‘വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച് അമ്മയെ പോലെ ആയിത്തീരുമോ അവളും?’; ഈ കുരുന്നിന്റെ ചിരി ഒരിക്കലും മായരുതേ

Mail This Article
ടിടിസി പഠനത്തിന്റ ഭാഗമായുള്ള ടീച്ചിങ് പരിശീലനത്തിനായി ഒരു സ്കൂളിൽ എത്തിയപ്പോൾ കണ്ട ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെക്കുറിച്ചുള്ള ഒർമകൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി. വയനാട് ജില്ലയിലെ കുന്താണി ജി എൽ പി എസ് സ്കൂളിലാണ് തെരേസ മത്തായി ടീച്ചിങ് പരിശീലനത്തിനായി എത്തിയത്. ഒന്നാം ക്ലാസുകാരി ബർസ എന്ന കുരുന്നുമൊന്നിച്ചുള്ള നിമിഷങ്ങളും അവളുടെ ഭാവിയെ കുറിച്ചുള്ള തന്റെ ആശങ്കകളും ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് തെരേസ മത്തായി.
തെരേസ മത്തായിയുടെ കുറിപ്പ്
ഉത്സവപ്പറമ്പിലെ രാത്രി കാഴ്ചകൾ കണ്ടിട്ടുണ്ടോ? മരണ കിണറിന്റെ ആക്സിലേറ്ററിൽ ജീവൻ പണയപ്പെടുത്തുന്നവർ, അടുത്തിരിക്കുന്നവന്റെ കൈ മുറുകെപ്പിടിച്ച് ആകാശത്തൊട്ടിലിൽ ഇരുന്ന് നക്ഷത്രമെണ്ണുന്നുന്നവർ, നീളത്തിൽ നൂലുകെട്ടിയ ബലൂണിനും ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പിനും വേണ്ടി കരയുന്ന കുഞ്ഞുങ്ങൾ, രാത്രിയുടെ തണുപ്പിലും അനാഥരാകുന്ന ചോക്കോബാർ സ്റ്റിക്കുകൾ, നഷ്ടബോധത്തിൽ വിതുമ്പുന്നവർക്ക് പ്രതീക്ഷ നൽകുന്ന അനൗൺസ്മെന്റുകൾ, വർണ്ണങ്ങളുടെ തീപ്പൊരി വിതറുന്ന ആകാശക്കാഴ്ചകൾ,
അങ്ങനെ എന്തെല്ലാം എന്തെല്ലാം ...!
എന്നാൽ വെള്ള ബോളിനുള്ളിൽ ചുവന്ന ഹൃദയ ചിഹ്നമുള്ള ബലൂൺ വിൽക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? അരികിൽ പാതിവസ്ത്രത്തിൽ വെറും നിലത്ത് കിടന്നുറങ്ങുന്ന അവരുടെ മക്കളെ കണ്ടിട്ടുണ്ടോ?
എന്റെ വിദ്യാലയ അനുഭവത്തിൽ എനിക്ക് മറക്കാനാവാത്തതാവുന്നത് അവളെ കണ്ടതുകൊണ്ടാണ്. ഒരു ഉത്തർപ്രദേശ് വാലാ...
"ബർസ ഹിന്ദി ബോലോ "
"ഇല്ല"
"ബോലോ"
"ഇല്ല"
ചെറിയ ചമ്മലോടെയുള്ള അവളുടെ നിഷ്കളങ്കമായ ചിരി അതിന്റെ പൂർണ ശോഭയോടെ ഹൃദയത്തിൽ തെളിയുന്നു.
ഒന്നാം ക്ലാസിൽ ഇരിക്കേണ്ട പ്രായമല്ല അവൾക്കുള്ളത്. ചെമ്പിച്ച സ്ട്രൈറ്റ് മുടി രണ്ടു വശത്തേക്ക് പിടിച്ച് റബർ ബാൻഡ് ഇട്ട് കെട്ടിയിരിക്കുന്നു. ഇന്നലെ കഴിച്ച പരിപ്പ് കറിയുടെ മഞ്ഞ അവളുടെ യൂണിഫോമിൽ ഉണങ്ങി പിടിച്ചിരുന്നു. ചളി നിറഞ്ഞ വള്ളിച്ചിരിപ്പുകൾ ഊരിയെറിഞ്ഞ് ഗ്രൗണ്ടിലേക്ക് ഓടുന്ന അവളെ നോക്കി ടീച്ചർ വിളിച്ച് പറയും,
"ബർസ നിന്റെ ചെരുപ്പ് എവിടെ?"
അവൾ വെറുതെ ചിരിക്കും. സ്റ്റാഫ് റൂമിന്റെ ജനാലയിൽ വന്നു നിന്ന് ദീദി പുറത്തേക്ക് വാ എന്ന് പറയും. കാണുമ്പോൾ ഓടിവന്ന് കയ്യിൽ പിടിക്കും. എന്റെ കയ്യിൽ പിടിക്കുന്ന മറ്റു കുട്ടികളെ തട്ടിമാറ്റും. ചേച്ചി, ദീദി, തെര്സ ചേച്ചി എന്നൊക്കെ വിളിക്കാറുണ്ടവൾ. എല്ലാവർക്കും പരോപകാരിയാണ്. ആ സ്കൂളിലെ മുഴുവൻ കുട്ടികളെയും അവൾക്കറിയാം. ഉച്ചയ്ക്ക് അവളുടെ പാത്രത്തിലേക്ക് ഒന്ന് നോക്കണം പലരുടെയും കറികൾ അതിൽ ഉണ്ടാവും. നല്ല ഒന്നാന്തരം ഒരു വികൃതി കുട്ടി കൂടിയാണ് അവൾ! എല്ലാവരെയും തല്ലും ചീത്ത വിളിക്കും ദേഷ്യപ്പെടും. അവളുടെ അനുജത്തി കരിഷ്മ കുമാരിയും ചേട്ടൻ അങ്കുഷും കുന്താണി സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ഒരു ദിവസം വൈകിട്ട് സ്റ്റാഫ് റൂമിനുള്ളിൽ എന്റെ അടുത്ത് വന്നപ്പോൾ മുന്നിലിരുന്ന പത്രം കാണിച്ച് അതിലെ അക്ഷരങ്ങൾ വായിക്കാൻ ഞാൻ അവളോട് പറഞ്ഞു. അവൾ' ക' തൊട്ടു കാണിച്ചു തന്നു. ആ പേജിലെ മുഴുവൻ 'ക' കളും കണ്ടു പിടിക്കാൻ ഞാൻ അവളോട് പറഞ്ഞു. പിന്നെ 'പ' കാണിച്ചു തരാൻ പറഞ്ഞു. അവൾ താൽപര്യത്തോടെ എന്നോടൊപ്പം ഇരുന്നു. സ്കൂൾ ബസ്, ഗ്രൗണ്ടിൽ പൊടി നിറച്ചപ്പോൾ അവൾ ബൈ പറഞ്ഞു ഓടിപ്പോയി. പിറ്റേന്ന് ചേച്ചി പഠിക്കാം എന്നു പറഞ്ഞ് ബുക്കും എടുത്താണ് അവൾ വന്നത്.
മറ്റൊരു ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ അവളുടെ എല്ലാ പുസ്തകത്തിലും ടീച്ചർ ആണ് പേരെഴുതി കൊടുത്തിരിക്കുന്നതെന്ന് ശ്രദ്ധിച്ചു. അവളെ ചേർത്തു നിർത്തി 'വ' 'ർ' 'ഷ' എന്ന് പറഞ്ഞ് പേരെഴുതാൻ പഠിപ്പിച്ചു. (ബർസയെ മലയാളികരിച്ചതാണ് വർഷ) അവൾ പെട്ടെന്ന് പഠിച്ചു. ആറാം ദിവസം അവളോടൊപ്പമുള്ള അവസാന ദിവസം ഞങ്ങളുടെ കൂടെ ചോറ് കഴിക്കാൻ വായെന്ന് അവൾ കുറെ പറഞ്ഞു. പക്ഷേ ഞാൻ അത് ഓർത്തില്ല. സാധാരണ പോലെ നാലാം ക്ലാസുകാരുടെ മുറിയിലിരുന്ന് ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വരാന്തയിൽ ഇരുന്ന് കാൽമുട്ടികളിൽ തല ചേർത്തുവെച്ച് കരയുന്ന ബര്‍സയെയാണ് കണ്ടത് . ഞാൻ ചെന്ന് കുറെ വിളിച്ചിട്ടും അവൾ തലയുയർത്തിയില്ല. എനിക്ക് ആരുമില്ല എന്ന് പറഞ്ഞ് വീണ്ടും കരഞ്ഞു. അവളോടൊപ്പം ഇരുന്നു കഴിക്കാത്തതിന്റെ കുറ്റബോധം എന്റെ മനസ്സിനെ നീറ്റുന്നുണ്ടായിരുന്നു. അവൾ എന്നോട് മിണ്ടിയതേയില്ല. ഉച്ചയ്ക്കുശേഷം അവളുടെ ക്ലാസ്സിൽ ചെന്നപ്പോൾ എന്നെ വട്ടത്തിൽ കെട്ടിപ്പിടിച്ച് അവൾ ഒരു ചിരി ചിരിച്ചു. അവൾക്ക് മയിലിനെ വളരെ ഇഷ്ട്ടമാണ്. ബാഗിൽ നിന്ന് ഒരു നാണയ തുട്ടെടുത്ത് എന്റെ കയ്യിൽ വച്ച് തന്നു.
"എന്റെ ഉപ്പ എനിക്ക് സൂക്ഷിക്കാൻ തന്നതാണ്, ദീദി വെച്ചോ"
ആ ഒരു രൂപ നാണയത്തിന്റെ മറുവശത്ത് മയിലിന്റെ ചിത്രം ആയിരുന്നു. എന്റെ ഹൃദയം നിറഞ്ഞതുപോലെ തോന്നി. അവൾക്ക് നൽകാൻ എന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. നിനക്ക് ആരാവണമെന്ന് ചോദിച്ചപ്പോൾ നാട്ടിൽ ചെറിയ വീട് വേണം ജോലി വേണം എന്നൊക്കെയാണ് അവൾ പറഞ്ഞത്.
"ബർസാ,ഇനി ഞാൻ ഇങ്ങോട്ട് വരില്ല നീ എന്നെ ഓർക്കുമോ?"
"വരില്ലാ?"
അവളുടെ കുഞ്ഞു മുഖം വാടി. ഇനി പൊടിയിൽ ചെരുപ്പിടാതെ ഓടരുത്. ആരെയും ഉപദ്രവിക്കരുത്. ടീച്ചർ പറയുന്നതൊക്കെ കേൾക്കണം. നല്ലോണം പഠിക്കണം, എന്നൊക്കെ ഞാൻ സ്നേഹത്തോടെ ഉപദേശിച്ചു. അന്ന് വൈകുന്നേരം എന്റെ കൈ പിടിച്ചു ഗേറ്റ് വരെ അവൾ വന്നു. ചിരിച്ചുകൊണ്ട് റ്റാറ്റാ പറഞ്ഞ് അവളുടെ ലോകത്തേക്ക് തിരികെ ഓടി...
കുന്താണിയുടെ വയൽ വരമ്പിലൂടെ തിരികെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് ബർസയുടെ നാളയെ പറ്റിയായിരുന്നു. അവൾ ഏതു ക്ലാസ് വരെ പഠിക്കുമായിരിക്കും?
വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച് അവളുടെ അമ്മയെ പോലെ ആയിത്തീരുമോ അവളും? അല്ലെങ്കിൽ നല്ല അധ്യാപകർ ആരെങ്കിലും അവളെ പഠിച്ചു മുന്നേറാൻ സഹായിക്കുമോ?
ഒന്നുമറിയില്ല. പക്ഷേ, അവൾ മിടുക്കിയാണ്. ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നാണ് അർഥം. ആ കുഞ്ഞു മാലാഖയുടെ സുന്ദരമായ ചിരി ഒരിക്കലും മായരുതേ എന്ന പ്രാർത്ഥന മാത്രം...
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും