മലപ്പുറം : കാണുന്നവർ ചോദിക്കും– ‘എന്താ മോളുടെ പേര്?’. കുട്ടിയുടെ മറുപടി: ‘ഞാൻ മോളല്ല, മോനാണ്. പേര് അമ്പു!’ഇതു പടിഞ്ഞാറ്റുമുറി മരുക്കാട് ബിജു–വിജി ദമ്പതികളുടെ രണ്ടാമത്തെ മകൻ അമ്പു എന്ന അഭിനന്ദ്. 4 വയസ്സായിട്ടും ഇതുവരെ ഒരിക്കൽ പോലും മുടി വെട്ടിയിട്ടില്ല. ഒറ്റ കാരണമേയുള്ളൂ. കുട്ടിയുടെ ആദ്യം മുറിക്കുന്ന മുടി അർബുദ രോഗികൾക്കു ദാനം ചെയ്യണമെന്ന മാതാപിതാക്കളുടെ ആഗ്രഹം. ജൂണിൽ പ്രീപ്രൈമറി സ്കൂളിൽ ചേർക്കുന്നതിന്റെ മുന്നോടിയായി മുടി വെട്ടി ആഗ്രഹം പൂർത്തിയാക്കാനൊരുങ്ങുകയാണിവർ. അമ്മ വിജിയും അനിയത്തി വീണയും ഇരുവരുടെയും അമ്മ നിർമലയും നേരത്തേ ഇത്തരത്തിൽ മുടി മുറിച്ചു ദാനം ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച മുടി മുറിക്കാനാണു തീരുമാനം.
പ്രസവ സമയത്ത് ഒട്ടേറെ സങ്കീർണതകളിലൂടെ കടന്നുപോകേണ്ടി വന്നപ്പോൾ കുഞ്ഞിനെ പഴനിയിൽ കൊണ്ടു പോയി മൊട്ടയടിക്കാമെന്നു മാതാപിതാക്കൾ നേർച്ച നടത്തിയിരുന്നു. എന്നാൽ പോകാനുദ്ദേശിച്ച സമയത്തു ലോക്ഡൗൺ വന്നതു കാരണം യാത്ര നീണ്ടു. ഇതിനിടയിലാണ് അമ്മയുൾപ്പടെയുള്ളവർ മുടിദാനം ചെയ്തത്. ഇതോടെയാണ് മകന്റെ മുടിയും ഇത്തരത്തിൽ ദാനം ചെയ്യാമെന്നു തീരുമാനിച്ചത്. മുടി 30 സെന്റിമീറ്ററിൽ കൂടുതൽ വളരാൻ കാത്തുനിന്നതു മൂലമാണു ദാനം ചെയ്യാൻ നീണ്ടതെന്നു വിജി പറഞ്ഞു. ജലദോഷം വന്നപ്പോൾ ഡോക്ടർമാർ മുടി മുറിക്കാൻ നിർദേശിച്ചിരുന്നെങ്കിലും, ആഗ്രഹം പറഞ്ഞപ്പോൾ അവരും പിന്തുണച്ചു. മുടി മുറിച്ചു ദാനം ചെയ്ത ശേഷം പഴനിയിൽ പോയി നേർച്ച പൂർത്തിയാക്കും.
Content Summary : Ambumon long hair and the secret behind it