ഉണ്ണിക്കുട്ടന്റെ മടിയിൽ ഉറങ്ങും 'ശങ്കരൻ പോത്ത്', കാണാൻ ബേസിൽ ജോസഫും; വൈറലാണ് ഈ കളങ്കമില്ലാത്ത സ്നേഹം

HIGHLIGHTS
  • ഉണ്ണിക്കുട്ടന് അവൻ വെറും പോത്തായിരുന്നില്ല, സ്വന്തം അനുജനയായിരുന്നു
  • ശങ്കരനും ഉണ്ണിക്കുട്ടനും തമ്മിലുള്ള സൗഹൃദം വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും ഞെട്ടിച്ചു
unique-bond-between-athul-krishna-and-a-buffalo-called-shankaran
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്
SHARE

ഇത് ഊഷ്മളമായ ഒരു സൗഹൃദത്തിന്റെ കഥയാണ്. മനുഷ്യന് മനുഷ്യൻ തന്നെയാണ് ഏറ്റവുമടുത്ത കൂട്ട് എന്ന ധാരണകളെ തിരുത്തുന്ന കഥ. ഒരു പതിനാലുവയസ്സുകാരന് ഒരു പോത്ത് അനുജനും അടുത്ത കൂട്ടുകാരനുമായ കഥ. ഉണ്ണിക്കുട്ടന്റെയും ശങ്കരന്റെയും കളങ്കമില്ലാത്ത സ്നേഹത്തിന്റെ കഥ. ആലപ്പുഴ ചേർത്തല സ്വദേശിയായ അതുൽ കൃഷ്ണൻ എന്ന ഉണ്ണിക്കുട്ടൻ ഡി.വി.എച്ച്.എസ്.എസ് ചാരമങ്കലത്തെ 10ാം ക്ലാസ് വിദ്യാർഥിയാണ്. 

കുട്ടിക്കാലം മുതൽ ഉണ്ണിക്കുട്ടന്റെ കൂട്ട് പട്ടിയും പൂച്ചയും പശുവും പൂമ്പാറ്റയുമൊക്കെയാണ്. സമീപത്തെ വീട്ടിൽ വളർത്തുമൃ​ഗങ്ങളുണ്ടെങ്കിൽ ഉണ്ണിക്കുട്ടൻ അവിടെയുണ്ടാകും. അവറ്റകൾക്ക് തീറ്റ നൽകാനും കുളിപ്പിക്കാനും എന്തിന് തൊഴുത്ത് കഴുകാൻ വരെ. അങ്ങനെ ഉണ്ണിക്കുട്ടൻ ഒരു വീട്ടിൽ പോത്തിനെ വളർത്താൻ പോകാൻ തുടങ്ങി. പോത്തുമായി അടുത്ത കൂട്ടായി. പക്ഷെ അതിനെ അറക്കാൻ കൊടുത്തപ്പോൾ ഉണ്ണിക്കുട്ടന് സഹിക്കാനായില്ല. 

unique-bond-between-athul-krishna-and-a-buffalo-called-shankaran7
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

തനിക്കും ഒരു പോത്തിനെ വേണം എന്ന് വാശിപിടിച്ച് ഉണ്ണിക്കുട്ടൻ വീട്ടിൽ കരച്ചിലായി. ഒാട്ടോ ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും ഒരു പോത്തിനെ വാങ്ങാനുള്ള പണം പെട്ടെന്ന് കണ്ടെത്താനായില്ല. എങ്കിലും ഉണ്ണിക്കുട്ടന്റെ സഹജീവികളോടുള്ള സ്നേഹം അവർക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. അങ്ങനെ കുടുംബശ്രീയിൽ നിന്നും പതിനായിരം രൂപ ലോൺ എടുത്ത് ഒന്നരമാസം പ്രായമുള്ള മുറ ഇനത്തിൽപ്പെട്ട ഒരു പോത്ത്കുട്ടിയെ വാങ്ങി. കഥയിലെ ഹീറോ ഉണ്ണിക്കുട്ടന്റെ വീട്ടിലെത്തുന്നത് അങ്ങനെയാണ്. ഉണ്ണിക്കുട്ടന് അവൻ വെറും പോത്തായിരുന്നില്ല, സ്വന്തം അനുജനയായിരുന്നു. അങ്ങനെ ഉണ്ണിക്കുട്ടൻ അവനൊരു പേരിട്ടു- ശങ്കരൻ.

unique-bond-between-athul-krishna-and-a-buffalo-called-shankaran5
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

ശങ്കരനും ഉണ്ണിക്കുട്ടനും തമ്മിലുള്ള സൗഹൃദം വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും ഞെട്ടിച്ചു. ഉണ്ണിക്കുട്ടന്റെ മടിയിൽ തലവെച്ചാണ് ശങ്കരൻ ഉറങ്ങുന്നത്. ഉണ്ണിക്കുട്ടനെ കണ്ടില്ലെങ്കിൽ ശങ്കരൻ കരച്ചിൽ തുടങ്ങും. ഉണ്ണിക്കുട്ടന്റെ നേർക്ക് ആരെങ്കിലും വന്നാലോ ശങ്കരൻ ഇടയും. ശങ്കരാ.. എന്ന് ഉണ്ണിക്കുട്ടൻ വിളിച്ചാൽ അവൻ ഒാടിയെത്തും. ഒരു പോത്ത് എങ്ങനെയാണ് മനുഷ്യരോട് ഇത്ര ഇണങ്ങുക എന്നായി നാട്ടുകാരുടെ സംശയം. അങ്ങനെ ശങ്കരനും ഉണ്ണിക്കുട്ടനും നാട്ടിലെ സംസാര വിഷയമായി. 

unique-bond-between-athul-krishna-and-a-buffalo-called-shankaran4
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

ശങ്കരന്റെ പുറത്ത് കയറി പോകുന്ന ഉണ്ണിക്കുട്ടനെ പലരും വായ പൊളിച്ച് നോക്കി നിന്നു. അങ്ങനെ അവരെ തേടി പലരുമെത്താൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ ഉണ്ണിക്കുട്ടനും ശങ്കരനും വൈറലായി. പാൽത്തു ജാൻവർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ് ശങ്കരനെ കാണാനെത്തി. ശങ്കരനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവനെയും ചിത്രത്തിൽ ഉൾപ്പെടുത്തുമായിരുന്നു എന്നാണ് ബേസിൽ ഉണ്ണിക്കുട്ടനോട് പറഞ്ഞത്. 

unique-bond-between-athul-krishna-and-a-buffalo-called-shankaran6
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

നേരം പുലർന്നാൽ ശങ്കരന് ആദ്യം കാണേണ്ടത് ഉണ്ണിക്കുട്ടനെയാണ്. ഒരു ദിവസം പോലും അവനെ പിരിഞ്ഞിരിക്കാൻ ശങ്കരനാകില്ല. അവന്റെ ജീവനാണ് ഉണ്ണിക്കുട്ടൻ. കഞ്ഞി വീണ് പൊള്ളലേറ്റ് ഉണ്ണിക്കുട്ടൻ ആശുപത്രിയിലായപ്പോൾ ശങ്കരൻ ഒന്നും കഴിക്കാതെയായി. ഉണ്ണിക്കുട്ടനെ കാണാതെ അവൻ കരച്ചിലായി. അന്നാണ് ആ മിണ്ടാപ്രാണിക്ക് ഉണ്ണിക്കുട്ടൻ എത്ര ജീവനാണ് എന്ന് എല്ലാവരും തിരിച്ചറിയുന്നത്. വൈറലായതോടെ ഉണ്ണിക്കുട്ടനെ സ്കൂളിൽ ഒരു പേര് വീണു- പോത്ത് കുട്ടി. ആ വിളി ഉണ്ണിക്കുട്ടനും ഇഷ്ടമായി. ശങ്കരനെ കാണാൻ നിരവധി ആളുകളാണ് ഇന്ന് ഉണ്ണിക്കുട്ടന്റെ വീട്ടിലെത്തുന്നത്. പട്ടി, പൂച്ച. കിളികൾ അങ്ങനെ അവന് സമ്മനമായി ലഭിക്കുന്നതൊക്കെ പുതിയ കൂട്ടുകാരെയും. സുമനസ്സുകളുടെ സഹായത്തോടെ ശങ്കരനുള്ള തൊഴുത്തും റെഡിയായി. 

unique-bond-between-athul-krishna-and-a-buffalo-called-shankaran3
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

ശങ്കരനായി പലരും ലക്ഷങ്ങൾ വിലപറഞ്ഞു. അവരോട് ഉണ്ണിക്കുട്ടൻ തനിക്ക് ശങ്കരൻ ആരാണെന്നുള്ള മറുപടി നൽകി. നാലര സെന്റിലെ ചെറിയവീട്ടിലും ശങ്കരനാണ് തന്റെ ഏറ്റവും വലിയ സ്വത്തെന്ന് ഉണ്ണിക്കുട്ടൻ വിശ്വസിക്കുന്നു. അവരുടെ സ്നേഹം കണ്ട് ഇപ്പോഴാരും വിലപറയാൻ പോലും മടിക്കുന്നു. ശങ്കരനെ ഒരിക്കലും വിൽക്കില്ലെന്ന് ഉണ്ണിക്കുട്ടൻ ഉറപ്പിച്ച് പറയുന്നു.

unique-bond-between-athul-krishna-and-a-buffalo-called-shankaran1
ശങ്കരനൊപ്പം അതുൽ കൃഷ്ണൻ. ചിത്രം. ജസ്റ്റിൻ ജോസ്

സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന് തെളിയിക്കുകയാണ് ഉണ്ണിക്കുട്ടനും ശങ്കരനും. സഹജീവികളെ സ്നേഹിക്കാൻ മറന്നു പോകുന്നവർക്ക് ഇവർ ഒരു പാഠപുസ്തകമാണ്. ഉണ്ണിക്കുട്ടന് ഇനി ഒരൊറ്റ ആ​ഗ്രഹമാണുള്ളത്.. സുരേഷ് ​ഗോപിയെ ഒന്ന് കാണണം. ശങ്കരനൊപ്പം നിർത്തി ഒരു ഫോട്ടോയെടുക്കണം

Content Summary : Unique bond between Athul Krishna and a buffalo called Shankaran

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA