നഗരമെന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഒരു ജനത നെഞ്ചിലേറ്റിയ കളിയാണ് ക്രിക്കറ്റ്. ഇത്രയേറെ ആരാധകരുള്ള ഒരു കളി നമ്മുടെ രാജ്യത്തു വേറെയുണ്ടോ എന്നുതന്നെ സംശയമാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ കാണുകയും കളിക്കുകയും ചെയ്യുന്ന ക്രിക്കറ്റ് നമ്മുടെ വരും തലമുറയുടെ കയ്യിലും സുരക്ഷിതമാണെന്ന് പറയുകയാണ് ഒരു വിഡിയോ പങ്കുവെച്ചു കൊണ്ട് അമിതാഭ് ബച്ചൻ. മികച്ച ഫൂട്ട് വർക്കോടെ എല്ലാ ഷോട്ടുകളും മാറിമാറി കളിക്കുന്ന ആ കൊച്ചുമിടുക്കന്റെ വിഡിയോ കണ്ടവരെല്ലാം അവനെ അഭിനന്ദങ്ങൾ കൊണ്ടുമൂടുകയാണ്.
കാണുന്നവരിൽ അദ്ഭുതം ജനിപ്പിക്കുന്നത്രയും ഭംഗിയായാണ് അവൻ ഓരോ ഷോട്ടുകളും കളിക്കുന്നത്. കവർ ഡ്രൈവും സ്ട്രൈറ്റ് ഡ്രൈവും പുൾ ഷോട്ടും ഹുക്കും എന്തിനു മഹേന്ദ്ര സിങ് ധോണിയുടെ അതിപ്രശസ്തമായ ഹെലികോപ്റ്റർ ഷോട്ട് വരെ ആ കൊച്ചുബാലന്റെ കയ്യിൽ സുരക്ഷിതമാണ്. മനോഹരവും മികവാർന്നതുമായ ആ കളി കണ്ടാണ് സാക്ഷാൽ ബിഗ് ബി പോലും കുട്ടിയുടെ കളി മികവിനെ പ്രകീർത്തിച്ച് തന്റെ ഇൻസ്റാഗ്രാമിലൂടെ ആ വിഡിയോ പങ്കുവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണ് എന്ന തലക്കെട്ടും നൽകിയിരുന്നു ബച്ചൻ.
ഭാവിയിലെ വിരാട് കോലിയെന്നും അടുത്ത തലമുറയിലെ താരമെന്നുമൊക്കെ കുട്ടിയെ പ്രശംസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. എന്നാൽ കുട്ടി ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും ധാരാളം പേർ വിഡിയോയ്ക്കു താഴെ കമെന്റ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ വിഡിയോ 14.5 ദശലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 2 ദശലക്ഷം പേർ ലൈക് ചെയ്യുകയും ഏകദേശം രണ്ടുലക്ഷത്തോളം പേർ വിഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Content Summary : Amitabh Bachchan share a little boy's batting video