നഷ്ടപ്പെട്ട നായയുമായി ഒരു കുടുംബം വീണ്ടും ഒന്നിക്കുന്നതിന്റെ ഹൃദയസ്പർശിയായ വിഡിയോ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുകയാണ്. ജനുവരിയിലാണ് ലിയോ എന്ന വളർത്തു നായയെ കാണാതായത്. ലിയോയെ കാണാതായത് കുടുംബത്തെ ആകെ തളർത്തി, അവർ നായയെ എല്ലായിടത്തും തിരഞ്ഞു, പക്ഷേ ലിയോയെ കണ്ടെത്താനായില്ല. എങ്കിലും വീട്ടുകാർ തിരച്ചിൽ തുടർന്നു. ഇനിയൊരിക്കലും അവരുടെ വളർത്തുനായയെ കാണാൻ കഴിയില്ലെന്നാണ് അവർ കരുതിയത്.
എന്നാൽ തങ്ങളുടെ ലിയോയ്ക്ക് മറ്റൊരു കുടുംബം അഭയം നൽകിയതായി പിന്നീട് ഇവർ അറിഞ്ഞു. തുടന്ന് ഇവർ ഒന്നിക്കുന്നതിന്റെ ഹൃദയസ്പർശിയായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏകദേശം രണ്ട് മാസത്തിന് ശേഷം ആദ്യമായി വളർത്തുനായയെ കണ്ടപ്പോൾ ഒരു കൊച്ചു പെൺകുട്ടി സന്തോഷത്താൽ പൊട്ടിക്കരയുന്നത് വിഡിയോയിൽ കാണാം. ഗെയ്റ്റിന് പുറത്ത് പെൺകുട്ടിയെ കണ്ടതും അവൾക്കരികിലെത്താൻ പാഞ്ഞടുക്കുകയാണ് ലിയോ.
അടഞ്ഞു കിടന്ന ഗെയ്റ്റ് തുറന്നയുടനെ ലിയോ തന്റെ കുടുംബാംഗങ്ങള്‍ക്ക് അരികിലേയ്ക്ക് ഓടിയെത്തി. പിന്നെ ആകെയൊരു സ്നേഹ പ്രകടനമായിരുന്നു. എല്ലാവർക്കും അരികിലെത്തി ലിയോ തന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ്.. “ലിയോ എന്നു പേരുള്ള ഈ നായയെ ജനുവരിയിൽ കാണാതായി. കഴിഞ്ഞയാഴ്ച കണ്ടെത്തി. അവൻ തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ച നിമിഷമായിരുന്നു ഇത്," എന്ന കുറിപ്പോടായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Content Summary : Little Reunion With Lost Pet Dog