തൈമൂർ അലി ഖാൻ ആലിയ ഭട്ടിനേയും കുഞ്ഞ് രാഹയേയും യാത്രയാക്കുന്ന മനോഹരമായൊരു വിഡിയോയാണിത്. കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ തൈമൂറിനു സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. അതുകൊണ്ടു തന്നെ മകന്റെ ചിത്രം എപ്പോൾ പങ്കുവെച്ചാലും സമൂഹമാധ്യമങ്ങളിലത് വൈറലാണ്. കഴിഞ്ഞ ദിവസവും തൈമൂറിന്റെ ഒരു വിഡിയോ ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. പാപ്പരാസികൾ പകർത്തിയ ആ വിഡിയോയിൽ തൈമൂർ മാത്രമല്ല, ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും മകളായ റാഹയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലിയയും മകൾ റാഹയും കരീനയുടെ ബാന്ദ്രയിലെ വീട്ടിൽ സന്ദർശനത്തിനെത്തിയത്. തൂവെള്ള നിറത്തിലുള്ള, ഒരേപോലുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരുന്നത്. താരസുന്ദരിയെയും മകളെയും പാപ്പരാസികളുടെ ക്യാമറകൾ ഒപ്പിയെടുത്തെങ്കിലും സോഷ്യൽ ലോകത്തിന്റെ കണ്ണുടക്കിയത് തൈമൂറിലായിരുന്നു. ആലിയയും മകളും കരീനയുടെ വീട്ടിൽ നിന്നും സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ കസിനോട് യാത്ര പറയുന്ന തൈമൂർ സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നു എന്നുതന്നെ പറയാം. കാറിനരികിൽ നിന്നും ബൈ പറയുന്ന തൈമൂറിനെ നാനി എടുത്തുയർത്തുകയും വീണ്ടും സ്നേഹത്തോടെ യാത്ര പറയുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.
ആരോ പകർത്തി പങ്കുവെച്ചിരിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ കണ്ടതോടെ ധാരാളം ആരാധകരാണ് ''സൊ ക്യൂട്ട്'' എന്ന കമെന്റുമായി എത്തിയത്. ''മധുരമായ കുടുംബ നിമിഷങ്ങൾ'' എന്നാണ് ആ കുടുംബ സംഗമത്തിന് മറ്റൊരാളുടെ കമെന്റ്. ചുവന്ന ഹൃദയ ചിഹ്നത്തിന്റെ ഇമോജികൾ വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയവരും ഒട്ടും കുറവല്ല. ആലിയയ്ക്കും രൺബീറിനും കഴിഞ്ഞ നവംബറിലാണ് റാഹ ജനിച്ചത്.
Content Summary : Taimur Ali Khan bidding goodbye to Aalia Bhatt and baby Raha