‘വീട്ടിലേക്കു ടീച്ചർ വരേണ്ട’: എന്നെ ഞാനാക്കിയത് അവന്റെ ആ മറുപടി – അധ്യാപികയുടെ കുറിപ്പ്

Mail This Article
ആഹാരം പാഴാക്കിക്കളയുന്ന ഒരോരുത്തർക്കും വേണ്ടിയാണ് മലപ്പുറം തുവ്വൂർ ജിഎച്ച്എസ്എസിലെ അധ്യാപികയായ പുഷ്പലത പി.പി. ‘സ്കൂൾമുറ്റ’ത്തിൽ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. വയനാട്ടിലെ ഒരു സ്കൂളിൽ ആദിവാസി വിഭാഗത്തിലെ കുട്ടികളും തോട്ടം തൊഴിലാളികളുടെ മക്കളുമാണ് അധികവും. സ്ഥിരമായി സ്കൂളിൽ വരാൻ മടിയുള്ള രണ്ടു കുട്ടികളെ അന്വേഷിച്ചു പോയപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി പുഷ്പലത എഴുതുന്നു:
പുഷ്പലത ടീച്ചർ പങ്കുവച്ച കുറിപ്പ്
രുചിയുടെ പേരിൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന കുട്ടികളെ കാണുമ്പോൾ ഇപ്പോഴും ഞാൻ അവനെ ഓർക്കും. ഇപ്പോൾ വലിയ ആളായി, കുടുംബവും കുട്ടികളുമൊക്കെ ആയിക്കാണും. പക്ഷേ അന്നു ഞാൻ കണ്ട സാഹചര്യത്തിന് വലിയ മാറ്റമൊന്നുമുണ്ടായിക്കാണില്ല. അന്നത്തെ അവനു പകരം ഇന്ന് അവന്റെ കുട്ടികൾ. സിനിമയിലൂടെയും നോവലിലൂടെയും ഒക്കെ മനസ്സിലാക്കിയ സുന്ദരമായ, തണുത്ത വയനാടിനെ പ്രണയിച്ചാണ് സ്വന്തം ജില്ലയിൽ പരീക്ഷയെഴുതാതെ വയനാട്ടിൽ പോയി എഴുതിയത്. ആദ്യം എഴുതിയ ആ പരീക്ഷയിൽത്തന്നെ ജോലികിട്ടി.
വയനാട്ടിലേക്ക്. ചായത്തോട്ടത്തിനു നടുക്കുള്ള ഒരു ചെറിയ യുപി സ്കൂൾ. അന്നുമുതൽ 5ബിയിലെ ക്ലാസ് ടീച്ചറായി. ആദിവാസി വിഭാഗത്തിലെ കുട്ടികളും തോട്ടം തൊഴിലാളികളുടെ മക്കളുമാണ് അവിടെ കൂടുതലും. സ്ഥിരമായി സ്കൂളിൽ വരാൻ മടിയുള്ള രണ്ടു കുട്ടികളുണ്ടായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്നതുകൊണ്ട് എന്നിക്ക് ധാരാളം സമയം ഉണ്ടായിരുന്നു. ഒരു ശനിയാഴ്ച കുട്ടികളെ അന്വേഷിച്ച് അവരുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.
അവരുടെ വീടറിയുന്ന ഒരു കുട്ടിയെ വഴികാട്ടിയായി എനിക്കൊപ്പം വരാൻ തലേദിവസം പറഞ്ഞുവച്ചു. കാട്ടിലൂടെ കുറേ നടക്കാനുള്ളതുകൊണ്ട് വൈകുമെന്നോർത്ത് ഉച്ചഭക്ഷണവും കരുതിയാണു പോയത്. പറഞ്ഞതുപോലെ എന്നെയും കാത്ത് അവൻ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. കാട്ടിലൂടെ പാറക്കൂട്ടങ്ങളും കുന്നും കയറി നടന്നപ്പോൾ അവന്റെ മുന്നിൽ ഞാൻ പാടേ ചെറുതായിപ്പോയി. ആ ദൂരമത്രയും നടന്നു വന്നാണ് അവൻ എനിക്കുവേണ്ടി കാത്തുനിന്നത്.
ഏകദേശം ഒരു മണിക്കൂർ നടന്നു കാണും. അവന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുതന്നു. കാണാൻ പോകുന്ന കുട്ടികളുടെ വീട്ടിലേക്ക് വീണ്ടും നടക്കണം. സമയം ഏകദേശം ഉച്ചയായിട്ടുണ്ട്. നടന്ന് ശരിക്കും ക്ഷീണിച്ചിരുന്നു. പാറക്കൂട്ടങ്ങളും വെള്ളവുമുള്ള സ്ഥലം. ഭക്ഷണം കഴിക്കാമെന്ന് വിചാരിച്ചു. അവന്റെ വീട് തൊട്ടടുത്തായതു കൊണ്ട് ഭക്ഷണം കഴിച്ചു വരാൻ പറഞ്ഞു. പലതവണ പറഞ്ഞപ്പോഴും പോകാതിരുന്നപ്പോൾ വിശപ്പായിട്ടുണ്ടാവില്ലായെന്നോർത്തു. നമ്മുടെ കുട്ടികളെ ഭക്ഷണത്തിനു വിളിച്ചാൽ വരാത്തതിനു കാരണം പലപ്പോഴും അതാണല്ലോ. വിശപ്പായില്ലെങ്കിലും ‘കുറച്ച് കഴിച്ച് വാ, ഇനിയും കുറേ നടക്കാനില്ലേ, തിരിച്ച് വരുമ്പോൾ വൈകും’ എന്നു പറഞ്ഞത് കേട്ടിട്ടും അവൻ പോകാതിരിക്കെ എന്റെ മനസ്സിലേക്ക് ഒരുപാട് ചോദ്യങ്ങൾ വന്നെങ്കിലും ‘വീട്ടുകാരോടു പിണങ്ങിയാണോ പോന്നത്, എങ്കിൽ ഞാനും കൂടെ വരാം’ എന്നാണ് പറയാൻ തോന്നിയത്.
അവന്റെ മറുപടിയാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. ‘ടീച്ചർ വരേണ്ട, വീട്ടിൽ ഭക്ഷണമുണ്ടാവില്ല. ഞങ്ങളുടെ വീട്ടിൽ രാത്രി മാത്രമാണ് ഭക്ഷണമുണ്ടാക്കുക, ബാക്കിയുണ്ടെങ്കിൽ രാവിലെ കഴിക്കും. ഇനി രാത്രി കഴിക്കും.’ എന്റെ ചോറ് അവന് കൊടുത്തപ്പോൾ അവന്റെ മുഖത്തു കണ്ട സന്തോഷം പിന്നീടൊരാളുടെ മുഖത്തും ഞാൻ കണ്ടിട്ടില്ല. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും ഭക്ഷണം നൽകി പങ്കിടുന്നവരാണ് നമ്മൾ. അങ്ങനെയുള്ള ഒരു പാർട്ടിയിൽപോലും ഇത്രയും സന്തോഷത്തോടെയും സംതൃപ്തിയോടെയും ഭക്ഷണം കഴിക്കുന്ന ഒരു മുഖവും കാണാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ ജനിച്ചുപോയത് അവരുടെ തെറ്റാണെന്നു കരുതി സമാധാനിക്കുന്ന അവനെപ്പോലെയുള്ളവരുടെ ജീവിതത്തിന് ഇന്നും വലിയ മാറ്റമൊന്നുമില്ല. അക്കൂട്ടത്തിൽനിന്ന് സ്വന്തം കഠിനപ്രയത്നം കൊണ്ടോ ആരുടെയെങ്കിലും സഹായം കൊണ്ടോ എന്തെങ്കിലുമൊക്കെ ആയിത്തീർന്ന വിരലിലെണ്ണാവുന്ന ആളുകളെപ്പറ്റി പറഞ്ഞ് വികസനത്തെക്കുറിച്ചു വാചാലരാകാമെന്നല്ലാതെ ‘സംസ്കാരസമ്പന്നർക്കു’ മറ്റെന്തു കഴിയാനാണ്. നിന്നൂരും കരിന്തണ്ടനുമൊക്കെ ടൂറിസത്തിന്റെ ഭാഗമാകുമ്പോൾ, പട്ടിണി മാറ്റാൻ കുടകിൽ പണിക്കുപോയി കാണാതാകുന്നവരുടെ കണക്കെടുക്കാനും അന്വേഷിക്കാനും നമുക്കെവിടെ സമയം. എങ്കിലും എന്റെ
വെറും കാഴ്ചകൾക്കപ്പുറം,. മുന്നിലിരിക്കുന്ന കുട്ടികളെന്താണെന്നു കൃത്യമായി അറിയുകയും ജീവിതത്തെ നേരിടാൻ അവരെ പ്രാപ്തരാക്കുകയുമാണ് എന്റെ പ്രഥമ ഉത്തരവാദിത്തമെന്ന് നീ പഠിപ്പിച്ച ഈ പാഠം തന്നെയാണ് എന്റെ പഠനസഹായി.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്തമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ അങ്ങനെയെല്ലാം ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. അവ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും