ഉത്തരം കോപ്പിയടിക്കാൻ ആവശ്യപ്പെട്ട ക്ലാസ് ടീച്ചർ; അതു ചെയ്യാൻ കൂട്ടാക്കാതെയിരുന്ന ഗാന്ധിജി
Mail This Article
കുട്ടിക്കാലത്ത് വളരെ നാണക്കാരനായ ഒരു വിദ്യാർഥിയായിരുന്നു ഗാന്ധിജി. വൈകിട്ടത്തെ സ്‌കൂൾ ബെല്ലടിച്ചാൽ തന്‌റെ പുസ്തകക്കെട്ടുകളുമെടുത്ത് അദ്ദേഹം വീട്ടിലേക്കു തിരക്കിട്ടു പോകും. മറ്റുള്ള വിദ്യാർഥികൾ കൂടിനിന്ന് വർത്തമാനം പറയുകയും കളിക്കുകയുമൊക്കെ ചെയ്യുന്ന സമയത്തായിരുന്നു ഇത്. ഗാന്ധിജി ഇതിലൊന്നും പങ്കെടുക്കാതെ നേരെ വീട്ടിലേക്കു പോകാൻ വ്യഗ്രതപ്പെട്ടു. സഹപാഠികൾ തന്നെ തടഞ്ഞുനിർത്തുമെന്നും കളിയാക്കുമെന്നുമൊക്കെയായിരുന്നു കൊച്ചു മോഹൻദാസിന്റെ പേടി.
അക്കാലത്ത് ഗാന്ധിജി പഠിച്ചതുൾപ്പെടെ മേഖലയിലെ സ്‌കൂളുകളുടെയെല്ലാം ഇൻസ്‌പെക്ടർ ബ്രിട്ടിഷുകാനായ ഗൈൽസ് ആയിരുന്നു. സ്‌കൂളുകളുടെ പഠനനിലവാരം പരിശോധിക്കാനായി സ്‌കൂൾ ഇൻസ്‌പെക്ടർമാർ വിദ്യാലയങ്ങൾ സന്ദർശിച്ചിരുന്നു.
ഇത്തരമൊരു സന്ദർശനത്തിന്റെ ഭാഗമായി ഗൈൽസ് ഗാന്ധിജിയുടെ വിദ്യാലയത്തിലെത്തി. 5 വാക്കുകൾ വിദ്യാർഥികൾക്കായി ഉറക്കെ വായിച്ച ഗൈൽസ് അതിന്‌റെ സ്‌പെല്ലിങ് എഴുതാൻ ആവശ്യപ്പെട്ടു. 4 വാക്കുകൾ ഗാന്ധിജി ശരിയായി എഴുതി. എന്നാൽ കെറ്റിൽ എന്ന അഞ്ചാമത്തെ വാക്കിന്റെ സ്‌പെല്ലിങ് കൃത്യമായി എഴുതാൻ ഗാന്ധിജിക്ക് സാധിച്ചില്ല.
അപ്പുറത്തുള്ള വിദ്യാർഥിയുടെ പേപ്പറിൽ നിന്ന് ഈ സ്‌പെല്ലിങ് നോക്കിയെഴുതാൻ ക്ലാസ് ടീച്ചർ ഗാന്ധിജിയെ കണ്ണുകാണിച്ചു. എന്നാൽ ഗാന്ധിജി അതിനു കൂട്ടാക്കിയില്ല. താമസിയാതെ ഇൻസ്‌പെക്ടർ ഗൈൽസ് സ്‌കൂളിൽ നിന്നു സന്ദർശനം പൂർത്തിയാക്കി മടങ്ങി. കോപ്പിയടിക്കാൻ താൻ പറഞ്ഞതു കേൾക്കാത്തതിന് ക്ലാസ് ടീച്ചർ ഗാന്ധിജിയെ ശകാരിച്ചു.
എങ്കിലും വൈകിട്ട് വീട്ടിലേക്കു പോയപ്പോൾ വളരെ സന്തോഷചിത്തനായാണു ഗാന്ധിജി പോയത്. ശരിയായ കാര്യം തന്നെയാണ് താൻ ചെയ്തതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യസന്ധതയും മൂല്യബോധവും ഉയർന്ന അളവിൽ ഗാന്ധിജി നേടിയിരുന്നു.
Content Highlights: Gandhiji | School | Manorama News