വൈക്കം വേമ്പനാട്ട് കായലിന്‍റെകുറകെ മൂന്നര കിലോമീറ്റർ ദൂരം കൈകെട്ടി നീന്തി അക്കരെയെത്തി മൂന്നാം ക്ലാസുകാരൻ. മീനടം സ്വദേശിയായ ആദിത്യനാണ് ഈ റെക്കോർഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയായത്. ഒരു മണിക്കൂർ 24 മിനിട്ടാണ് നീന്തി കയറാനെടുത്ത സമയം.
രാവിലെ 8.37 ന് തവണ കടവിൽ നിന്നായിരുന്നു തുടക്കം. ഇരുകൈകളും ബന്ധിച്ച ശേഷം കായലിലിറങ്ങിയ ആദിത്യൻ മറുകര ലക്ഷ്യമാക്കി നീന്തിയത് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ പരിശീലനമികവിന്റെ പിൻബലത്തിലായിരുന്നു.ചെറുഓളങ്ങളെ വകഞ്ഞ് മാറ്റി വൈക്കം ബീച്ചിന് സമീപം ആദിത്യൻ നീന്തി കയറിയപ്പോൾ സമയം പത്തുമണി ഒരുമിനിറ്റ്. ഗായിക വൈക്കം വിജയലക്ഷ്മിയടക്കമുള്ളവർ ആദിത്യനെ സ്വീകരിച്ചു. </p>
രാഹുൽ അശ്വതി ദമ്പതികളുടെ മകനാണ് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ആദിത്യൻ. കോതമംഗലം പുഴയിലും പഞ്ചായത്ത് കുളത്തിലും നടത്തിയ ആറ് മാസത്തെ പരിശീലനമായിരുന്നു ആദിത്യന്റെ കൈ മുതൽ. ഡോൾഫിൻ അക്വാറ്റിക് ക്ലബിന്റെ കീഴിൽ തവണ കടവിൽ നിന്ന് വൈക്കത്തേക് വേമ്പനാട്ട് കായൽ നീന്തികടക്കുന്ന ആറാമത്തെ വിദ്യാർഥിയാണ് ആദിത്യൻ. വെള്ളത്തിൽ മുങ്ങിമരണങ്ങൾ കൂടുമ്പോൾ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന നീന്തൽ യജ്ഞങ്ങൾ പുതിയ റെക്കോഡുകളും സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Content Summary : Third standard boy swim across Vembanad lake