'ഓഗസ്റ്റ് മാജിക്' പങ്കുവച്ച് പ്രിയങ്ക ചോപ്ര; ആരാധകരുടെ ഹൃദയം കവർന്ന് മാൾട്ടി മേരി

Mail This Article
തിരക്കുകൾ എത്രയുണ്ടെങ്കിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ വേണ്ടുവോളം സമയം കണ്ടെത്തുന്ന ഭാര്യയും അമ്മയുമാണ് പ്രിയങ്ക ചോപ്ര. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തന്നെ മനസിലാകും മകൾ മാൾട്ടി മേരിയും ഭർത്താവ് നിക്ക് ജോനാസും കഴിഞ്ഞേയുള്ളു ബാക്കി എല്ലാമെന്ന്. അവധി ദിനങ്ങൾ ഇരുവർക്കുമൊപ്പം ചെലവഴിക്കുന്നതിന്റെ മനോഹര ചിത്രങ്ങളാണ് പ്രിയങ്ക ആരാധകർക്കായി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 'ഓഗസ്റ്റ് മാജിക്' എന്നാണ് ഒരുപിടി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചത്.

ഓഗസ്റ്റ് മാസത്തിൽ മകൾക്കും ഭർത്താവിനുമൊപ്പം ചെലവഴിച്ച മുഹൂർത്തങ്ങൾ എല്ലാം തന്നെയും മനോഹരമായ ചിത്രങ്ങളാക്കിയിട്ടുണ്ട് പ്രിയങ്ക. പങ്കുവെച്ച ആദ്യത്തെ ചിത്രങ്ങളിൽ നിക്കിനെയും പ്രിയങ്കയെയും കാണാമെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ മകൾ മാൾട്ടി മേരിയാണ് ആരാധകരുടെ ഹൃദയം കവർന്നത്. ഒരു പാവയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രത്തിൽ അവളുടെ അതേ വസ്ത്രങ്ങളാണ് പാവയും അണിഞ്ഞിരിക്കുന്നത്. അടുത്ത ചിത്രത്തിൽ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നിൽക്കുന്ന മാൾട്ടിയെ കാണാം. പേരിനെ സൂചിപ്പിക്കുന്ന എം എന്ന അക്ഷരമുള്ള ഒരു ജാക്കറ്റാണ് അതിൽ കുട്ടിയുടെ വേഷം. മകളെ എടുത്തു നിൽക്കുന്ന പ്രിയങ്കയുടെ ഒരു ക്യാൻഡിഡ് ചിത്രമാണ് അടുത്തത്. എന്നാൽ ഈ ചിത്രങ്ങളിലൊന്നുമല്ല ആരാധകരുടെ കണ്ണുടക്കിയത്. ഒരു കുട്ടയിൽ ഇരുത്തിയ മാൾട്ടിയെ എടുത്തു കൊണ്ടുപോകുന്ന നിക്കിന്റെ ചിത്രമാണ് ഏറെ രസകരമെന്നു കമന്റുകൾ സൂചിപ്പിക്കുന്നു.
പ്രിയങ്ക പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സ്നേഹം ചൊരിഞ്ഞു കൊണ്ടുള്ള ധാരാളം കമെന്റുകൾ കാണുവാൻ കഴിയും. നിക്ക് മകളെ കുട്ടയിൽ എടുത്തു കൊണ്ടുപോകുന്നചിത്രം ക്യൂട്ട് ആണെന്നു ചിത്രത്തിന് താഴെ ഒരാൾ കുറിച്ചപ്പോൾ പങ്കുവെച്ച ചിത്രങ്ങളെല്ലാം ഏറെ ഭംഗിയുള്ളതാണെന്നും കുടുംബത്തിനൊപ്പമുള്ള വളരെ അമൂല്യമായ നിമിഷങ്ങളാണ് ഇതെന്നുമാണ് മറ്റൊരാളുടെ അഭിപ്രായം. വാക്കുകൾക്കുമപ്പുറം ഇതേറെ സൗന്ദര്യമുള്ളതാണെന്നാണ് ഒരു ആരാധകന്റെ ഭാഷ്യം.
Content Highlight - Priyanka Chopra | August Magic | Wife and mother | Family moments | Nick Jonas | Celebrity Kids | KIds Club | Viral Photo