കിളിമഞ്ചാരോ പർവതം കീഴടക്കി അഞ്ചു വയസുകാരൻ, നേട്ടം സ്വന്തമാക്കി തെഗ്ബിർ സിം
Mail This Article
കളിചിരികളും ചെറിയ വാശികളും കുസൃതികളുമായി ഇരിക്കേണ്ട പ്രായത്തിൽ മൌണ്ട് കിളിമഞ്ചാരോ കീഴടക്കി ഒരു അഞ്ചു വയസുകാരൻ. പഞ്ചാബിൽ നിന്നുള്ള തെഗ്ബിർ സിംഗ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895 മീറ്റർ ഉയരമുള്ള മൌണ്ട് കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരനായി തെഗ്ബിർ സിംഗ് മാറി. ഓഗസ്റ്റ് 18ന് ആയിരുന്നു തെഗ്ബിർ മൗണ്ട് കിളിമഞ്ചാരോ കയറാൻ ആരംഭിച്ചത്. പർവതത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമായ ഉഹുരുവിൽ ഓഗസ്റ്റ് 23ന് എത്തിച്ചേർന്നു.
എവിടെ എത്തണമെന്ന് തനിക്കറിയാമായിരുന്നെന്നും ഒടുവിൽ അവിടെ എത്തിയെന്നും തെഗ്ബിർ പറഞ്ഞു. 'അവിടെ അച്ഛന്റെ ഒപ്പമുള്ള ഒരു ചിത്രമുണ്ട്. പോകുന്ന വഴിയിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ 'വാഹേ ഗുരു' എന്ന് ജപിക്കാൻ പറഞ്ഞു. അത് എനിക്ക് ശക്തി നൽകുകയും ഏറ്റവും മുകളിൽ എത്താൻ എനിക്ക് സാധിക്കുകയും ചെയ്തു', തെഗ്ബിർ ഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.
ആൾട്ടിട്യൂട് സിക്ക്നെസിനെ നേരിടാൻ ആവശ്യത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടത് ട്രക്കിംഗിൽ ആവശ്യമാണ്. എല്ലാ വെല്ലുവിളികളെയും മറികടന്നാണ് അഞ്ചു വയസുകാരൻ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേർന്നത്. മൈനസ് പത്ത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു ആ സമയത്തെ താപനില. പർവതാരോഹണത്തിന് ശേഷം കിളിമഞ്ചാരോ ഉൾപ്പെടുന്ന ടാൻസാനിയ നാഷണൽ പാർക് കൺസർവേഷൻ കമ്മിഷണർ പർവതാരോഹണത്തിന് നൽകുന്ന സർട്ടിഫിക്കറ്റ് ഈ കൊച്ചുമിടുക്കൻ സ്വീകരിച്ചു.
ഇതോടെ, 2023 ഓഗസ്റ്റ് ആറിന് സെർബിയൻ ബാലനായ ഒഗ്ജെൻ സിവ്കോവിച്ച് തന്റെ അഞ്ചാം വയസിൽ കിളിമഞ്ചാരോ പർവതം കീഴടക്കിയതിന്റെ റിപ്പോർട്ടിന് ഒപ്പമെത്തി തെഗ്ബിർ. തന്റെ വിജയത്തിന് കാരണം പരിശീലകനും വിരമിച്ച ഹാൻഡ് ബോൾ പരിശീലകനുമായ ബിക്രംജിത്ത് സിംഗ് ജുമാനും തന്റെ കുടുംബത്തിനുമാണെന്നും ഈ മിടുക്കൻ വ്യക്തമാക്കി. പിതാവ് സുകിന്ദർദീപ് സിംഗും തെഗ്ബിറിനൊപ്പം പർവതാരോഹണത്തിൽ പങ്കെടുത്തു. ഈ വർഷം ഏപ്രിലിൽ തെഗ്ബീർ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് പൂർത്തിയാക്കിയിരുന്നു.