ഹിറ്റ് ഗാനത്തിന് തകർപ്പൻ ചുവടുമായി ബാലൻ; അഭിനന്ദനവുമായി ജൂനിയർ എൻ ടി ആർ

Mail This Article
താളത്തിനനുസരിച്ച് കുട്ടികൾ ആടുകയും പാടുകയുമൊക്കെ ചെയ്യുമ്പോൾ അഭിനന്ദിക്കാതെ മാറിനിൽക്കാൻ ആർക്കാണ് കഴിയുക? സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ദേവര എന്ന തന്റെ ചിത്രത്തിലെ ദാവൂഡി എന്ന ഹിറ്റ് ഗാനത്തിന്റെ, ഏറെ പ്രയാസമുള്ള ഹുക്ക് സ്റ്റെപ്പുകൾ അനായാസം ചെയ്യുന്ന ബാലനെ മനസ്സുനിറഞ്ഞു അഭിനന്ദിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ. തികച്ചും ആരാധന തോന്നുന്നത് എന്ന് ദേവരയിലെ നായകൻ അഭിനന്ദിച്ച ആ ബാലന്റെ നൃത്തം സോഷ്യൽ ലോകത്തിന്റെയും ഹൃദയം കീഴടക്കി കഴിഞ്ഞു. അത്രയും അനായാസമായും ആസ്വദിച്ചുമാണ് സഹപാഠികൾക്കൊപ്പം ആ കുട്ടി സ്റ്റേജിൽ നൃത്തം ചെയ്യുന്നത്.
സമൂഹ മാധ്യമങ്ങളിൽ തകർത്തോടുന്ന ദൃശ്യങ്ങളിൽ ഒരു കൂട്ടം കുട്ടികൾ സ്കൂൾ യൂണിഫോമിൽ ദാവൂഡി എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം. എന്നാൽ നടുക്ക് നിൽക്കുന്ന കുട്ടിയുടെ താളത്തിനൊപ്പമുള്ള ചടുലമായുള്ള ചുവടുകൾ ആരെയും ആകർഷിക്കും. കുറച്ചു സമയത്തിന് ശേഷം മുതിർന്നൊരാൾ ഇവർക്കൊപ്പം നൃത്തം ചെയ്യാനായി എത്തുന്നുണ്ടെങ്കിലും ആ കൊച്ചു ബാലൻ അപ്പോഴേക്കും ആ സ്റ്റേജ് തന്റേതാക്കി മാറ്റിക്കഴിഞ്ഞിരുന്നു. കൂട്ടുകാരിലൊരാൾ അല്പം സ്റ്റൈൽ ആയിക്കോട്ടെയെന്നു കരുതി കണ്ണടകൾ കൂടി ധരിപ്പിക്കുന്നതോടെ നായക പരിവേഷത്തിലാണ് പിന്നെ അവന്റെ ആട്ടം.
ജൂനിയർ എൻ ടി ആർ മാത്രമല്ല, ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. ബോംബിന്റെയും ഹൃദയത്തിന്റെയും ഇമോജികളാണ് ആ നൃത്തത്തിന് അനിരുദ്ധിന്റെ മറുപടി. 20 വർഷത്തിനപ്പുറം ഇവൻ സൂപ്പർ സ്റ്റാറാകുമെന്നും ആ കുട്ടിയുടെ ഡാൻസ് ആശ്ചര്യപ്പെടുത്തുന്നു എന്നുമൊക്കെ നിരവധി കുറിപ്പുകൾ വിഡിയോയുടെ താഴെ കാണാം.