കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനും ‘നിങ്ഗ്‌യോ’ പാവകള്‍
Mail This Article
ചെന്നൈ നഗരത്തിന്റെ മനം കവരുകയാണ് ജപ്പാനിൽ നിന്നെത്തിയ ഒരുകൂട്ടം പാവകള്‍. ജാപ്പനീസ് സംസ്കാരവും കലയും ഐതിഹ്യവും എല്ലാം വിളിച്ചോതുന്ന 67 പാവകളാണ് ‘നിങ്ഗ്‌യോ’ എന്ന പേരിൽ ജപ്പാൻ കോൺസുലറ്റ് സംഘടിപ്പിച്ച പ്രദർശനത്തിലുള്ളത്. ഓരോ പാവകള്‍ക്ക് പിന്നിലും ഓരോരോ കഥകളും ഐതിഹ്യവുമുണ്ട്. ‘നിങ്ഗ്‌യോ’എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. മനുഷ്യ രൂപത്തിലുള്ള ഇവ ഓരോന്നിനും ഓരോ സങ്കല്‍പ്പങ്ങളുണ്ട്.
കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘നിങ്ഗ്‌യോകൾ മുതൽ ജപ്പാന്റെ സംസ്കാരവും കലയും ചരിത്രവും എല്ലാം വിളിച്ചോതുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്. ജപ്പാന്റെ വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയും പാവകള്‍ക്കൊപ്പം കണ്ടറിയാം. കടലാസ്, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. ജപ്പാൻ മാസാചരണത്തിന്റെ ഭാഗമായി എഗ്‌മൂർ ഗവ. മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനം ജപ്പാൻ കോൺസുലേറ്റ് ജനറൽ, ജപ്പാൻ ഫൗണ്ടേഷൻ, എബികെ–എഒടിഎസ് ദോസോകായ് തമിഴ്നാട് സെന്റർ, ലൊയോള കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 22 വരെ പ്രദർശനം കാണാം. വെളളിയാഴ്ചകളിൽ പ്രദർശനമില്ല. സന്ദർശന സമയം രാവിലെ 10.30 മുതൽ 6.30വരെ. പ്രവേശനം സൗജന്യം.