കൊച്ചിയിൽ നിന്നൊരു ‘ധോണി ഗേൾ’
Mail This Article
ക്രിക്കറ്റ് മൈതാനത്തു സഹകളിക്കാരുടെ വെല്ലുവിളിക്കു കിടിലൻ ഷോട്ടുകളിലൂടെ ഉത്തരം കൊടുക്കുന്ന ബൂസ്റ്റ് പരസ്യത്തിലെ പുതിയ ‘ധോണി ഗേൾ’ ഇങ്ങു കൊച്ചിയിൽ നിന്ന്. മഹേന്ദ്രസിങ് ധോണിയോടൊപ്പമുള്ള പരസ്യത്തിൽ തലകാണിക്കാൻ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമെല്ലാം ആളുകൾ പാഞ്ഞെത്തുന്ന കാലത്താണു തൃപ്പൂണിത്തുറക്കാരി നന്ദിനി പി.മേനോൻ ബൂസ്റ്റ് പരസ്യ പരമ്പരയിലൊന്നിൽ ധോണിയോടൊപ്പം പ്രധാന കഥാപാത്രമായെത്തിയത്.
ക്രിക്കറ്റ് അറിയാവുന്ന മോഡലിനെയാണു പരസ്യത്തിന്റെ അണിയറക്കാർ തപ്പിനടന്നത്. ആ അന്വേഷണം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമെത്തിയപ്പോൾ അപ്രതീക്ഷിതമായാണു നന്ദിനി പരസ്യത്തിന്റെ ഭാഗമായത്. ചേപ്പനം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ പ്ലസ് വൺ വിദ്യാർഥിനിയായ നന്ദിനിയുടെ ക്രിക്കറ്റ് പരിശീലന തട്ടകം കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ എസ്ജി ക്രിക്കറ്റ് സ്കൂളാണ്. ഓൾ റൗണ്ടർ മികവിൽ പെൺകുട്ടികളുടെ എറണാകുളം ജില്ലാ ക്രിക്കറ്റ് ടീമിൽ അണ്ടർ–16, 19 വിഭാഗങ്ങളിൽ ടീം അംഗമായ നന്ദിനിക്ക് അച്ഛൻ പ്രവീൺ വിശ്വമാണ് ക്രിക്കറ്റിലേക്കുള്ള വഴികാട്ടി. പ്രവീണിന്റെ സുഹൃത്തും നന്ദിനിയുടെ ക്രിക്കറ്റ് പരിശീലകനുമായ ദീപക് വഴിയാണു പരസ്യചിത്രത്തെക്കുറിച്ച് അറിയുന്നത്.
ക്രിക്കറ്റ് കളിക്കുന്നതും ഏതാനും ഡയലോഗ് പറയുന്നതുമായ വിഡിയോ ചിത്രീകരിച്ച് അയക്കാനായിരുന്നു പരസ്യ ഏജൻസിയുടെ നിർദേശം. ധോണി, ക്രിക്കറ്റ്. ഈ രണ്ടു കാരണങ്ങളാണു വിഡിയോ അയയ്ക്കാൻ കാരണം. വിളിവരുമെന്നും പ്രതീക്ഷയില്ലാത്തതിനാൽ ടെൻഷനും ഇല്ലായിരുന്നു. പരസ്യചിത്രങ്ങളിൽ മുൻപരിചയമില്ലെങ്കിലും 7 മാസം പ്രായമുള്ളപ്പോൾ മോഡലായി നന്ദിനി മുൻപു സ്റ്റാറായത് ‘വനിത’യുടെ മുഖചിത്രത്തിലാണ്.
അങ്ങനെയിരിക്കെ വിളിവന്നു. രാജസ്ഥാനിലെ പ്രസിദ്ധമായ ജോധ്പുർ മയൂർ ചോപാസ്നി സ്കൂളിന്റെ വിശാലമായ മൈതാനത്ത് സെപ്റ്റംബർ 23 മുതൽ 27 വരെയായിരുന്നു പരസ്യ ഒരുക്കങ്ങൾ. അതിൽ രണ്ടു ദിവസം ചിത്രീകരണം. സംഘത്തിൽ മലയാളിയായി നന്ദിനി മാത്രം. അതു മറ്റുള്ളവർക്ക് അദ്ഭുതമായിരുന്നു. വലിയ നഗരത്തിൽ നിന്ന് അല്ലാതിരുന്നിട്ടും എങ്ങനെയാണു പരസ്യത്തിൽ അഭിനയിക്കാൻ വന്നതെന്നായിരുന്നു പലർക്കും അറിയേണ്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നെത്തിയ സഹതാരങ്ങൾ പലരും ജോധ്പുരിലെ കൊടുംചൂടിൽ വലഞ്ഞപ്പോൾ, പാലക്കാട്ടെ ചൂടൻ മൈതാനങ്ങളിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള നന്ദിനിക്ക് അതൊരു വെല്ലുവിളിയേ ആയില്ല. സംവിധായകന്റെ നിർദേശങ്ങൾക്കനുസരിച്ച് ഉഗ്രൻ ഷോട്ടുകൾ പായിച്ചുകൊണ്ടിരുന്നു. ചെറിയ പനിക്കോളിലിരുന്ന ധോണിയെ വെയിലിൽ നിർത്തി അധികം വലച്ചതുമില്ല.
പരസ്യത്തിൽ നന്ദിനിക്കെതിരെ ബോൾ ചെയ്ത ഉത്തർപ്രദേശ് സ്വദേശി ശിവം മാത്രമാണു സഹതാരങ്ങളിൽ ക്രിക്കറ്റ് പശ്ചാത്തലമുള്ള മറ്റൊരാൾ. ബാക്കിയുള്ളവർ പരസ്യ–വെബ് സീരീസ് മേഖലകളിൽ നിന്നായിരുന്നു. മലയാളത്തിലും ഹിന്ദിയിലുമായി പരസ്യം പുറത്തുവന്നതോടെ അഭിനന്ദനങ്ങളും എത്തിത്തുടങ്ങി. നന്ദിനിയുടെ അമ്മ മഞ്ജുഷ ജെ.മേനോൻ നർത്തകിയും നൃത്താധ്യാപികയുമാണ്. ഫുട്ബോളിലാണ് സഹോദരൻ നിഖിൽ ശങ്കറിനു താൽപര്യം. എന്നാൽ, ക്രിക്കറ്റ് കളിക്കാരനായി സർവകലാശാലാതലത്തിൽ തിളങ്ങിയിരുന്ന അച്ഛന്റെ വഴിയേ മുന്നോട്ടു പോകാനാണു നന്ദിനിയുടെ തീരുമാനം.