നാലു വയസുകാരന്റെ കൈ തട്ടി 3500 വർഷം പഴക്കമുള്ള ഭരണി ഉടഞ്ഞു; ബാലനെ വീണ്ടും മ്യൂസിയത്തിലേക്ക് ക്ഷണിച്ച് അധികൃതർ
Mail This Article
നിരവധി മ്യൂസിയങ്ങളും ഗാലറികളും എക്സിബിഷനുകളും ഒക്കെ കണ്ടിട്ടുള്ളവരായിരിക്കും നമ്മൾ. പുരാതന വസ്തുക്കൾ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങളിലും മറ്റും 'ഇതിൽ തൊടരുത്' എന്ന് ഒരു മുന്നറിയിപ്പ് കാണും. ചിലപ്പോൾ ചെറിയ ഒരു വേലി കെട്ടി തിരിച്ചിട്ടുമുണ്ടാകും. മുതിർന്നവർക്ക് ഇതിന്റെ ഗൗരവം മനസിലാകുമെങ്കിലും കുട്ടികൾക്ക് അത് മനസിലാകില്ല. കാരണം, കുട്ടികൾ എപ്പോഴും ജിജ്ഞാസ ഉള്ളവയിരിക്കും. എല്ലാം തൊട്ടു നോക്കാനും അറിയാനും താൽപര്യമായിരിക്കും. അത്തരത്തിൽ ഒരു നാലു വയസുകാരൻ മ്യൂസിയം കാണാൻ എത്തിയപ്പോൾ കാണിച്ച കൗതുകം കലാശിച്ചത് 3500 വർഷം പഴക്കമുള്ള ഭരണി പൊട്ടുന്നതിലേക്ക് ആയിരുന്നു. എന്നാൽ, ചെറിയ കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിനെ വളരെ പക്വതയോടെ കൈകാര്യം ചെയ്ത മ്യൂസിയം അധികൃതർ ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
ഇസ്രയേലിലെ ഹൈഫയിലുള്ള ഹെക്റ്റ് മ്യൂസിയത്തിലാണ് സംഭവം. വെങ്കല യുഗത്തോളം പഴക്കമുള്ള മൺഭരണിയാണ് നാലു വയസുകാരനായ ഏരിയലിന്റെ കൈ തട്ടി തകർന്നത്. കഴിഞ്ഞ 35 വർഷമായി ഹൈഫയിലെ മ്യൂസിയത്തിൽ ഈ ഭരണി സൂക്ഷിച്ചു വരികയായിരുന്നു. ഡിസ്പ്ലേയിൽ വെച്ചിരുന്ന ഈ ഭരണി കഴിഞ്ഞയാഴ്ചായിരുന്നു ഏരിയലിന്റെ കൈ തട്ടി തകർന്നത്. 2200 അല്ലെങ്കിൽ 1500 ബിസി കാലഘട്ടത്തിൽ എണ്ണയോ വീഞ്ഞോ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നതായിരിക്കാം ഈ ഭരണി. ആ കാലഘട്ടത്തിൽ നിന്ന് ലഭിച്ച അതേ വലിപ്പത്തിലുള്ള ഒരു ഭരണിയായിരുന്നു അത്.
മാതാപിതാക്കൾക്കൊപ്പം മ്യൂസിയം സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഏരിയൽ ഭരണി കണ്ടത്. ഭരണിക്കുള്ളിൽ എന്താണെന്ന് അറിയാൻ വേണ്ടി കൗതുകത്തോടെ ഒന്ന് പിടിച്ചു നോക്കിയപ്പോഴാണ് അത് മറിഞ്ഞുവീണത്. പേടിച്ചു പോയ ഏരിയൽ കരയാൻ തുടങ്ങി. പിതാവായ അലക്സ് ഉടനെ തന്നെ മ്യൂസിയം അധികൃതരെ ഇക്കാര്യം അറിയിച്ചു. മ്യൂസിയത്തിന്റെ കവാടത്തിൽ പ്രത്യേക സുരക്ഷ ഒന്നും ഒരുക്കാതെ ആയിരുന്നു ഈ ഭരണി വെച്ചിരുന്നത്.
നൂറ്റാണ്ടുകളോളം പഴക്കമുള്ള ഭരണി തകർന്നതിൽ മ്യൂസിയത്തിന്റെ അധികൃതരോ അതുമായി ബന്ധപ്പെട്ടവരോ ഏരിയലിനെ ഒരു വാക്ക് കൊണ്ടു പോലും നോവിച്ചില്ല. പകരം ആ ഭരണിയുടെ പ്രാധാന്യം എന്താണെന്ന് അവന് മനസിലാക്കി കൊടുത്തു. ഒരു ആഴ്ച കൊണ്ട് പൊട്ടിപ്പോയ ഭരണി പൂർവസ്ഥിതിയിലാക്കി. ത്രീഡി ടെക്നോളജി ഉപയോഗിച്ചാണ് ഇത്ര വേഗത്തിൽ ഭരണി പഴയതുപോലെയാക്കിയത്. ഭരണി പൂർവസ്ഥിതിയിലാക്കിയതിനു ശേഷം അത് കാണാനായി ഏരിയലിനെയും കുടുംബത്തിനെയും മ്യൂസിയം ഡയറക്ടർ ഡോ. ഇൻബാൾ റിവ് ലിൻ ക്ഷണിച്ചു. ക്ഷണമനുസരിച്ച് മാതാപിതാക്കൾക്ക് ഒപ്പം എത്തിയ ഏരിയൽ മറ്റൊരു പൊട്ടിയ ഭരണി നന്നാക്കിയെടുക്കുന്ന സംഘത്തിനൊപ്പം പ്രവർത്തിക്കുകയും ചെയ്തു.