‘എനിക്ക് ചുറ്റും എത്ര ഇരുട്ടായിരുന്നാലും നിന്റെ പുഞ്ചിരി അതില്ലാതാക്കും’: മകന് ആശംസകളുമായി സാനിയ

Mail This Article
ടെന്നീസ് താരമായ സാനിയ മിർസ മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചു. മകനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു കൊണ്ടാണ് സാനിയ തന്റെ സന്തോഷം സോഷ്യൽ ലോകത്തെ അറിയിച്ചത്. സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേർ സാനിയ മിർസയുടെ മകന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തിനു സന്തോഷകരമായ ജന്മദിനം എന്നെഴുതി കൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. എനിക്ക് ചുറ്റും എത്രയിരുട്ടായിരുന്നാലും നിന്റെ പുഞ്ചിരി അതില്ലാതെയാക്കുന്നു. നിന്നെ നൽകിയ സർവേശ്വരനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. നിരുപാധികമായ സ്നേഹത്തിന്റെ യഥാർത്ഥ അർഥമെന്താണെന്ന് എന്നെ കാണിച്ചുതന്നതിന് നന്ദി.എന്റെ കുഞ്ഞേ..എന്റെ ഹൃദയം എന്നും നിനക്കൊപ്പം ഉണ്ടായിരിക്കും. ഓരോ വർഷവും ഞാൻ നിന്നെ കുറച്ച് കൂടി ചേർത്തുപിടിക്കും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എന്നർത്ഥമാക്കുന്ന വരികളാണ് മകന് പിറന്നാൾ ആശംസിച്ചു കൊണ്ട് സാനിയ കുറിച്ചിരിക്കുന്നത്.
2010 ഏപ്രിൽ 12 നായിരുന്നു സാനിയ മിർസ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2018 ഒക്ടോബറിലാണ് സാനിയ്ക്കും ശുഐബിനും മകൻ ജനിച്ചത്. ഇസാൻ മിർസ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു. മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സാനിയ പങ്കുവെച്ച കുറിപ്പിന് താഴെ ബോളിവുഡ് താരം ജനീലിയ ഡിസൂസ അടക്കമുള്ളവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.