തന്റെ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. നിർധനരായ കുട്ടികൾക്കായുള്ള ഷെൽട്ടർ ഹോമായ ‘ഏഞ്ചൽസ് ഹട്ടി’ലെ കുട്ടികൾക്കൊപ്പമായിരുന്നു ഇത്തവണ താരത്തിന്റെ പിറന്നാൾ. ഈ കുരുന്നുകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയായിരുന്നു. "HUM ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കൊച്ചു മാലാഖമാരുടെ അനുഗ്രഹത്തോടെ ഒരു എളിയ ജന്മദിനാഘോഷം! ഈ പ്രോജക്റ്റ് അധഃസ്ഥിത സമൂഹത്തിലെ പെൺകുട്ടികളെ പരിപോഷിപ്പിക്കുകയും മികച്ച ഭാവിക്കായി അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു. ഈ ദിവസത്തിന് നന്ദി, സോൺ എടമുട്ടത്ത്!"

മെയ് 21 നായിരുന്നു താരത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ. താരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ ആശംസകളാൽ നിറഞ്ഞിരിക്കുകയാണ്. സൂപ്പർ താരത്തിന്റെ വ്യത്യസ്തമായ ഈ പിറന്നാൾ ആഘോഷത്തിന്. നിറയെ ലൈക്കുകളും കമന്റുകളുമാണ്. മോഹൻലാൽ കേക്ക് മുറിക്കുന്നതും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതും ചിത്രങ്ങളിൽ കാണാം.
കഴിഞ്ഞ വർഷം, ഒരു എൻജിഒ സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ പങ്കെടുത്ത 20 നിരാലംബരായ കുട്ടികൾക്കൊപ്പവും താരം സമയം ചെലവഴിച്ചിരുന്നു. ആദിവാസി ഊരിലെ കുട്ടികൾക്കാണ് സംഘടന വിദ്യാഭ്യാസം നൽകുന്നത്. മോഹൻലാൽ അവർക്കൊപ്പം പാട്ടുകൾ പാടി, കേക്ക് മുറിച്ചാണ് ആ ദിനം ആഘോഷിച്ചത്.
Content Summary : Mohanlal celebrates his birthday with the kids in shelter home