വിശക്കുന്നവനു ഭക്ഷണം നൽകുക എന്നതിനോളം പുണ്യമുള്ള മറ്റൊരു കർമവുമില്ല. നിറമോ ജാതിയോ വേഷമോ ഒന്നും അവിടെ അതിർവരമ്പുകൾ ആകേണ്ട കാര്യവുമില്ല. ഇത്തരം കരുണയുടെ കാഴ്ചകൾ നാം നിരവധി കണ്ടിട്ടുണ്ട്. അത്തരത്തിലൊരു ഹൃദയം തൊടുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തു നിന്നും കയ്യടികൾ ലഭിച്ചത്. ഒരു ചെറിയ പെൺകുട്ടിയുടെ കരുണാദ്രമായ മനസും പ്രവർത്തിയും കാണുന്നവരുടെയെല്ലാം മനസ് നിറയ്ക്കുക തന്നെ ചെയ്യും.
സ്കൂൾ യൂണിഫോമിലാണ് ആ കൊച്ചുപെൺകുട്ടി. തനിക്കു കഴിക്കാനായി കൊണ്ടുപോകുന്ന ഭക്ഷണവും വെള്ളവും യാതൊരു മടിയും കൂടാതെയാണ് അവൾ അന്ധനായ ഒരു യാചകന് വെച്ച് നീട്ടുന്നത്. വെറുതെ കഴിയ്ക്കാൻ കൊടുത്തിട്ടു പോകുകയല്ല അവൾ ചെയ്യുന്നത്. കണ്ണ് കാണാത്ത ആളായത് കൊണ്ടുതന്നെ അയാളുടെ കൈകളിൽ ഭക്ഷണം വെച്ച് കൊടുത്തതിന് ശേഷം, സാൻഡ്വിച്ച് പൊതിഞ്ഞിരിക്കുന്ന പേപ്പർ മാറ്റി അയാളുടെ വായിൽ വച്ചു കൊടുക്കുന്നതും ഭക്ഷണം കഴിച്ചതിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന വെള്ളം കൂടി കുടിക്കാനായി നൽകുന്നുമുണ്ട്. ഒടുവിൽ അയാളുടെ കയ്യിൽ പിടിച്ചു യാത്ര കൂടി പറഞ്ഞു കൊണ്ടാണ് അവൾ മടങ്ങുന്നത്.
ഈ കാഴ്ച കാണുന്നവരുടെ കണ്ണുകൾ നിറഞ്ഞാലും അത്ഭുതപ്പെടാനില്ല. അത്രമേൽ ഹൃദയത്തെ തൊട്ടുവെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്നുമുള്ള പ്രതികരണം. ഒരു രാജകുമാരിയെയാണ് അവളുടെ അമ്മ വളർത്തിയിരിക്കുന്നതെന്ന് ഒരാൾ വിഡിയോയുടെ താഴെ കുറിച്ചപ്പോൾ ഇതാണ് യഥാർഥത്തിലുള്ള വിദ്യാഭ്യാസം എന്നാണ് മറ്റൊരാളുടെ പ്രതികരണം. എല്ലാവരും ഇതുപോലെ മക്കളെ വളർത്തിയാൽ രാജ്യത്തു ഒരാളും വിശന്നുകൊണ്ടു ഉറങ്ങേണ്ടി വരികയില്ലെന്നു പ്രതികരിച്ചവരെയും കമന്റ് ബോക്സിൽ കാണാവുന്നതാണ്.
Content Highlight – Children feeding the hungry | Compassionate acts by children | Heartwarming sight of a girl feeding a blind beggar | Teaching children empathy through acts of kindness | Impact of raising children with a giving mindset | Viral Video | Kids Club