ADVERTISEMENT

'നചികേത്... റെഡ് ഏതാണ്? അമ്മയ്ക്ക് കാണിച്ചു തരൂ...'' കയ്യിലുള്ള ഫ്ളാഷ് കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി അമ്മ ചോദിക്കേണ്ട താമസം കുഞ്ഞു നചികേത് രണ്ടു കൈകളിലേക്കും മാറി മാറി നോക്കി ചുവന്ന നിറമുള്ള കാര്‍ഡ് കയ്യെത്തി പിടിക്കും. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് നചികേത് ആര്യന്‍ ആദ്യമായി നിറങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ഇപ്പോള്‍ നിറങ്ങള്‍ മാത്രമല്ല, പക്ഷികള്‍, മൃഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി 65ല്‍ പരം വസ്തുക്കള്‍ ഫ്‌ളാഷ് കാര്‍ഡുകളില്‍ ഈ കുഞ്ഞുവാവ തിരിച്ചറിയും. ചിലപ്പോള്‍ കളിയുടെ ഇടയില്‍ കാര്‍ഡിലേക്ക് നോക്കുക പോലും ചെയ്യാതെ അമ്മയെ വട്ടം ചുറ്റിക്കാറുണ്ടെങ്കിലും അമ്മയുടെ ചോദ്യത്തിന് ചിരിയോടൊപ്പം ശരിയായ ഉത്തരം കൂടി നചികേത് നല്‍കും. 

 

incredible-baby-nachiket-ecognizes-colors-and-more-at-just-nine-months-old
നചികേത് ആര്യന്‍

എറണാകുളം, പൂക്കാട്ടുപടി സ്വദേശികളും മാധ്യമപ്രവര്‍ത്തകരുമായ ലക്ഷ്മി നാരായണന്റെയും ദിപിന്‍ ദാമോദരന്റേയും മകനാണ് നിലവില്‍ പത്ത് മാസക്കാരനായ നചികേത് ആര്യന്‍. സ്ഥിരം കളിക്കാനായി എടുക്കുന്ന  നീല, ചുവപ്പ് നിറങ്ങളിലുള്ള രണ്ട് പന്തുകളില്‍ എപ്പോഴും നീല പന്തിനോട് കുഞ്ഞിന് പ്രത്യേക താല്‍പര്യമായിരുന്നു. നീല നിറത്തിലുള്ള വസ്തുക്കള്‍ തുടര്‍ച്ചായി കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് നിറങ്ങളോട് താല്‍പര്യമുണ്ടോ എന്ന സംശയം മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്നത്. 

 

ഫ്ലാഷ് കാര്‍ഡുകളിലൂടെ ഒരു ശ്രമം എന്ന നിലക്ക് നിറങ്ങളെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തിയ നിറങ്ങളെല്ലാം തന്നെ അമ്മയെ അത്ഭുതപ്പെടുത്തിക്കൊണ്ട് നചികേത് പഠിച്ചെടുത്തു. രണ്ട് നിറങ്ങള്‍ ഒരുമിച്ച് കാണിച്ച് ബ്ലൂ ഏതാണെന്നോ റെഡ് ഏതാണെന്നോ ചോദിച്ചാല്‍ നചികേത് ശരിയായ നിറം കൈകൊണ്ടെടുക്കും. ഇതിൽ കൗതുകം തോന്നിയ അമ്മ ആ വിഡിയോ നചികേതിന്റെ പ്രിയപ്പെട്ട ഡോക്റ്റര്‍ ആന്റിക്ക് അയച്ചു കൊടുത്തപ്പോഴാണ്, സാധാരണയായി 18 മാസം പ്രായത്തിലാണ് കുട്ടികളില്‍ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് വികസിക്കുന്നത് എന്നും 9  മാസത്തില്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു എങ്കില്‍ കുഞ്ഞുവാവ ആളൊരു മിടുക്കന്‍ തന്നെ എന്നും ഡോക്റ്റര്‍ ആന്റി പറയുന്നത്. 

 

incredible-baby-nachiket-ecognizes-colors-and-more-at-just-nine-months-old
നചികേത് അച്ഛനും അമ്മയ്ക്കുമൊപ്പം

അതോടെ അമ്മ ലക്ഷ്മിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. കളിയുടെ ഭാഗമായി തന്നെ കൂടുതല്‍ നിറങ്ങള്‍ കുഞ്ഞിന് പരിചയപ്പെടുത്തി. നിലവില്‍ 12 നിറങ്ങള്‍ നചികേത് തിരിച്ചറിയും. വെള്ള, സില്‍വര്‍, ഗ്രേ തുടങ്ങി മുതിര്‍ന്നവര്‍ക്ക് പോലും പരസ്പരം മാറി പോകുന്ന നിറങ്ങള്‍ വരെ നചികേത് ആര്യന്‍ കൃത്യമായി തൊട്ട് കാണിക്കും. നിറങ്ങള്‍ എല്ലാം കൃത്യമായി തൊട്ട് കാണിക്കാന്‍ കഴിഞ്ഞതോടെയാണ് മൃഗങ്ങള്‍, പക്ഷികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൂടി പരിചയപ്പെടുത്തിയത്. 16 മുതൽ 19 മാസം വരെ പ്രായം ആകുമ്പോഴാണ് സാധാരണയായി പഴങ്ങളും പച്ചകറികളുമെല്ലാം കുഞ്ഞുങ്ങൾ തിരിച്ചറിയുക.

 

കുഞ്ഞുവാവ ഇതുവരെ പിച്ചവച്ച് തുടങ്ങിയിട്ടില്ല എങ്കിലും അമ്മ പരിചയപ്പെടുത്തുന്ന വസ്തുക്കള്‍ എല്ലാം മനസിലാക്കി തിരിച്ചറിയുന്നുണ്ട്. നിലവില്‍ നിറങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി 65ലധികം വസ്തുക്കള്‍ ഫളാഷ് കാര്‍ഡുകളുടെ സഹായത്തോടെ ഈ കുഞ്ഞുവാവ തിരിച്ചറിയും.  പച്ചക്കറികളും പഴങ്ങളും കാര്‍ഡുകളില്‍ മാത്രമല്ല, അടുക്കളയില്‍ പോയും കൃത്യമായി കണ്ടെത്തും. 

 

'നചികേത് വര്‍ത്തമാനം പറയാനും നടക്കാനും ഒന്നും തുടങ്ങിയിട്ടില്ല, എന്നാലും നമ്മള്‍ പറയുന്നത് എല്ലാം അവന് മനസിലാകുന്നുണ്ട്. വസ്തുക്കള്‍ തിരിച്ചറിയാന്‍ അവന് കഴിയും എന്ന് മനസിലാക്കിയത് വീട്ടിലെ പെറ്റ്‌സിനോടുള്ള അവന്റെ സമീപനം കണ്ടിട്ടാണ്. രാമു എന്ന പൂച്ചയുമായും ഹാച്ചിക്കോ, ജാബാലി എന്നിങ്ങനെ രണ്ട് നായകുട്ടികളുമായാണ് നചികേതിന്റെ പ്രധാന കൂട്ട്. ഇതില്‍ രാമു ആരാണ് ഹാച്ചിക്കോയും ജബാലിയും ആരാണ് എന്നുമൊക്കെ ഒന്‍പതാം മാസത്തിന്റെ ആരംഭത്തില്‍ തന്നെ നചികേത് തിരിച്ചറിഞ്ഞിരുന്നു. ഈ ഒരു എബിലിറ്റി ആണ് നിറങ്ങളിലും മറ്റ് വസ്തുക്കളിലും ഞങ്ങള്‍ പരീക്ഷിച്ചത്,'' നചികേതിന്റെ അമ്മ ലക്ഷ്മി പറയുന്നു. 

 

പരമാവധി രണ്ട് മിനുട്ടാണ് ഒരേ വിഷയത്തില്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുക. അതിനാല്‍ തന്നെ വാവയുടെ താല്പര്യവും ഇഷ്ടവും നോക്കി കളികള്‍ക്ക് ഇടയിലൂടെയാണ് പുതിയ കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നത്. നിലവില്‍ വീട്ടിലെ വിവിധ വസ്തുക്കള്‍ തൊട്ട് കാണിക്കാന്‍ ശീലിക്കുകയാണ് നചികേത് വാവ. 

 

വസ്തുക്കള്‍ തിരിച്ചറിയാനും ഓര്‍മയില്‍ സൂക്ഷിക്കാനുമുള്ള നചികേതിന്റെ ഈ കഴിവ് കണ്ട് വിഡിയോ തെളിവുകളോടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് അപേക്ഷിച്ചെങ്കിലും അഭിനന്ദന കത്തോടെ ലഭിച്ച മറുപടി ഒന്നര വയസൊന്നു തികഞ്ഞോട്ടെ എന്നായിരുന്നു. ഒന്നര വയസ് പൂര്‍ത്തിയായ കുട്ടികളെ മാത്രമേ ഏഷ്യ ബുക്‌സ് ഓഫ് റെക്കോഡ്‌സിലേക്ക് പരിഗണിക്കുകയുള്ളൂ. നിലവില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി മറുപടിക്കായി കാത്തിരിക്കുകയാണ് നചികേത് ആര്യന്‍.

Content Highlight – Baby recognition skills ​| Early color recognition in babies | Flash cards for baby learning | Baby development milestones | Early object recognition in infants

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com