ഹോപ്, അങ്ങനെ പേര് ചൊല്ലി വിളിച്ച കുഞ്ഞാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെയും ഭാര്യ എലിസബത്തിന്റെയും ഇപ്പോഴത്തെ ലോകം. കുഞ്ഞുണ്ടായതോടെ ജീവിതം പാടെ മാറിയെന്നു ഇക്കഴിഞ്ഞ നാളുകളിൽ കൂടിയും ബേസിൽ ഒരു അഭിമുഖത്തിൽ ഏറെ സന്തോഷത്തോടെ പറയുകയുണ്ടായി. മകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. മകളുടെ മാമോദീസയും അതിനോട് അനുബന്ധിച്ച ചിത്രവും കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
ഇളം നീല നിറത്തിലുള്ള വേദിയാണ് മാമോദീസയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്നത്. ആ നിറത്തോടു യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ബേസിലും എലിസബത്തും മകൾക്കൊപ്പമെത്തിയത്. വേദിയിൽ വൃത്താകൃതിക്കുള്ളിൽ മകളുടെ പേരായ ഹോപ് എന്നും എഴുതിയിരുന്നു. പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വേദി ഏറെ മനോഹരമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15 നാണ് ബേസിലിനും എലിസബത്തിനും മകൾ ജനിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേരെന്നു ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് അന്ന് താരം കുറിച്ചിരുന്നു. ഹോപ് എന്ന പേരിട്ടതു എന്തുകൊണ്ടാണെന്നു പിന്നീട് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു. എലിസബത്ത് ആണ് ആദ്യമായി ഹോപ് എന്ന പേര് നിർദേശിച്ചത്. തനിക്കും അതേറെ ഇഷ്ടമായി. ഒരു സീരീസിൽ നിന്നുമാണ് പേര് ലഭിച്ചത്. ഒരുപാട് പ്രശ്‍നങ്ങൾക്കിടയിൽ വന്നു ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ, ഹോപ് എന്ന് പേരിട്ടു വിളിക്കുന്ന ഒരു രംഗം ആ സീരിസിലുണ്ട്. ചെറിയൊരു രംഗമാണ് അതെങ്കിലും ആ പേര് എലിസബത്തിനു സ്ട്രൈക്ക് ചെയ്യുകയും തന്നോട് പറയുകയും ചെയ്തു. കേട്ടപ്പോൾ തനിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുഞ്ഞിന് ഹോപ് എന്ന് പേരിടുകയായിരുന്നു.
മാമോദീസയുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ചിത്രം ബേസിൽ പങ്കുവെച്ചതിന്റെ താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. ടൊവിനോ തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ഗുരു സോമസുന്ദരം, പേളി മാണി തുടങ്ങിയ പ്രശസ്ത താരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.
Content Summary: Basil Joseph shared Picture of Daughters Baptism in Social Media