ഇൻസ്റ്റഗ്രാമിൽ മില്യൻ വ്യൂസ്, എക്സ്പ്രഷനും മീശയ്ക്കും ആരാധകർ; ആളെ ചിരിപ്പിച്ച് നാലുവയസ്സുകാരി

known-social-media-little-star-rithika-rahul-aka-thamboos
റിതിക രാഹുൽ
SHARE

പ്രായം നാലേ ഉള്ളുവെങ്കിലും തമ്പൂസ് ആളൊരു കില്ലാടിയാണ്. ഇൻസ്റ്റഗ്രാമിൽ കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന കുസൃതിക്കുടുക്ക. കുട്ടി ബനിയനും മുണ്ടും ഉടുത്ത് ഉഗ്രനൊരു മീശയും വച്ച് ഡയലോഗിനു ചേർന്ന എക്സ്പ്രഷനും ഇട്ട് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന മിടുക്കി. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം വ്യൂസ് ഉള്ള റിതിക എന്ന തമ്പൂസിന്റെ വിശേഷങ്ങളറിയാം.

ആടാനും പാടാനും ഇഷ്ടം

എറണാകുളം സ്വദേശികളായ സംഗീതയുടെയും രാഹുലിന്റെയും മകളാണ് റിതിക രാഹുൽ. ‘‘കുഞ്ഞായിരിക്കുമ്പോഴേ പാട്ട് കേൾക്കാനും വിഡിയോ കാണാനുമൊക്കെ മോള് ഒരുപാട് താൽപര്യം കാണിക്കുമായിരുന്നു. ഫോണിൽ കാണുന്ന പാട്ടുകൾ അതുപോലെ പഠിച്ചു പാടും. അതിന്റെ വിഡിയോ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. പിന്നീട് പാട്ട് മാത്രം എന്നുള്ളത് മാറി. മറ്റ് റീലുകള്‍ കണ്ട് അതിലെ ഡയലോഗുകൾ പറയാൻ തുടങ്ങി. കൗതുകം തോന്നി സിനിമാ ഡയലോഗുകൾ പറഞ്ഞുകൊടുത്തപ്പോൾ അതും ഈസിയായി ചെയ്യാൻ തുടങ്ങി’’ – തമ്പൂസിന്റെ അമ്മ സംഗീത പറയുന്നു.

‘‘മോൾ പെട്ടെന്നു തന്നെ സംസാരിക്കാൻ തുടങ്ങിയിരുന്നു. ഒരുപാട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും. എന്നുകരുതി എല്ലാവരുടെയും മുന്നിൽ അങ്ങനെയല്ല. മറ്റു പല കുട്ടികളെയും പോലെ തമ്പൂസിനും പരിചയമില്ലാത്തവരോടു സംസാരിക്കാനൊന്നും താൽപര്യമില്ല. അപ്പൊഴേക്കും മുഖവും മാറും. പക്ഷേ പരിചയക്കാരോട് നന്നായി സംസാരിക്കും. അതൊക്കെ കൊണ്ടാവും പെട്ടെന്ന് ഡയലോഗുകൾ പഠിച്ചെടുക്കാൻ അവൾക്ക് പറ്റുന്നത്. ഇപ്പോൾ ഏതു നേരവും പാട്ടു പാടിക്കൊണ്ടിരിക്കും അല്ലെങ്കിൽ ഡയലോഗുകൾ പറയും.’’ അമ്മ പറയുന്നു.

known-social-media-little-star-rithika-rahul-aka-thamboos 2
റിതിക അമ്മ സംഗീകയ്ക്കും അച്ഛൻ രാഹുലിനുമൊപ്പം

കണ്ണാടിക്കു മുന്നിലെ അഭിനയം

ഡയലോഗുകളും പറയാൻ തുടങ്ങിയതോടെ കണ്ണാടിക്കു മുന്നിലായി പിന്നെയുള്ള അങ്കം. ഒറ്റയ്ക്കു നിന്നു സുന്ദരമായി ഡയലോഗ് പറയും. എന്നാൽ എങ്ങനെ ഇൻസ്റ്റഗ്രാമിലെത്തിയെന്നോ? അതിന്റെ ഉത്തരവും തമ്പൂസിന്റെ അമ്മ പറയും. ‘‘ഒരു ദിവസം വീട്ടിൽ വെറുതേയിരുന്നപ്പോഴാണ് ഒരു ഐഡിയ തോന്നി മോളെക്കൊണ്ടു സിനിമാ ഡയലോഗ് പറയിച്ച് വിഡിയോ എടുത്തത്. പറഞ്ഞുകൊടുത്തത് അതേപോലെ ആവർത്തിച്ചപ്പോൾ ഗെറ്റപ്പ് ചെയ്ഞ്ച് കൂടി ട്രൈ ചെയ്തു നോക്കി. രംഗത്തിനു പറ്റിയ ഡ്രസും മീശയുമൊക്കെ വരച്ചുകൊടുത്തു. വീണ്ടും പറഞ്ഞു നോക്കിയപ്പോൾ നല്ല അടിപൊളിയായി ചെയ്തു. അങ്ങനെയാണ് സോഷ്യൽ മിഡിയയിൽ വിഡിയോ ചെയ്ത് തുടങ്ങിയത്.’’

കാണാനും ചെയ്യാനും ഇഷ്ടം കോമഡി

‘‘കോമഡി റീലുകൾ ചെയ്യാനാണ് മോൾക്ക് കൂടുതൽ ഇഷ്ടം. മാറി മാറി വരുന്ന എക്സപ്രഷനുകൾ സ്ക്രീനിൽ കാണാനും അതുപോലെ ചെയ്യാനുമൊക്കെ താൽപര്യമാണ്. കറുത്തമ്മയായി അഭിനയിച്ച് റീൽ ചെയ്യുമ്പോൾ ഭാവങ്ങളൊക്കെ ഇടാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.’’

known-social-media-little-star-rithika-rahul-aka-thamboos 3
റിതിക അമ്മ സംഗീകയ്ക്കും അച്ഛൻ രാഹുലിനുമൊപ്പം

ഡയലോഗുകൾ പറഞ്ഞു കൊടുക്കും, പക്ഷേ എക്സ്പ്രഷൻ സ്വന്തമായി ഇടും. അതാണ് തമ്പൂസിന്റെ സ്റ്റൈൽ. ‘‘നമ്മൾ പറഞ്ഞുകൊടുക്കുന്ന ഡയലോഗിന് അവളുടേതായ ഭാവങ്ങൾ വരുത്തുമ്പോഴാണ് കാണാൻ കൂടുതൽ രസം. അവൾ സ്വന്തമായി ഇടുന്ന എക്സ്പ്രഷനുകളാണ് ചിരിക്കാനുള്ള കണ്ടന്റ് തരുന്നത്.’’

മീശ വിട്ടൊരു കളിയില്ല

‘‘എക്സ്പ്രഷൻ കഴിഞ്ഞാൽ വിഡിയോയിൽ അവളുടെ മീശയ്ക്കാണ് കൂടുതൽ ആരാധകർ. അവൾ കോമഡി ചെയ്യുന്നതു കാണാൻ തന്നെയാണ് ആളുകൾക്ക് കൂടുതൽ താൽപര്യവും. പലരും മെസേജ് ചെയ്യാറുണ്ട്, ടെൻഷനടിച്ച് ഇരിക്കുമ്പോഴൊക്കെ മോളുടെ വിഡിയോസ് കാണാറുണ്ടെന്നും അപ്പോൾ സമാധാനം തോന്നാറുണ്ടെന്നുമൊക്കെ. ഈ ഫീഡ്ബാക്കുകള്‍ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.’’

മൂഡ് ഇല്ലെങ്കിൽ റീൽ ഇല്ല

ഇതൊക്കെയാണെങ്കിലും താൽപര്യമില്ലാതെ തമ്പൂസ് ഒന്നും ചെയ്യാറില്ല. ആ കാര്യത്തിൽ ആള് കുറച്ചു കണിശക്കാരിയാണ്. ‘‘റീൽ ചെയ്യാൻ ആളിനു മൂഡ് വന്നാലേ കാര്യമുള്ളു. അല്ലാതെ നിർബന്ധിച്ചാലൊന്നും നോ രക്ഷ. മൂഡ് ഉണ്ടെങ്കിൽ നന്നായി ഡയലോഗ് പറഞ്ഞ്, നല്ല എക്സ്പ്രഷൻ ഒക്കെയിട്ട് ഗംഭീരമായൊരു വീഡിയോ ചെയ്യും. അവൾക്ക് ഇഷ്ടമില്ലാതെ ചെയ്താൽ വിഡിയോ ശരിയാകാറുമില്ല. പിന്നെ നമുക്ക് ഇഷ്ടപ്പെട്ട റീലുകൾ ചെയ്യിക്കാനൊന്നും പറ്റില്ല. അവൾക്ക് ഇഷ്ടമാവണം. ഇല്ലെങ്കിൽ ഇതുവേണ്ടെന്ന് പറഞ്ഞ് സ്വന്തമായി വേറെ കണ്ടുപിടിക്കും.’’

കണിശക്കാരിയെന്നു പറഞ്ഞത് ഈയൊരു കാര്യത്തിൽ മാത്രമല്ല. എല്ലാം വൃത്തിയായി ഇരിക്കണം, ഏതെങ്കിലും സാധനം എടുത്താൽ തിരികെ അതുപോലെ വയ്ക്കണം, ഈ കാര്യങ്ങിലും തമ്പൂസ് സ്ട്രിക്ട് ആണ്.

ബേസിലിന്റെ കമന്റും മില്യൻ വ്യൂസും 

മിന്നൽ മുരളിയും ദശമൂലം ദാമുവുമൊക്കെ ചേര്‍ത്തൊരു കിടിലന്‍ റീൽ തമ്പൂസ് ചെയ്തിരുന്നു. ഏറെ വൈറലായിരുന്നു അത്. ഇൻസ്റ്റഗ്രാമിൽ നാല് മില്യൻ വ്യൂസ് ഉള്ള ആ വിഡിയോയ്ക്ക് ബേസിൽ ജോസഫിന്റെ കമന്റും വന്നു. 

known-social-media-little-star-rithika-rahul-aka-thamboos 
റിതിക അമ്മ സംഗീകയ്ക്കും അച്ഛൻ രാഹുലിനുമൊപ്പം

സ്റ്റാർട് ക്യാമറ, ആക്‌ഷൻ, പെർഫെക്‌ഷൻ

വിഡിയോ കാണുമ്പോൾ പലർക്കും തോന്നും എത്ര കഷ്ടപ്പെട്ടിട്ടാവും കുട്ടി ഡയലോഗ് പഠിച്ചതെന്ന്. കാരണം അത്ര പെർഫെക്​ഷനിലാണ് ഡയലോഗ് ഡെലിവറി. പക്ഷേ കുത്തിയിരുന്നു പഠിക്കുന്ന ആളേ അല്ല തമ്പൂസ്. ‘‘അവൾ ചെയ്യാൻ പോകുന്ന വിഡിയോ നോക്കും, ചെയ്യാമെന്നു പറയും. ഒരു തവണ കണ്ടു കഴിഞ്ഞാൽ മതി മതി എന്ന് പറയും. പിന്നെ കാണിച്ചുകൊടുത്താലും അവൾ കാണില്ല. ഒരൊറ്റത്തവണയോ വിഡിയോ കാണൂ. പിന്നെ നേരെ അഭിനയം. രണ്ടാമത് വിഡിയോ എടുക്കേണ്ടി വന്നിട്ടില്ല. ഇനി എടുത്താലും ആദ്യത്തേത് തന്നെയായിരിക്കും കൂടുതൽ നല്ലത്.’’

അച്ഛൻ കുട്ടി

തമ്പൂസിന് ഏറ്റവും ഇഷ്ടം അച്ഛനെയും മാമനെയുമാണ്. ‘‘വിദേശത്ത് ആയതുകൊണ്ടുതന്നെ അച്ഛനെ മോള് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞാൻ പറഞ്ഞാൽ അനുസരിക്കാത്ത കാര്യങ്ങളൊക്കെ അച്ഛൻ പറഞ്ഞാൽ പെട്ടെന്നു ചെയ്യും. പിന്നെ കൂട്ടുകാരൊക്കെയായിട്ട് കളിക്കാനാണ് കൂടുതൽ ഇഷ്ടം.’’ സംഗീത പറയുന്നു. ഇനി മോളുടെ ഓൺ‌വോയിസ് വി‍ഡിയോയും മേക്കിങ് വിഡിയോസും കൂടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാനുള്ള ആഗ്രഹത്തിലാണ് അമ്മ സംഗീത. ഇത്തവണ സ്കൂൾ തുറക്കുമ്പോൾ എൽകെജിയിൽ പോകാനുള്ള തയാറെടുപ്പിലാണ് റിതിക. ഇനി അങ്കം അവിടെ. 

Content Summary : Known social media little star Rithika Rahul aka Thamboos

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA