി എന്റർടെയ്നറിലെ മറ്റു പ്രധാന താരങ്ങൾ. കലാഭവന്‍ ഷാജോണിന്റേയും ആശ അരവിന്ദിന്റെയും മക്കളായി അനു സിതാരയും ലക്ഷ്മിയുമെത്തുന്നു. അർജുൻ സത്യൻ തിരക്കഥ എഴുതിയ ചിത്രം അജിത് തോമസ് ആണ് സംവിധാനം ചെ യ്തിരിക്കുന്നത്. 

തന്റെ എല്ലാ കാര്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന ചേച്ചിയിൽനിന്നു സ്വാതന്ത്ര്യം കൊതിക്കുന്ന അനിയത്തിയായി തകർത്തഭിനയിച്ചിരിക്കുകയാണ് ലക്ഷ്മി എന്ന ലച്ചു. ഒരു പ്രമുഖ ടിവി ചാനലിലെ പരിപാടിയിലൂടെയാണ് ലക്ഷ്മി  അഭിനയ രംഗത്തേക്കു കടന്നുവരുന്നത്. സന്തോഷം സിനിമയുടെ വിശേഷങ്ങളും തന്റെ സ്വപ്നങ്ങളും മനോരമ ഓൺലൈനുമായി ലക്ഷ്മി പങ്കുവയ്ക്കുന്നു. 

chat-with-sandhosham-movie-child-artist-lekshmi2

ഷാജോൺ അങ്കിളിന് ഞാൻ മകളെപ്പോലെ..

സിനിമയിലെ അച്ഛനെയും മകളെയും പോലെ തന്നെ ഷാജോൺ അങ്കിളിന് എന്നോടു വളരെ സ്നേഹമായിരുന്നു. സിനിമേല് ശരിക്കും എന്റെ പേര് അച്ചു എന്നായിരുന്നു. പക്ഷേ ഷാജോൺ അങ്കിള്‍ എന്നെ വിളിക്കുന്നത് പൊന്നൂസ് എന്നായിരുന്നു. അങ്കിൾ മകളെ വിളിക്കുന്നത് പൊന്നൂസ് എന്നാണ്. അങ്ങനെ എന്നെയും അറിയാതെ പൊന്നൂസ് എന്നായി വിളി. ഒടുവിൽ സിനിമേലും ഞാൻ പൊന്നൂസ് ആയി. അതുപാേലെ ആശയാന്റിയുമായും നല്ല അടുപ്പമായിരുന്നു സെറ്റിൽ ഭയങ്കര രസമായിരുന്നു. അന്താക്ഷരി കളിയും റീല്‍സ് എടുക്കലുമൊക്കെയായി എന്ത് രസമായിരുന്നെന്നോ. ഷാജോൺ അങ്കിളാണെങ്കിൽ എന്ത് റീൽസ് എടുത്താലും തെറ്റിക്കും. പിന്നെ ഷാജോൺ അങ്കിള്‍ എനിക്ക് കുറെ ഡാൻസ് ഒക്കെ പഠിപ്പിച്ച് തന്നു. അടിപൊളിയായി ഡാൻസ് കളിക്കും അങ്കിൾ.

സ്വന്തം വീട്ടിലെപ്പോലെതന്നെ

ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളില്ലേ, അതുപോലെ തന്നെയായിരുന്നു സിനിമയിലും. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുമ്പോൾ അച്ഛൻ വന്ന് വഴക്കു പറയില്ലേ? അതു തന്നെയായിരുന്നു സിനിമയിൽ ഞങ്ങളുടെ അച്ഛനും. സെറ്റിൽ എല്ലാവരുമായിട്ടും നല്ല കൂട്ടായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനാണ് അച്ഛൻ രാജശേഖരൻ നായർ, അമ്മ ഉമ, അമ്മൂമ്മ രമാദേവി, ചേച്ചി ഗൗരിനന്ദ ശേഖർ.

chat-with-sandhosham-movie-child-artist-lekshmi1

എനിക്ക് അഭിനയിക്കേണ്ടി വന്നതേയില്ല

സിനിമേലെപ്പോലെ തന്നെയാണ് എന്റെ സ്വന്തം വീട്ടിൽ ഞാനും ചേച്ചിയും തമ്മിൽ. സിനിമയിൽ അനുചേച്ചി എങ്ങനെയാണോ അതുപോലെ തന്നെയാണ് വീട്ടിൽ എന്റെ ചേച്ചി എന്നോടു പെരുമാറുന്നത്. അതുകൊണ്ട് എനിക്ക് അഭിനയിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല. അതുപോലെ ഒരുപാട് കാര്യങ്ങളിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് സന്തോഷം മൂവി. 

മല്ലികാമ്മൂമ്മയും ചോക്​ലെറ്റ്സും

സെറ്റിലെത്തിയാൽ മല്ലികാമ്മൂമ്മ നിറയെ വിശേഷങ്ങൾ പറയും, നല്ല രസമാണ്  വർത്തമാനം കേൾക്കാൻ. പിന്നെ മല്ലികാമ്മൂമ്മയുടെ കയ്യിൽ എപ്പോഴും ചോക്​ലെറ്റ്സും നട്ട്സുമൊക്കെ കാണും. അതെല്ലാം ഞങ്ങൾക്കും തരും. പിന്നെ മക്കളുടെയും കൊച്ചുമക്കളുടെയുമൊക്കെ വിശേഷങ്ങളൊക്കെ പറയും. കൊച്ചുമകൾ പ്രാർഥന ഇന്ദ്രജിത്തുമൊത്തുള്ള റീൽസ് ഒക്കെ എടുക്കുന്ന കാര്യമൊക്ക എന്ത് രസമായിട്ടാണ് പറയുന്നതെന്നോ.. പിന്നെ ആശ ആന്റിക്കാണെങ്കിൽ മല്ലികാമ്മൂമ്മയോടു സംസാരിക്കാൻ വല്യ പേടിയായിരുന്നു. ‍ഞങ്ങളും ഷാജോൺ അങ്കിളുമൊക്കെ നിർബന്ധിച്ച് ആന്റിയെ മല്ലികാമ്മൂമ്മയുടെ അടുത്ത് സംസാരിക്കാൻ പറഞ്ഞുവിടും. ഒടുവിൽ ആശയാന്റി  എന്തെങ്കിലും മണ്ടത്തരമൊപ്പിച്ചു വയ്ക്കും. 

chat-with-sandhosham-movie-child-artist-lekshmi5

എന്റെ പേര് പലർക്കും അറിയില്ല

സിനിമയിൽ കാണാറുണ്ടെങ്കിലും മിക്ക ആളുകൾക്കും എന്റെ പേര് അറിയില്ല. നിമിഷ സജയൻ ചേച്ചിയും ഭാവന ചേച്ചിയുമൊക്കെ അനു ചേച്ചിയോട് എന്റെ അഭിനയം സൂപ്പറാണെന്നു പറഞ്ഞു. അവർക്കും എന്റെ പേര് അറിയില്ലായിരുന്നു. പിന്നെ അനുചേച്ചിയുടെ ഫോണിൽ വിളിച്ച് നിമിഷചേച്ചി സംസാരിച്ചിരുന്നു. നന്നായി അഭിനയിച്ചുവെന്നും ഇനിയും ഒത്തിരി അവസരം കിട്ടട്ടെയെന്നുമൊക്കെ പറഞ്ഞു. സിനിമേലുള്ള ഒരുപാട് പേര് അനുചേച്ചിയോട് എന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞത്രേ. 

എന്റെ കരച്ചിൽ കണ്ടു ഞാൻ തന്നെ കരഞ്ഞു

സ്കൂളിൽനിന്ന് അധ്യാപകരുടെയും കൂട്ടുകാരുടെയും ഒപ്പമാണ് ഞാന്‍ സന്തോഷം കാണാൻ പോയത്. എന്റെ സെന്റിമെൻസ്‍ സീനൊക്കെ വരുമ്പോൾ ഞാൻ പതിയെ അവരെ നോക്കുമ്പോൾ അവരുടെയൊക്കെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. ഇത് വർക്ക്ഔട്ട് ആകുമെന്ന് എനിക്ക് തോന്നിയത് അപ്പോഴാണ്. പിന്നെ എനിക്കും സങ്കടം വന്നു ഞാനുമങ്ങ് കരഞ്ഞു. പുറത്തിറങ്ങുമ്പോൾ ഒരുപാടു പേർ വന്നു ചോദിക്കാറുണ്ട് സിനിമയിൽ ഒക്കെയുള്ള കുട്ടിയല്ലേയെന്ന്.

chat-with-sandhosham-movie-child-artist-lekshmi4

കലോത്സവങ്ങളും ഞാനും

കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഗവൺമെന്റ് സ്കൂളിൽ ചേർന്നത്. ജില്ലാതലത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ്, ബാലോത്സവത്തിൽ പദ്യം ചൊല്ലലിന് എ ഗ്രേഡ് ഒക്കെ കിട്ടിയിരുന്നു. അതിനിടയിൽ സബ് ജില്ലാതല മത്സരങ്ങൾ ഒക്കെയുണ്ട്.

റീൽസ് താരം

റീൽസ് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. എന്റെ ഇൻസ്റ്റഗ്രാം പേജ് നിറയെ റീൽസുകളുണ്ട്. സന്തോഷത്തിന്റെ സെറ്റിൽ വച്ചുള്ള രസകരമായ റീൽസുകളുമുണ്ട്. 

സന്തോഷം കാണണേ....

കുടുബങ്ങളിൽ നടക്കുന്ന സംഭവങ്ങളും വഴക്കുകളും കുസൃതികളുമൊക്കെ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റും. ഞങ്ങളുടെ  ഈ സന്തോഷകരമായ ചിത്രം എല്ലാവരും കാണണേ....

santhosham-trailer

വക്കീൽ സ്വപ്നം

ഭാവിയിൽ സിനിമയിൽ വലിയ താരമാകണമെന്നാണ് സ്വപ്നമെങ്കിലും പഠിച്ച് വലുതായി ഒരു വക്കീലാകണമെന്ന മോഹവും ലച്ചുവിനുണ്ട്. എല്ലാവരും ഡോക്ടറും കലക്ടറുമൊക്കെ ആകണമെന്നു പറയുമ്പോൾ അല്പം  വ്യത്യസ്തമായ ആഗ്രഹമാണ് ഈ മിടുക്കിക്ക്. കൊല്ലത്തെ പുല്ലങ്കോട് ഗവണ‍മെന്റ് യുപിഎസിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് ലക്ഷ്മി.  

കൈ നിറയെ സിനിമകൾ

പൈപ്പിൻ ചുവട്ടിലെ പ്രണയം, കമ്മാര സഭംവം, ബിഗ് സല്യൂട്ട്, ഇഷ്ക്, മഷിപ്പച്ചയും കല്ലു പെൻസിലും, അമ്പലമുക്കിലെ വിഷേഷങ്ങൾ എന്നിവയാണ് ഈ കുട്ടിത്താരത്തിന്റെ മറ്റ് സിനിമകൾ.  ഒരു ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലും ലച്ചു അഭിനയിക്കുന്നുണ്ട്.

Content Summary : Chat with Sandhosham movie child artist Lekshmi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS