പിറന്നാൾ ദിനത്തിൽ അമ്മയ്ക്കു വേണ്ടി റാപ്പ് പാടി കുഞ്ഞുമകൾ; ‘അനുഗ്രഹീത’മെന്ന് ബിപാഷ ബസു
Mail This Article
ജീവിതത്തിൽ സന്തോഷത്തിന്റെ മധുരം ചേർത്ത് തരുന്നവരാണ് നമ്മുടെ കുഞ്ഞുമക്കൾ. അവരുടെ കളിചിരികളും തമാശകളും സന്തോഷങ്ങളും എല്ലാം ചേരുമ്പോഴാണ് ഓരോ മാതാപിതാക്കളുടെയും ജീവിതം കൂടുതൽ സുന്ദരമാകുന്നത്. പിറന്നാൾ ദിനത്തിൽ സ്വന്തം കുഞ്ഞിന്റെ നാവിൽ നിന്ന് ഒരു ഹാപ്പി ബെർത്ത് ഡേ പാട്ട് കേൾക്കാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അത്തരമൊരു മനോഹരനിമിഷത്തിന്റെ നിറവിലാണ് ബോളിവുഡ് താരം ബിപാഷ ബസു.
ജനുവരി ഏഴാം തിയതിയാണ് ബിപാഷയുടെ പിറന്നാൾ. പിറന്നാൾ ആഘോഷിക്കാൻ മകൾക്കും ഭർത്താവിനും ഒപ്പം മാലിദ്വീപിലാണ്. പിറന്നാൾ ദിനത്തിൽ തനിക്ക് വേണ്ടി ഹാപ്പി ബെർത്ത്ഡേ പാടുന്ന കുഞ്ഞുമകൾ ദേവിയുടെ വിഡിയോ ബിപാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ചെറിയ സൺഗ്ലാസുകൾ ധരിച്ച് കടൽത്തീരത്ത് ഇരുന്ന് മോണോകിനി ധരിച്ചിരിക്കുന്ന മകളോട് ഇന്ന് ആരുടെ ജന്മദിനമാണെന്ന് അമ്മ ചോദിക്കുകയാണ്. അതിന് മറുപടിയായി കുഞ്ഞ് ‘മമ്മ’ എന്ന് പറയുന്നുണ്ട്.
മമ്മയ്ക്കു വേണ്ടി എന്ത് പാട്ടാണ് പാടുകയെന്ന് ചോദിക്കുമ്പോൾ 'ഹാപ്പി ബെർത്ത്ഡേ മമ്മ' എന്ന് പാടുകയാണ് ദേവി. 'എന്റെ എല്ലാക്കാലത്തെയും ഏറ്റവും നല്ല പിറന്നാൾ ആശംസകൾ. എന്റെ പ്രിയപ്പെട്ട മഞ്ച്കിൻ, എന്റെ മിഷ്ടി ദേവി. മമ്മ എഴുന്നേറ്റപ്പോൾ മമ്മയ്ക്ക് വേണ്ടി പാടുകയും റാപ്പ് ചെയ്യുകയും ചെയ്യുന്നു. അനുഗ്രഹീതം, പരമാനന്ദം' - എന്നാണ് ബിപാഷ ബസു വിഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
ഏതായാലും ഈ ആശംസയോളം ഒരു ആശംസയും എത്തില്ലെന്ന് ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു. അടുത്ത് കുറേ വർഷങ്ങളിലേക്ക് കൂടി മകൾ ആശംസകൾ അറിയിച്ചു കഴിഞ്ഞെന്നാണ് മറ്റൊരാൾ കുറിച്ചത്. 2022 നവംബർ 12ന് ആയിരുന്നു ബിപാഷ ബസുവിനും ഭർത്താവ് കരൺ സിംഗ് ഗ്രോവറിനും ആദ്യത്തെ കണ്മണി പിറന്നത്. ദേവി എന്നാണ് കുഞ്ഞിന് പേര് നൽകിയത്.