‘ഉയിരും ഉലകും നീ തന്നെ' ; മക്കൾക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് വിക്കിയും നയൻതാരയും
Mail This Article
ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനും ഒപ്പം രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകിനും ഒപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചാണ് നയൻതാര ഭർത്താവായ വിക്കിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. ജൂൺ ഒമ്പതിന് ആയിരുന്നു തെന്നിന്ത്യൻ താര ദമ്പതികൾ വിവാഹ വാർഷികം ആഘോഷിച്ചത്.
വിഘ്നേഷിന് ആശംസകൾ അറിയിച്ചു കൊണ്ട് നയൻതാര പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കി. മക്കളായ ഉയിരിനും ഉലകിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് നയൻതാര തന്റെ പ്രിയതമന് ആശംസകൾ നേർന്നത്. 'നമുക്ക് സന്തോഷകരമായ വിവാഹവാർഷിക ആശംസകൾ. നീയാണ് മികച്ചത്, എന്റെ ഉയിരും ഉലകവും. ഞാൻ എന്നെന്നേക്കുമായി നിന്നെ സ്നേഹിക്കുന്നു' - ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് നയൻതാര കുറിച്ചു.
കുടുംബമായി അടുത്തിടെ നടന്ന യാത്രയിലെ ചിത്രങ്ങൾ ആയിരുന്നു നയൻതാര പങ്കുവെച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പം ബോട്ടിംഗ് നടത്തുന്നതും ഷോപ്പിംഗ് മാളിൽ പോയതുമായ ചിത്രങ്ങളാണ് നയൻതാര പങ്കുവെച്ചത്. അതേസമയം, വിഘ്നേഷ് ഒരു വിഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഹോംഗോങ്ങ് യാത്രയ്ക്കിടയിൽ നയൻതാരയെ വിഘ്നേഷ് എടുത്തു പൊക്കുന്ന വിഡിയോ ആരാധകരുടെയും മനം കവർന്നു. നയന്റെ പത്തു വർഷങ്ങൾ എന്നും വിക്കി നയന്റെ രണ്ടു വർഷങ്ങളെന്നും പറഞ്ഞാണ് വിഘ്നേഷിന്റെ കുറിപ്പ് തുടങ്ങുന്നത്. ഉയിരിനും ഉലകിനും ഒപ്പം നമ്മുടെ വലിയ വലിയ ആഗ്രഹങ്ങൾ സാധിക്കാൻ കഴിയട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
2022 ജൂൺ ഒമ്പതിന് ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2022 ഒക്ടോബറിൽ ഇരുവർക്കും ഉയിർ, ഉലഗ് എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. കുഞ്ഞുങ്ങൾ എത്തിയതിനു ശേഷം ഇരുവരുടെയും ജീവിതം മാറിയിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പമുള്ള എല്ലാ സന്തോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്.