ഇന്ത്യൻ വംശജയായ ബഹുമുഖപ്രതിഭ; ലോകത്തെ വിസ്മയിപ്പിക്കുന്ന കുട്ടിശാസ്ത്രജ്ഞ ഗീതാഞ്ജലി

Mail This Article
ത്വക്കിൽ ബാധിക്കുന്ന കാൻസർ ചെറുക്കാൻ സോപ്പു കണ്ടെത്തിയ യുഎസ് ബാലനെക്കുറിച്ച് വായനക്കാർ അറിഞ്ഞിരിക്കുമല്ലോ. ഫെയർഫാക്സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡിൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെർമൻ ബെക്കലേ (14) ആണ് ശ്രദ്ധേയനായിരിക്കുന്നത്. 2023 ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ച് എന്ന മത്സരത്തിൽ യുഎസിന്റെ ഏറ്റവും മികച്ച ചെറുപ്പക്കാരനായ ശാസ്ത്രജ്ഞനായി ബെക്കലേ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തന്റെ സോപ്പ് ഉപയോഗിച്ചാൽ ത്വക്കിനെ സംരക്ഷിക്കുന്ന കോശങ്ങൾക്ക് പുനരുജ്ജീവനം ലഭിക്കുമെന്നും ഇതുവഴി കാൻസറിനെ ചെറുക്കാമെന്നും ഹെർമൻ അവകാശപ്പെടുന്നു. 10 ഡോളറിൽ (830 രൂപ) താഴെ മാത്രമായിരിക്കും വില. മാസങ്ങൾ നീണ്ട കംപ്യൂട്ടർ മോഡലിങ് ഗവേഷണത്തിലൂടെയാണ് സോപ്പിന്റെ രാസഘടന ഹെർമൻ നിർണയിച്ചത്. താൻ ഇത്യോപ്യയിൽ ആയിരുന്ന സമയത്ത് അവിടത്തെ ആളുകൾ സൂര്യപ്രകാശം ഏറെ ഏൽക്കുന്നതു മൂലം ത്വക്ക് രോഗങ്ങൾക്ക് വിധേയരാകേണ്ടി വന്നതാണ് ബെക്കലേയെ ഇതിനു പ്രേരിപ്പിച്ചത്.
കുട്ടി ശാസ്ത്രജ്ഞർ കുറവല്ല. പിൽക്കാലത്ത് വലിയ പ്രതിഭകളായ പല ശാസ്ത്രജ്ഞരും കുട്ടിക്കാലത്ത് തന്നെ ശാസ്ത്രാഭിമുഖ്യം പ്രകടിപ്പിച്ചവരാണ്. 2017ൽ ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ചിൽ ഇതുപോലെ ഒരു പെൺകുട്ടിക്ക് സമ്മാനം ലഭിച്ചിരുന്നു. ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവു ആയിരുന്നു ആ പെൺകുട്ടി. വിഖ്യാത മാസികയായ ടൈമിന്റെ കവർ ചിത്രത്തിൽ ഉൾപ്പെടാനും കിഡ് ഓഫ് ദ ഇയർ എന്ന സ്ഥാനം നേടാനും ഗീതാഞ്ജലിക്ക് ഇതുവഴി സാധിച്ചു. 2021ൽ യുഎന്നിന്റെ ജനീവ ആസ്ഥാനത്ത് നടന്ന യങ് ആക്ടിവിസ്റ്റ് സമ്മിറ്റിലും ഗീതാഞ്ജലി പങ്കെടുത്തു.
കൊളറാഡോയിലെ ലോൺട്രീയിൽ ജീവിക്കുന്ന ഗീതാഞ്ജലിക്ക് ശാസ്ത്രീയ സംഗീതവും നൃത്തവും ഇഷ്ടമാണ്. ജനിതകശാസ്ത്രം, രോഗവ്യാപന ശാസ്ത്രം എന്നിവയിലേതിലെങ്കിലും തന്റെ കരിയർ വളർത്താനാണ് ഗീതാഞ്ജലിക്ക് താൽപര്യം. നാലു വയസ്സ് പ്രായമുള്ളപ്പോൾ ഒരു ബന്ധു നൽകിയ ശാസ്ത്രകിറ്റിലൂടെയാണ് ഗീതാഞ്ജലി ശാസ്ത്രത്തിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെന്നത്. പത്തുവയസ്സുള്ളപ്പോൾ ജലത്തിലെ ഈയത്തിന്റെ അളവ് പരിശോധിക്കുന്ന ഒരുപകരണം ഗീതാഞ്ജലി വികസിപ്പിച്ചു. ഈ ഉപകരണത്തിനാണ് ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ചിൽ അവാർഡ് കിട്ടിയത്. കാർബൺ നാനോട്യൂബിൽ അധിഷ്ഠിതമായിരുന്നു ഈ ഉപകരണം.
പല തവണ ടെഡ്എക്സ് മീറ്റുകളിൽ ഗീതാഞ്ജലി പ്രസംഗിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റ്ൽ പ്രൊട്ടക്ഷൻ ഏജൻസി പ്രസിഡന്റിന്റെ എൻവയോൺമെന്റൽ യൂത്ത് അവാർഡ് ഗീതാഞ്ജലി നേടി. പലവിധ മേഖലകളിലാണ് ഗീതാഞ്ജലിയുടെ സാമർഥ്യം. 2019ൽ എപിയോൺ എന്ന സംവിധാനം ഗീതാഞ്ജലി വികസിപ്പിക്കുകയും ഇതിന് ഹെൽത്ത് പില്ലർ പ്രൈസ് എന്ന അവാർഡ് ലഭിക്കുകയും ചെയ്തു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന കൈൻഡ്ലി എന്ന ആപ്പും ഗീതാഞ്ജലി വികസിപ്പിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ആപ്പാണ് ഇത്.യങ് ഇൻവെന്റേഴ്സ് ഗൈഡ് ടു സ്റ്റെം എന്ന പുസ്തകം ഗീതാഞ്ജലി എഴുതിയിട്ടുണ്ട്.