മരണത്തെ മുഖാമുഖം കണ്ട കുരുന്ന്; കൂട്ട ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക്, ടീച്ചറുടെ ഉള്ളുതൊടും കുറിപ്പ്

Mail This Article
അച്ഛനുമമ്മയും സഹോദരിമാരും നഷ്ടമായ ഒരു ഏഴ് വയസ്സുകാരിയുടെ ഒറ്റപ്പെടലിന്റെ സങ്കടകഥ പറയുകയാണ് അവളുടെ പ്രിയപ്പെട്ട അധ്യാപിക. കടബാധ്യത മൂലം ജീവനൊടുക്കേണ്ടിവന്ന ഒരു കുടുംബത്തിൽ നിന്ന് ഈ കുരുന്നു മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അന്നത്തെ ആ നാലാം ക്ലാസുകാരിയുടെ ജീവിതം ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് തൃശൂർ, വിവേകോദയം ബോയ്സ് എൽ.പി.സ്കൂൾ അധ്യാപികയായ ശ്രീബ.വി.
ശ്രീബ.വി യുടെ കുറിപ്പ്
ഇവൾ ശ്യാമ (പേര് യഥാർഥമല്ല)
വർഷങ്ങൾക്കു മുമ്പ് ഏതോ നിയോഗമായി എന്നിലേയ്ക്ക് എത്തിച്ചേർന്നവൾ. 2017 ജൂണിൽ സ്ക്കൂൾ തുറക്കുന്ന ദിനം. പ്രവേശനോത്സവത്തിരക്കിനിടയിലും ഞാൻ ഉള്ളിലൊരു വെമ്പലോടെ ആ കുഞ്ഞുമുഖത്തെ തെരഞ്ഞുകൊണ്ടേയിരുന്നു.. ഒടുവിൽ ഞാനവളെ കണ്ടെത്തുമ്പോർ മുത്തച്ഛന്റെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ടവൾ ചുറ്റും പകച്ചു നോക്കുകയായിരുന്നു. നാലാം ക്ലാസിലേയ്ക്ക് വന്ന പുതിയ കുട്ടിയാണവൾ.
കൂടെയുള്ളത് മുത്തച്ഛനാണ്. എല്ലാ കുട്ടികളും അച്ഛനോടോ, അമ്മയോടോപ്പം വന്ന് പൂത്തുമ്പിയെപ്പോലെ വിദ്യാലയ മുറ്റത്ത് പാറിപ്പറക്കുമ്പോൾ. അവളും മുത്തച്ഛനും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന കാഴ്ച്ച എന്റെ കണ്ണിൽ നിന്നും മായില്ലൊരിക്കലും. അവൾക്ക് കൂട്ടുവരാൻ അച്ഛനില്ല, അമ്മയില്ല, സഹോദരങ്ങളില്ല.
രണ്ടു മാസം മുമ്പ് വരെ അവൾക്കെല്ലാരുമുണ്ടായിരുന്നു. എത്രപ്പെട്ടന്നാണ് അവരെയെല്ലാം അവൾക്ക് നഷ്ടപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഈ മോളെക്കുറിച്ച് പത്രവാർത്തകളിൽ നിന്നാണ് ഞാനറിഞ്ഞത്.
ഒരു രാത്രി മുഴുവൻ സ്വന്തം അമ്മയുടേയും ഇരട്ട സഹോദരിയുടേയും, അനിയത്തിയുടേയും മരണത്തിനു സാക്ഷിയായി വീട്ടിലെ കിണറ്റിൽ മരണത്തെ മുഖാമുഖം കണ്ട് അവൾ കഴിച്ചുകൂട്ടി.
അച്ഛനാണവരെ നാലു പേരേയും ഐസ്ക്രീമിൽ വിഷം ചേർത്ത് കൊടുത്ത ശേഷം കിണറ്റിലേയ്ക്ക് ഇട്ടത്. "വേണ്ടച്ഛാ നമുക്ക് മരിക്കണ്ട'' എന്ന മക്കളുടെ നിലവിളിയ്ക്ക് മറുപടിയായി അടുത്ത ജന്മത്തിൽ നമുക്കൊന്നിക്കാനായി പ്രാർഥിക്കു എന്ന് പറഞ്ഞ് കുട്ടികളെ മരണത്തിനു വിട്ടു കൊടുത്ത് സ്വയം മരക്കൊമ്പിൽ ആ അച്ഛനും ജീവിതം അവസാനിപ്പിച്ചു. അച്ഛനും അമ്മയും ഇല്ലാത്ത ലോകത്ത് മക്കൾ ഒറ്റയ്ക്കാവരുത് എന്ന ചിന്തയാവാം അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. ജീവിക്കാനുള്ള എല്ലാ ആശയും, പ്രതീക്ഷകളും അത്രമേൽ നഷ്ടപ്പെട്ടിരിക്കാം..
പക്ഷെ നാമൊന്നു നിശ്ചയിക്കുന്നു. ദൈവം മറ്റൊന്നും.. ഈ കുഞ്ഞ് മാത്രം രക്ഷപ്പെടുകയായിരുന്നു. അത് അവളുടെ നിർഭാഗ്യം എന്നേ എനിക്കു തോന്നുന്നുള്ളു. സ്വന്തമായി ആരുമില്ലാത്ത ലോകത്ത് അവളെ മാത്രമായി എന്തിനാണീശ്വരൻ രക്ഷപ്പെടുത്തിയത്? കാലം മായ്ക്കാത്ത മുറിവുകൾ സമ്മാനിച്ചത്?
മാസങ്ങൾ കഴിഞ്ഞിട്ടും ആ സത്യം ഉൾക്കൊള്ളാനാവാതെ രാത്രികളിൽ ഉറങ്ങാനാകാതെ എനിക്കെന്റെ അമ്മയെ കാണണം എന്ന് കരഞ്ഞു വിളിക്കുന്ന ആ എഴുവയസുകാരിയെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നെനിക്കറിയുമായിരുന്നില്ല. ഒരുപാട് കൗൺസിലുകൾക്കവൾ വിധേയയായി.. മുത്തച്ഛനാണെങ്കിൽ സ്ക്കൂളിൽ വരുമ്പോഴെല്ലാം കണ്ണു നിറഞ്ഞിട്ടാണ്. ചുടുകണ്ണീർ ഒഴുകി ഇട്ടിരിക്കുന്ന ഷർട്ട് വരെ കുതിരുകയാണ് പലപ്പോഴും. ഒരു വാക്കു പോലും ഉരിയാടാൻ ആ സമയങ്ങളിൽ അദ്ദേഹത്തിനാകുമായിരുന്നില്ല. ആ മുത്തച്ഛനും കൊച്ചുമകൾക്കുമിടയിൽ കണ്ണു നനയാതെ പിടിച്ചു നിൽക്കാൻ ഞാൻ പ്രയാസപ്പെട്ട എത്രയോ ദിനങ്ങൾ .
ഒടുവിലെപ്പോഴോ അവളെന്നിൽ അവളുടെ അമ്മയെ കാണാൻ തുടങ്ങി. എനിക്കവൾ പിറക്കാതെ പോയ എന്റെ മകളുമായി. രക്തബന്ധത്തിനപ്പുറമുള്ള ആത്മബന്ധം ഞങ്ങൾ തിരിച്ചറിയുകയായിരുന്നു.
സ്ക്കൂൾ വിടാനുള്ള ബെൽ കേൾക്കുന്ന മാത്രയിൽ എല്ലാ കുട്ടികളും പുറത്തേയ്ക്കൊരു ഓട്ടമാണല്ലോ.. എന്നാൽ എന്റെ ശ്യാമ ഞാൻ ആ സമയത്ത് എവിടെയായിരുന്നാലും എന്റെയടുത്ത് വന്ന് യാത്ര പറഞ്ഞേ പോകു.. ആരും കാണാതെ അവളെ ചേർത്തു പിടിച്ച് ഞാൻ നൽകുന്ന ഒരു കുഞ്ഞു തലോടൽ, ഒരു കുഞ്ഞുമ്മ അതിനു വേണ്ടിയായിരുന്നു അവൾ കാത്തു നിന്നിരുന്നത്.
ആ അധ്യയന വർഷം അവസാനിക്കാറായി, ഒരു ദിവസം മുത്തച്ഛൻ വന്നു പറഞ്ഞു..
"ടീച്ചറെ.. മോൾ വലിയ സങ്കടത്തിലാണ്. സ്ക്കൂൾ അടയ്ക്കാറായല്ലോ.. അടുത്ത വർഷം വേറെ സ്ക്കൂളിൽ പോണല്ലോ"
അതിനെന്താ.. മോൾടെ ക്ലാസിലെ കുട്ടികളെല്ലാം ഈ വിദ്യാലയത്തിന് തൊട്ടടുത്തുള്ള ഹൈസ്ക്കൂളിലേയ്ക്കാണല്ലോ. എല്ലാവരും കൂട്ടിനുണ്ടാകുമല്ലോ എന്ന് ഞാൻ പറഞ്ഞു..
‘‘പ്രശ്നം അതല്ല ടീച്ചർ. ടീച്ചറെ കാണാതിരിക്കാൻ അവൾക്ക് കഴിയില്ലത്രേ..’’
എന്ത് മറുപടി പറയുമെന്നറിയാതെ ഞാൻ വിഷമിച്ചു പോയി. ഒടുവിൽ മോൾക്ക് എന്നെ കാണാൻ തോന്നുമ്പോഴൊക്കെ പറഞ്ഞാൽ മതി. ഞാനവിടെ എത്തിക്കോളാം എന്ന ഉറപ്പിൽ അഞ്ചാം ക്ലാസിലേയ്ക്ക് ഞാൻ തന്നെ അവളെ കൊണ്ടു പോയി ചേർത്തി. ഇടയ്ക്ക് ആ സ്കൂൾ വിട്ടാൽ ഓടിയെന്റെ അടുത്ത് വരും. കെട്ടിപ്പിടിച്ചൊരുമ്മ തരും..
ഒരു ദിവസം എന്റെ വീട്ടിൽ അവളെന്നോടൊപ്പം കഴിഞ്ഞു. അവൾ ഏറെ സന്തോഷിച്ച ദിവസമായിരുന്നത്. ഇപ്പോഴവൾ പ്ലസ് വണ്ണിൽ പഠിക്കുന്നു. ഞാനും അവളുമായുളള ആത്മബന്ധം കൂടുതൽ വളരുകയാണ്.
ഇതിനിടയിൽ കോവിഡ് - ലോക്ക്ഡൗൺ സമയത്താണ് അവൾ എന്നെ കാണാനാവാതെ ശരിക്കും വിഷമിച്ചത്. മുത്തച്ഛനും, അമ്മമ്മയ്ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയാത്തതിനാൽ വിഡിയോ കാൾ ചെയ്യാനും കഴിയാതെപ്പോയി. ഫോൺ ചെയ്യുമ്പോഴെല്ലാം ടീച്ചറെ കാണണം എന്നു പറയും. ഒടുവിൽ ലോക്ക്ഡൗൺ തീർന്ന ഉടനെ ഞാൻ അവളെപ്പോയിക്കണ്ടു.
അമ്മമ്മയുടേയും, മുത്തച്ഛന്റേയും സ്നേഹ സാമിപ്യത്തിൽ അവൾ സുരക്ഷിതയാണ് ഇന്നെങ്കിലും ഇപ്പോഴും അച്ഛനും അമ്മയും.സഹോദരിമാരും അവളുടെ സ്വപ്നങ്ങളിൽ കടന്നു വരുന്നു.അമ്മ ഉറക്കത്തിലവളെ കെട്ടിപ്പിടിക്കുന്നെത്രേ.
തനിക്കു കിട്ടുന്നതിലൊരു പങ്ക് സഹോദരങ്ങൾക്കായവൾ മാറ്റിവയ്ക്കുന്നു. ഇപ്പോളവൾ ഒരു മിടുക്കിയായി വളരുന്നു. ഞങ്ങൾക്കിടയിലെ സ്നേഹം ഇന്നും പഴയ പോലെത്തന്നെ. ഫോണിലൂടെ വിളിക്കുമ്പോഴെല്ലാം അവൾ എനിക്കും ഞാനവൾക്കും നൽകുന്ന ചക്കരയുമ്മകളുടെ മാധുര്യം സ്നേഹത്തിന്റെ പ്രതീകമായി മാറുന്നു. കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ നേടിയാലും ഞാനുൾപ്പെടെ ആരുണ്ടായാലും അവൾക്ക് നഷ്ടപ്പെട്ടവരെ തിരിച്ചുകിട്ടില്ലല്ലോ. ഇനിയെങ്കിലും ഈ ലോകത്ത് ആ കുരുന്നിന് നല്ലതുമാത്രം അനുഭവിയ്ക്കാനിടയാകട്ടെ എന്ന പ്രാർഥനയിലാണ് ഞാൻ.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും