‘ഇങ്ങനെ കരഞ്ഞാൽ അസുഖം വരും, വയ്യാതെ വന്നാൽ ചോറുണ്ണാൻ പറ്റില്ല കഞ്ഞി കുടിക്കേണ്ടി വരും’

Mail This Article
ജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു ഒരുപാട് തവണ പറഞ്ഞു പഠിച്ചിട്ടുണ്ടെങ്കിലും ചില തോൽവികൾ സമ്മാനിക്കുന്ന ചെറുനീറ്റലുകൾക്ക് ആഴം കൂടുതലായിരിക്കും. ഓട്ടമത്സരത്തിൽ പരാജയപ്പെട്ട കൂട്ടുകാരി കരയാതിരിക്കാൻ ആശ്വസിപ്പിക്കുന്ന കൂട്ടുകാരുടെ വിഡിയോ കണ്ടാൽ ആ ചെറിയ പരാജയത്തിന് മധുരമേറെയുണ്ടെന്നു കാഴ്ചക്കാർക്ക് തോന്നിപോകുക തന്നെ ചെയ്യും. ഒരു സഹോദരന്റെ കരുതലോടെ, സുഹൃത്തിന്റെ സ്നേഹത്തോടെയുള്ള ഉപദേശം കണ്ടു കയ്യടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
സ്കൂളിലെ സ്പോർട്സ് ഡേയോട് അനുബന്ധിച്ചു നടന്ന ഓട്ടമത്സരത്തിൽ കൂട്ടുകാരിയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. അതിൽ വിഷമിച്ചു കരയുന്ന സുഹൃത്തിനെ ആശ്വപ്പിക്കുകയാണ് സഹപാഠികളായ രണ്ടു കുട്ടികൾ. ''മത്സരമാകുമ്പോൾ എല്ലാവർക്കും ജയിക്കാൻ പറ്റോ? ചെലോരു ജയിക്കും. ചെലോരു തോൽക്കും.'' ഇങ്ങനെ കരഞ്ഞാൽ അസുഖം വരുമെന്നും. വയ്യാതെ വന്നാൽ ചോറുണ്ണാൻ പറ്റില്ലെന്നും കഞ്ഞി കുടിക്കേണ്ടി വരുമെന്നും പിന്നെ ഫ്രൂട്സും പച്ചക്കറികളുമൊക്കെ കഴിക്കേണ്ടി വരുമെന്നും പറഞ്ഞു നീളുകയാണ് കുട്ടികൾ തമ്മിലുള്ള സംഭാഷണം. ചെറിയ തോൽവികളിൽ വേദനിക്കരുതെന്നും വിഷമിക്കരുതെന്നും ഏറെ ആത്മാർത്ഥതയോടെ തങ്ങളുടെ സുഹൃത്തിനോട് പറയുന്ന ഈ കുട്ടികൾ കാണുന്നവരുടെ ഹൃദയം കീഴടക്കും.
ഇനി വരുന്ന തലമുറ വഴിതെറ്റുമെന്നു തോന്നുന്നില്ലെന്നും എത്ര വിവേകത്തോടെയാണ് സംസാരിക്കുന്നതെന്നുമാണ് വിഡിയോ കണ്ടവരിൽ നിന്നുമുള്ള പ്രതികരണം.യഥാർത്ഥ സൗഹൃദം ഇതാണെന്നും ഇത്തരത്തിലുള്ള സുഹൃത്തുക്കളെ ലഭിച്ചാൽ പിന്നെ ഒരിടത്തും പരാജയപ്പെടേണ്ടി വരില്ലെന്നുമാണ് ചിലർ കുറിച്ചിരിക്കുന്നത്. കളങ്കമില്ലാത്ത സ്നേഹമാണിതെന്ന കമെന്റും വിഡിയോയുടെ താഴെയുണ്ട്.
Content Highlight – Friend consoling | Caring advice | Dealing with failure | Friendship and support | Positive mindset | Viral Video | Kids Club | Manorama Online