‘സ്കൂളിലെ ഏറ്റവും മികച്ച അധ്യാപകൻ ആണെന്നായിരുന്നു എന്റെ വിചാരം, പക്ഷേ അവന്റെ ആ മറുപടി എന്നെ ഞെട്ടിച്ചു’
Mail This Article
വിദ്യാർഥികൾക്കിടയിൽ സർവസാധാരണമായ ഒരു പ്രയോഗവും വാക്കുമാണ് ലിഫ്റ്റ്. ബൈക്ക്, ടൂവീലർ ഉപയോഗിക്കുന്ന ഏതൊരാൾക്കും ലിഫ്റ്റ് കൊടുത്തുള്ള അനുഭവം ഉണ്ടാകും. ഒരു അധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന ഒരു വിദ്യാർഥിക്ക് ലിഫ്റ്റ് കൊടുക്കുകയും, ആ കുട്ടി താൻ ലിഫ്റ്റ് ചോദിച്ചിരിക്കുന്നത് തന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ് എന്നറിയാതെ, അവർ തമ്മിലുള്ള സംഭാഷണത്തിലൂടെ അധ്യാപകനായ മനോഷ് പി.എം അദ്ദേഹത്തിന്റെ അധ്യാപന തന്ത്രങ്ങളും, കുട്ടികളോടുള്ള പെരുമാറ്റത്തിലും മാറ്റം വരുത്തുന്ന ഒരു സംഭവമാണ് ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുന്നത്.
എന്റെ വിഷയം ഇംഗ്ലിഷ് ആണ്. ഞാൻ പഠിപ്പിക്കുന്നത് എല്ലാവർക്കും മനസ്സിലാകുന്നുണ്ടെന്നും എന്റെ സ്കൂളിലെ ഏറ്റവും മികച്ച അധ്യാപകൻ ഞാനാണെന്നുമാണ് ആ കാലയളവിൽ ഞാൻ വിചാരിച്ചിരുന്നത്. ഞാൻ സ്കൂളിനും വിദ്യാർഥികൾക്കും മുതൽ കൂട്ടാണെന്നും കുട്ടികൾക്ക് മാർക്ക് കുറയുന്നത് അവർ വേണ്ട രീതിയില്‍ പഠിക്കാത്തതു കൊണ്ടാണെന്നുമാണ് ഞാൻ വിചാരിച്ചിരുന്നത്. ക്ലാസ്സ് എടുക്കുന്നതിലും നോട്ട് കൊടുക്കുന്നതിലും മൂല്യനിർണയത്തിലും വിട്ടുവീഴ്ചയില്ലാത്ത മനോഭാവം ഞാൻ പുലർത്തിയിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും പലപ്പോഴായി പല ചെറിയ പരാതികൾ ഉന്നയിച്ചെങ്കിലും ഞാൻ അത് മുഖവിലയ്ക്ക് എടുത്തില്ല.
ഒരു രണ്ടാംപാദ വാർഷിക പരീക്ഷ കഴിഞ്ഞ സമയം പേപ്പർ മൂല്യനിർണയം പൂർത്തിയാക്കി ഉത്തരകടലാസെല്ലാം ക്ലാസ്സിൽ വിതരണം ചെയ്തു. പതിവ് പരാതികൾ പലതും കുട്ടികൾ ഉന്നയിച്ചു. ഞാൻ അതൊന്നും െചവിക്കൊണ്ടില്ല. ക്ലാസ്സിൽ ആകെ ജയിച്ചത് 8 കുട്ടികൾ മാത്രം. തോറ്റകുട്ടികളെ വഴക്കു പറഞ്ഞു. അല്ലാതെ വേറെ ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ആ ദിവസങ്ങളിൽ ഞാൻ ഉപയോഗിച്ചിരുന്നത് എന്റെ സഹോദരീ ഭർത്താവിന്റെ ബൈക്കായിരുന്നു. ഒരു ദിവസം അതിരാവിലെ ബൈക്ക് തിരിച്ച് ഏൽപിക്കാനായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. കാലടിയിലേക്കാണ് എന്റെ യാത്ര. പുറത്തിറങ്ങിയപ്പോൾ നല്ല മഴയുണ്ട്. ഞാൻ ജാക്കറ്റും ഹെൽമറ്റും മാസ്കും ധരിച്ചു. എന്റെ വീടിനടുത്തുള്ള ജംക്‌ഷൻ കഴിഞ്ഞ് തൊട്ടടുത്ത ജംക്‌ഷനിൽ എത്തി. ബസ്സ് സ്റ്റോപ്പിൽ ഒരു പയ്യൻ നിൽക്കുന്നുണ്ട്. അവൻ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു അല്ലെങ്കിൽ ആ ഉദ്ദേശം വച്ചാണ് അവിെട നിൽക്കുന്നത്. ട്രൗസർ, മഞ്ഞ ജേഴ്സി കക്ഷത്തിൽ ഒരു ചെറിയ ബാഗ് ഇതാണ് വേഷം. ബൈക്ക് അടുത്ത് എത്തിയപ്പോൾ ലിഫ്റ്റ് ചോദിച്ചുള്ള ആക്ഷൻ അവൻ കാണിച്ചു. എനിക്ക് ആളെ മനസ്സിലായി. എന്റെ സ്കൂളിൽ ഒൻപതാം ക്ലാസ്സിലെ മുഹമ്മദ് ഹനീഷായിരുന്നു അത്. ഞാൻ ബസ്സ് സ്റ്റോപ്പിൽ നിന്ന് കുറച്ച് നീക്കി ബൈക്ക് നിർത്തി.
അവന്‍ ഓടി ബൈക്കിനടുത്തെത്തി. ചേട്ടാ... ചെമ്പറക്കി വരെ വന്നോട്ടെ.. ഞാൻ പോകുന്ന വഴിയിലെ സ്ഥലമായിരുന്നു അത്. ആ കേറിക്കോ... പക്ഷേ അവന്റെ ചേട്ടാ വിളി എന്നെ അദ്ഭുതപ്പെടുത്തി. നീ എവിടേയ്ക്കാ പോകുന്നത്? ഫുട്ബോൾ കോച്ചിങ്ങ് എന്നായിരുന്നു അവന്റെ മറുപടി. ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്? അവനും ചോദിച്ചു. കാലടി വരെ ഞാൻ മറുപടി കൊടുത്തു.
ഞാൻ ഒന്നാലോചിച്ചു ഇവന് ഇതുവരെ ഇത് ഞാനാണെന്ന് മനസ്സിലായിട്ടില്ല. എന്താണെങ്കിലും പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയമല്ലേ... സ്കൂളിനെ പറ്റിയും അധ്യാപകരെ പറ്റിയും പ്രത്യേകിച്ച് എന്നെപ്പറ്റിയും ചോദിച്ചേക്കാം. ഞാൻ ചോദിച്ചു. സ്കൂൾ എങ്ങനെയുണ്ട്? അവന്‍ മറുപടി പറഞ്ഞു കുഴപ്പമില്ല.. അധ്യാപകരോ? ഞാൻ എന്റെ പേരോ എന്നെപ്പറ്റിയുള്ള പരാമർശമോ ഉണ്ടാകുമെന്നു കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. കുഴപ്പമില്ല എന്ന മറുപടി തന്നെ. ഇഷ്ടപ്പെട്ട വിഷയം ഏതാണ്? ഞാൻ വിചാരിച്ചു ഇംഗ്ലിഷ് എന്ന് പറയുമെന്ന്. പക്ഷേ അവൻ പറഞ്ഞത് കെമിസ്ട്രി. പ്രതീക്ഷ ഞാൻ കൈവിട്ടില്ല. പഠിപ്പിക്കുന്നത് എല്ലാം അധ്യാപികമാരാണോ? അല്ല ഇംഗ്ലിഷ് പഠിപ്പിക്കുന്നത് സാർ ആണ്. ഓകെ സാറിന്റെ ക്ലാസ്സ് എങ്ങനെയുണ്ട്? കുഴപ്പമില്ല പക്ഷേ മാർക്ക് പിടിച്ചേ തരൂ. പഠിപ്പിക്കുമ്പോൾ എല്ലാം മനസ്സിലാകും. വീട്ടിൽ െചന്നാൽ ശൂന്യം. ആ മറുപടി എന്നെ ഞെട്ടിച്ചു. എല്ലാവർക്കും ഇങ്ങനെയാണോ? ഞാൻ ചോദിച്ചു. പെൺകുട്ടികളിൽ കുറച്ചു പേർക്ക് മാർക്കുണ്ട്. ആൺകുട്ടികളിൽ മിൽട്ടണും അശ്വിനും മാത്രമേ മാർക്കുള്ളൂ.
ചേട്ടാ ആ മരത്തിന്റെ അവിടെ നിർത്തിക്കോ അവൻ പറഞ്ഞ സ്ഥലമെത്തി. ഞാൻ ബൈക്ക് നിർത്തി. എന്നെ തിരിച്ചറിയുമോ എന്ന ഭയത്തിൽ ഞാൻ ഹനീഷിന്റെ മുഖത്ത് നോക്കിയില്ല. ചേട്ടാ, Thanks. OK ഞാൻ മറുപടിയും കൊടുത്തു മുന്നോട്ട് നീങ്ങി. എന്റെ മനസ്സ് ആകെ കലങ്ങി. എന്തായിരിക്കും വീട്ടിൽ വച്ച് പഠിക്കുമ്പോൾ ശൂന്യമാകാൻ കാരണം ഞാൻ ചിന്തിച്ചു കൊണ്ട് ബൈക്ക് ഓടിച്ചു. പഠനതന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് ഞാൻ ഉറപ്പിച്ചു. കുട്ടികളോടുള്ള സമീപനങ്ങളിലും.
അന്ന് ഉച്ചകഴിഞ്ഞ് രണ്ടാമത്തെ പീരിയഡ് എനിക്ക് ഒൻപതാം ക്ലാസ്സിലായിരുന്നു. ഹനീഷ് നാലാമത്തെ ബഞ്ചിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും ചോദ്യം ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന ക്ലാസ്സ്, അന്ന് ഞാൻ ആദ്യമായി ക്ലാസ്സിൽ ചോദിച്ചു. Did you have the lunch? അതൊരു തുടക്കമായിരുന്നു. കുട്ടികളെ മനസ്സിലാക്കി പഠിപ്പിക്കുക എന്ന യഥാർഥ അധ്യാപനത്തിന്റെ.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും