ADVERTISEMENT

ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗദിനം ആചരിക്കുമ്പോള്‍ പതിവുപോലെ അച്ഛന്റെ കൂടെ യോഗ ചെയ്യുന്ന തിരക്കിലാണ് ഒന്നര വയസുകാരന്‍ നചികേത് ആര്യന്‍. പാദഹസ്താസനം മുതല്‍ പര്‍വതാസനം വരെ പലതും തന്നാലാവുംവിധം ചെയ്യും കക്ഷി. എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ നചികേത് ആര്യന് യോഗ എന്നാല്‍ ഒരു വിനോദമോ സന്തോഷമോ എന്തൊക്കെയോ ആണ്. ഏറെ ആവേശത്തോട് കൂടിയാണ് കക്ഷി എന്നും യോഗ ചെയ്യാനായി അച്ഛനൊപ്പം തയ്യാറെടുക്കുന്നത്. താന്‍ ചെയ്യുന്നതും ചെയ്യാന്‍ ശ്രമിക്കുന്നതും യോഗയാണെന്ന് മനസിലാക്കിയിട്ടോ, അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിട്ടോ ഒന്നുമല്ല നചികേത് യോഗ ചെയ്യുന്നത്. 

meet-nachiket-aryan-toddler-who-loves-yoga2
നചികേത് ആര്യൻ

മാധ്യമപ്രവര്‍ത്തകനും യോഗാധ്യാപകനുമായ അച്ഛന്‍ ദിപിന്‍ ദാമോദരനാണ് നചികേത് ആര്യന്റെ യോഗ ഗുരു. മലര്‍ന്നു കിടക്കുന്ന പ്രായം മുതല്‍ക്കേ നചികേത് അച്ഛന്റെ യോഗാഭ്യാസം കാണുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുമ്പോഴും സ്വയം പരിശീലിക്കുമ്പോഴുമെല്ലാം കുഞ്ഞു നചികേതിനെ അരികില്‍ കിടത്തി 'അമ്മ ഒന്ന് ശ്രദ്ധിച്ചേക്കണേ എന്ന് പറഞ്ഞു വീട്ടിലെ ജോലിത്തിരക്കുകളിലേക്ക് തിരിയുമായിരുന്നു. മോനെ ശ്രദ്ധിക്കാന്‍ അച്ഛനോടാണ് 'അമ്മ പറയുന്നതെങ്കിലും അച്ഛന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിച്ചത് മകനായിരുന്നു. 

meet-nachiket-aryan-toddler-who-loves-yoga1
നചികേത് ആര്യൻ

'പതിനൊന്നു മാസം പ്രായമുള്ളപ്പോഴാണ് അവന്‍ ആദ്യമായി ഒരു യോഗാസനം ചെയ്തത്. ആദ്യമായി ചെയ്തത് പര്‍വതാസനം ആയിരുന്നു. കൈകുത്തി നടു ഉയര്‍ത്തി നിന്നപ്പോള്‍ ഒരു കൗതുകത്തിനായി ഞങ്ങള്‍ ഫോട്ടോ എടുത്ത് വച്ചു. പിന്നീടാണ് അവന്‍ യോഗയും ധ്യാനവും ഒക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഞങ്ങള്‍ക്കും അതൊരു കൗതുകമായി, അതിനാല്‍ അവന് വേണ്ടി യോഗ ചെയ്ത് കാണിക്കാന്‍ തുടങ്ങി. മൂന്ന് വയസ് വരെ കുട്ടികള്‍ക്ക് നമ്മള്‍ യോഗയൊന്നും പ്രത്യേകിച്ചു പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. എല്ലാ കുട്ടികളും അറിയാതെ തന്നെ ഇതെല്ലാം ചെയ്യും. അതിനാല്‍ തന്നെ അവനെ എഫേര്‍ട്ട് എടുത്ത് പഠിപ്പിക്കുന്നൊന്നുമില്ല. എന്നാല്‍ ആസനങ്ങളുടെ പേര് പറയുമ്പോള്‍ അത് തിരിച്ചറിയാനും, യോഗ മാറ്റില്‍ നിന്ന് യോഗ നമസ്‌കാരം ഉള്‍പ്പടെ ചില കാര്യങ്ങള്‍ സിസ്റ്റമാറ്റിക്ക് ആയി ചെയ്യാനും കക്ഷി ശീലിച്ചു എന്നത് സന്തോഷം നല്‍കുന്നു. അവന്‍ ചെയ്യുന്നതത്രയും കണ്ടും കേട്ടും പഠിക്കുന്നതാണ്,'' ദിപിന്‍ പറയുന്നു.

meet-nachiket-aryan-toddler-who-loves-yoga
നചികേത് ആര്യൻ

എന്തായാലും കളി കാര്യമായി. നചികേതിന് യോഗ രസകരമായ ഒരു കളി പോലെ ശരിക്കും അങ്ങ് ഇഷ്ടമായി. ഇപ്പോള്‍ കക്ഷിയുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ യോഗയിലൂടെയാണ്. ഉണര്‍ന്നെഴുന്നേറ്റാല്‍ നേരെ ഡാഡാ.... എന്നും വിളിച്ചുകൊണ്ട് യോഗ മാറ്റ് വച്ചിരിക്കുന്നിടത്തേക്ക് കക്ഷി ഓടിയെത്തും. പിന്നെ മാറ്റ് വിരിക്കലായി, യോഗ നമസ്‌കാരം ചെയ്യലായി. ചെയ്യുന്നതില്‍ പൂര്‍ണതയുണ്ടെന്ന് പറയാനാകില്ല, ബാലാരിഷ്ടതകള്‍ ഉണ്ട്. എന്നാലും പറയുന്ന കാര്യങ്ങള്‍ മനസിലാക്കി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് കുഞ്ഞു നചികേത്. യോഗ ചെയ്യുന്നത് പോലെ തന്നെ യോഗ വിഡിയോകള്‍ കാണാനും നചികേതിന് ഇഷ്ടമാണ്. യോഗ ഒരു ജീവിതശൈലിയായി തനിയേ മാറുന്നതിന് ഈ പ്രവണത വഴിവെക്കുമെന്നാണ് നചികേതിന്റെ മാതാപിതാക്കളുടെ പ്രതീക്ഷ. 

നിലവില്‍ യോഗ നമസ്‌കാരവും പതിനൊന്നോളം യോഗാസനങ്ങളും താല്‍പ്പര്യമനുസരിച്ച് മാറ്റിലിരുന്ന് ഈ കുഞ്ഞു യോഗി ചെയ്യും. പാദ ഹസ്താസനം, ഹസ്ത ഉത്തനാസനം, ഭുജംഗാസനം, മലാസനം, ബദ്ധകോണാസനം, പര്‍വതാസനം, മാര്‍ജാരാസനം എന്നിവയെല്ലാം ഡാഡയുടെ കമാന്‍ഡ് അനുസരിച്ച് കക്ഷി എളുപ്പത്തില്‍ ചെയ്തു കാണിക്കും. പക്ഷെ എല്ലാം മൂഡനുസരിച്ചിരിക്കും എന്നു മാത്രം. സൂര്യനമസ്‌കാരത്തിന്റെ ആദ്യത്തെ 5 സ്റ്റെപ്പുകള്‍ ചെയ്യുമെങ്കിലും പിന്നെ യോഗ മാറ്റില്‍ കിടന്നു കളി തുടങ്ങും കക്ഷി. 

യോഗാഭ്യസത്തിനുള്ള പ്രായമൊന്നും ആകാത്തതിനാലും മൂന്ന് വയസുവരെയുമുള്ള പ്രായത്തില്‍ എല്ലാ കുഞ്ഞുങ്ങളും ഒട്ടുമിക്ക യോഗാസനങ്ങളും സ്വതവേ ചെയ്യുമെന്നതിനാലും നചികേത് ഇഷ്ടമുള്ള കാര്യങ്ങള്‍, ആസ്വദിച്ചു ചെയ്യട്ടെ എന്ന നിലപാടിലാണ് അച്ഛനും അമ്മയും. അവന്‍ കണ്ടും കേട്ടും പഠിക്കട്ടെ, ഈ കുഞ്ഞു പ്രായത്തില്‍ പിടിച്ചിരുത്തി പഠിപ്പിക്കാന്‍ എന്തായാലും ഞങ്ങളില്ല എന്നാണ് മാതാപിതാക്കളുടെ പക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com