ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയായി (സ്ത്രീ) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് 7 വയസുകാരി. ഇന്ത്യയില്‍ നിന്നുള്ള പ്രണ്‍വി ഗുപ്തയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 200 മണിക്കൂര്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം യോഗ അലയന്‍സ് ഓര്‍ഗനൈസേഷന്‍ കുട്ടിയെ RYT200 (രജിസ്റ്റേഡ് യോഗ ടീച്ചര്‍) ആയി അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
റെക്കോര്‍ഡ്സ് വെബ്സൈറ്റ് അനുസരിച്ച്, 2021 ജൂലൈയില്‍ 9 വയസ്സും 220 ദിവസവും പ്രായമുള്ളപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകനായ (പുരുഷന്‍) റെയാന്‍ഷ് സുരാനിയേക്കാള്‍ പ്രായം കുറഞ്ഞയാളാണ് പ്രണ്‍വി.
അമ്മ വീട്ടില്‍ യോഗ അഭ്യസിക്കുന്നത് കാണാറുണ്ടായിരുന്ന പ്രണ്‍വി, വെറും മൂന്നര വയസ്സുള്ളപ്പോള്‍ തന്നെ കുട്ടി യോഗ പഠനം ആരംഭിച്ചു. മാസങ്ങളോളം അമ്മയെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്ത ശേഷം, പെണ്‍കുട്ടി സ്വന്തമായി യോഗ അഭ്യസിക്കാന്‍ തുടങ്ങി, തുടര്‍ന്ന് ഏഴു വയസ്സായപ്പോള്‍ യോഗ ക്ലാസുകളില്‍ ചേര്‍ന്നു.
'യോഗയോടുള്ള സ്‌നേഹം കഴിയുന്നത്ര ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അധ്യാപനത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് അവള്‍ guinnessworldrecords.com-നോട് പറഞ്ഞു. തന്റെ യോഗ പരിശീലകന്റെ പ്രോത്സാഹനമാണ് യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതിനിടയാക്കിയത്. ''ഈ യാത്ര എളുപ്പമായിരുന്നില്ല, കാരണം സ്‌കൂളിലെ പഠനവുമുണ്ടായിരുന്നു. പക്ഷേ, എന്റെ അധ്യാപകരുടെയും മാതാപിതാക്കളുടെയും വലിയ പിന്തുണയോടെ, യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ യോഗ്യതാ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും പ്രണ്‍വി കൂട്ടിച്ചേര്‍ത്തു.
'അവള്‍ ഒരു അനുഗ്രഹീത കുട്ടിയാണ്, എന്റെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളില്‍ ഒരാളാണ്. എല്ലാ ക്ലാസുകളിലും അവള്‍ വളരെ ശ്രദ്ധയും അര്‍പ്പണബോധവുമുള്ളവളാണ്- പ്രണ്‍വിയുടെ അധ്യാപിക ഡോ സീമ കാമത്ത് പറഞ്ഞു. സ്വന്തമായി യൂട്യൂബ് ചാനലുള്ള പ്രണ്‍വി ലോകമെമ്പാടുമുള്ളവര്‍ക്കും യോഗ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ യോഗ പ്രയോജനകരമാകുമെന്ന് പ്രണ്‍വി കരുതുന്നു. 'വലിയ സ്വപ്നം കാണുക, സ്വയം വിശ്വസിക്കുക!' എന്നും പറഞ്ഞാണ് ഏഴുവയസുകാരി അവസാനിപ്പിച്ചത്.
Content summary : World's youngest yoga teacher