‘ഓരോന്നും ചെയ്യുമ്പോഴും പല മക്കളുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു’ അധ്യാപകന്റെ കുറിപ്പ്

Mail This Article
തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപകനായ ലിന്റോ ജോൺ. ഗൂഡല്ലൂർ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും, ബീഹാറിലെ കട്ടഹാരി ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയും സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂൾ എജ്യുക്കേഷന്‍ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ ഗവേഷണ വിദ്യാർഥിയാണ്.
ലിന്റോ ജോൺ പങ്കുവച്ച കുറിപ്പ്
പതിനൊന്നാം ക്ലാസിലെ എന്റെ കുട്ടികൾക്ക് ഞാൻ കൊടുത്ത ഒരുറപ്പായിരുന്നു രക്ഷിതാക്കൾ അനുവദിക്കുകയാണെങ്കിൽ വാരാന്ത്യത്തിൽ അവരെ ഔട്ടിങ്ങിന് കൊണ്ടുപോകാമെന്ന്. എങ്ങോട്ടാണ് എന്നുള്ള അവരുടെ ചോദ്യത്തിന് അത് സർപ്രൈസ് ആയിരിക്കും എന്നു മാത്രം പറഞ്ഞു.എന്റെ ചിലവിൽ ആയിരിക്കും കൊണ്ടുപോകുകയെന്നു കൂടി പറഞ്ഞപ്പോൾ കുട്ടികൾ ഡബിൾ ഹാപ്പി. പിറ്റേന്ന് രാവിലെ ക്ലാസിൽ എത്തിയപ്പോൾ തന്നെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു രക്ഷിതാക്കൾ അനുവദിച്ചു സാറിന്റെ കൂടെ ഔട്ടിങ്ങിന് പോകാനെന്ന്. അധികാരികളുടെ അനുവാദത്തോടെ തീയതി തീരുമാനിച്ചു. പക്ഷെ സ്ഥലം അപ്പോഴും സസ്പെൻസ്! എങ്ങോട്ടാണ് പോകുന്നത് എന്ന പതിവ് ഊഹാപോഹങ്ങൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ അവരുടെ പ്രധാന ചർച്ചാവിഷയം.
ഒടുവിൽ കാത്തിരുന്ന ദിവസം വന്നെത്തി. ഞാൻ സ്കൂളിൽ എത്തിയപ്പോഴേക്കും ആ മുപ്പത് പേരും അവിടെ ഹാജർ. എല്ലാവരും ട്രിപ്പ് മോഡിൽ. പലരും സ്റ്റാറ്റസ് ഒക്കെ ഇട്ടു കഴിഞ്ഞിരുന്നു ‘ട്രിപ്പ് മോഡ് ഓൺ’ ‘റോക്കിങ് വിത്ത് ഫ്രണ്ട്‌സ്’ അവരുടെ റോക്കിങ് മോഡ് സൂചി കുത്തിയ ബലൂൺ പോലെ ചുങ്ങി പോയത് ട്രിപ്പിനു പോകാനുള്ള വാഹനം കണ്ടിട്ടായിരുന്നു. മറ്റൊന്നുമല്ല ഒരു സർക്കാർ ബസ്. അതും ട്രിപ്പ് ആയി വിളിച്ചതല്ല റൂട്ടിൽ ഓടുന്ന ബസിൽ ടിക്കറ്റ് എടുത്തുള്ള യാത്ര. കുറച്ചു പേർക്ക് ഇരിക്കാൻ സീറ്റ് കിട്ടി. കുറച്ചു പേര് നിന്നുകൊണ്ട് യാത്ര ചെയ്യുന്നു.. ഇടയ്ക്ക് ഞാൻ ചിലരുടെയൊക്കെ മുഖത്തേക്ക് നോക്കി. എന്നെ തിന്നാനുള്ള ദേഷ്യമുണ്ട് എല്ലാ മുഖങ്ങളിലും. അവരുടെ നല്ലൊരു വീക്കെൻഡ് നശിപ്പിച്ചതിലുള്ള കലിപ്പാണ്.
എന്തായാലും ഇരുപത് മിനിട്ടുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ലക്ഷ്യ സ്ഥാനത്തിറങ്ങി. എല്ലാവരും പരസ്പരം നോക്കുന്നുണ്ട് ഒരു പിടിയുമില്ല ആർക്കും. ഞാൻ അവരെ കൊണ്ടുപോയത് ഒരു ഓർഫനേജിലേക്കാണ്. അവരുടെ പ്രായത്തിലും അതിൽ താഴെയുമുള്ള മുപ്പതോളം കുഞ്ഞുങ്ങളുള്ള ഒരു ഓർഫനേജ്. പക്ഷെ ആ മക്കൾ എല്ലാം പലവിധ ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ളവരും, മാനസിക വളർച്ച എത്താത്തവരും ഒക്കെയാണ്. എല്ലാവരും തന്നെ അനാഥരാണ്. പലരെയും പൊലീസുകാരോ സന്നദ്ധ സേവകരോ ഒക്കെയാണ് അവിടെ എത്തിച്ചത്. കൈക്കുഞ്ഞ് മുതൽ 17-18 വയസ്സ് വരെയുള്ളവർ ഉണ്ടവിടെ.
എന്റെ കുട്ടികൾക്ക് ആദ്യമൊരു അമ്പരപ്പായിരുന്നു. പയ്യെ പയ്യെ അവർ ആ ഇടവുമായി പൊരുത്തപ്പെട്ടു. അവരുടെ വസ്ത്രങ്ങൾ അലക്കാനും, അവരെ കുളിപ്പിക്കാനും, മുറികൾ വൃത്തിയാക്കാനും, ഭക്ഷണം പാകം ചെയ്യാനുമൊക്കെ എന്റെ കുട്ടികൾ മുന്നിലായിരുന്നു. ഭക്ഷണം വിളമ്പി കൊടുക്കാനും തനിയെ കഴിക്കാൻ പറ്റാത്തവർക്ക് വാരി കൊടുക്കാനുമൊക്കെ അവർ മത്സരിക്കുകയായിരുന്നു... അവർക്ക് പാട്ട് പാടി കൊടുത്തും, അവർക്ക് വേണ്ടി ഡാൻസ് കളിച്ചുമൊക്കെ അവർ ശരിക്കുമുള്ള ട്രിപ്പ് മൂഡിലെത്തി!! ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും എന്റെ പല മക്കളുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
അവരുടെ ജീവിതത്തിലെ ആദ്യാനുഭവം അവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ലാസിൽ ചെന്ന ഞാൻ കണ്ടത് മേശപ്പുറത്തൊരു പ്ലാസ്റ്റിക് കുടുക്ക! അവർ ഒന്നാകെ എടുത്ത തീരുമാനമാണത്രേ അവർക്ക് ലഭിക്കുന്ന പോക്കറ്റ് മണിയിൽ നിന്ന് ഒരു വിഹിതം ഈ ചാരിറ്റി ബോക്സിൽ സൂക്ഷിച്ച് അതുകൊണ്ട് ഇനിയും ആ അഗതി മന്ദിരത്തിൽ പോകുമെന്നത്. ഇന്നത്തെ തലമുറയിലെ കുട്ടികളല്ലേ, അവർക്ക് കിട്ടുന്ന പേർസണൽ മണി സ്വന്തം കാര്യങ്ങൾക്ക് പോലും തികയില്ല പിന്നെയല്ലേ ചാരിറ്റി ബോക്സ് എന്നുള്ള എന്റെ ഇടുങ്ങിയ ചിന്തയെ നിഷ്പ്രഭമാക്കി കൊണ്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ലീഡർ എന്റെ അടുത്ത് വന്നു പറഞ്ഞു, ‘സാറേ ചാരിറ്റി ബോക്സ് നിറഞ്ഞു’ സയൻസിലെയും, കണക്കിലെയും തിയറികൾക്കും, ലിറ്ററേച്ചറിലെ വിശ്വസാഹിത്യങ്ങൾക്കും, സാമൂഹിക ശാസ്ത്ര പാഠങ്ങൾക്കുമൊപ്പമോ ഒരു പക്ഷെ ഇവയ്‌ക്കെല്ലാം ഒരുപടി മുകളിലോ മനുഷ്യത്വം എന്ന തിയറി കൂടി നമ്മുടെ മക്കളുടെ സിലബസിൽ ഉൾപ്പെടുത്തണമെന്നും അത് ആ മക്കളിൽ ഉണ്ടാക്കുന്ന സ്വാധീനം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞ നാളുകളായിരുന്നുവത്.
വടക്കേ ഇന്ത്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തപ്പോഴും ഈ തിരിച്ചറിവിനെ പ്രായോഗിക തലത്തിലെത്തിക്കാൻ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് അവിടെ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജാതിയുടെ പേരിലുള്ള അസമത്വം ആയിരുന്നു. ഇന്നും അവിടെ ക്യാൻസർ പോലെ ഈ ജാതീയത പല ഇടങ്ങളിലുമുണ്ട്. നന്നായി പഠിക്കുന്ന ഒരു ഒൻപതാം ക്ലാസ്സുകാരൻ, അപ്പനും അമ്മയും ഇല്ല.. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസം. കുറെ ദിവസമായി സ്കൂളിൽ വരുന്നില്ലയെന്ന് ക്ലാസ്സ് ടീച്ചർ റിപ്പോർട്ട് ചെയ്തതനുസരിച്ചു പലതവണ വീട്ടിൽ ബന്ധപ്പെട്ടു. ഒടുവിൽ ഒരു ദിവസം അവനും മുത്തശ്ശനും കൂടി ഓഫീസിൽ വന്നു. പഠനം നിർത്തി അടുത്തുള്ള ചെങ്കൽ ചൂളയിൽ പണിക്ക് പോകുകയാണത്രേ അവൻ. സങ്കടവും ദേഷ്യവുമൊക്കെ വന്നു എനിക്ക്. കുറെ വഴക്ക് പറഞ്ഞു.
അപ്പോൾ ആ സാധു വൃദ്ധൻ എന്നോട് പറഞ്ഞു, ‘ഹമാരി നിയതി ഗരീബി ഹെ, ശിക്ഷാ നഹീൻ’ ആകെയുണ്ടായിരുന്ന ഒരു പശു ആയിരുന്നു അവരുടെ വരുമാന മാർഗം.. അതിൽ നിന്ന് ലഭിക്കുന്ന പൈസ മിച്ചം പിടിച്ചാണ് പേരക്കുട്ടിയെ പഠിപ്പിച്ചിരുന്നത്. സർക്കാർ സ്കൂളിൽ തികഞ്ഞ അവഗണനയാണ് താഴ്ന്ന ജാതി ആയതുകൊണ്ട്. ഒന്നും പഠിപ്പിക്കില്ല. വെറുതെ അവിടെ പോയിരിക്കാം. പക്ഷെ ഗതികേടെന്നോണം ആ പശു ചത്തുപോയി. ഇനി ഫീസ് അടയ്ക്കാൻ വേറെ വഴിയൊന്നുമില്ല. അതിനാൽ പഠിത്തം നിർത്തുകയാണ്. പഠിത്തം നിർത്തണ്ട പിറ്റേന്ന് മുതൽ സ്കൂളിൽ വന്നോളാൻ പറഞ്ഞു. അതുവരെ ഉണ്ടായിരുന്ന ഫീസ് ഡ്യൂസ് ഞാൻ അടച്ചു തീർത്തു. അതിന് ശേഷം അവന്റെ ക്ലാസ്സിൽ പോയി കുട്ടികളോട് കാര്യം പറഞ്ഞു. അന്ന് അവർ തീരുമാനിച്ചു ഇനി മുതൽ അവർ എല്ലാവരും ചേർന്ന് തങ്ങളുടെ സഹപാഠിയുടെ ഫീസ് അടയ്ക്കുമെന്ന്. നല്ല മനുഷ്യനാകാൻ ആണ് ആദ്യം ക്ലാസ്സ് മുറികളിൽ പഠിപ്പിക്കേണ്ടത്. പാഠപുസ്തകങ്ങളിലേക്ക് നമുക്ക് അതിനു ശേഷം കടക്കാമെന്നേ. പക്ഷെ എങ്ങനെ നല്ല മനുഷ്യനാകാൻ അവരെ പഠിപ്പിക്കും? അതിനുള്ള ആദ്യ പടി അധ്യാപകർ നല്ല മനുഷ്യന്റെ ജീവിക്കുന്ന മാതൃകയാവുക എന്നതാണ്..
ചൊല്ലികൊടുക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അവ പതിയുക. പാഠപുസ്തകത്തിലെ ഫോർമുലകളും, സൂത്രവാക്യങ്ങളും മാത്രമല്ല ജീവിതത്തിൽ നല്ലൊരു മനുഷ്യനാകാനുള്ള സമവാക്യങ്ങളും വിദ്യാർഥി മനനം ചെയേണ്ടത് ഗുരുമുഖത്തു നിന്നുമാണ്. അതുകൊണ്ട് തന്നെ അധ്യാപകന് മറ്റ് തൊഴിൽ മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ചില നിയന്ത്രണ രേഖകൾ ഉണ്ട് സമൂഹത്തിൽ. ഒരുപക്ഷെ സമൂഹത്തിൽ പ്രായഭേദമന്യേ എല്ലാവരും ഒരധ്യാപകനെ ബഹുമാനിക്കുന്നതിനുള്ള കാരണവും ഈ നിയന്ത്രണ രേഖകൾ താണ്ടാൻ പാടില്ല എന്ന് കരുതുന്നത് കൊണ്ടുകൂടിയാണ്. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്ന, ചിട്ടയായി ക്രമപ്പെടുത്തുന്ന, നേരും നെറിവും സമൂഹത്തിന് മുന്നിൽ തെളിച്ചുവെക്കുന്ന വ്യക്തിയാകേണ്ടവൻ ആണ്. കള്ളം പറയരുത് എന്ന് തന്റെ വിദ്യാർഥികളെ പഠിപ്പിക്കാൻ ഒരധ്യാപകന് കഴിയണമെങ്കിൽ അയ്യാൾ ഹരിചന്ദ്രനെ പോലെ സത്യസന്ധനായിരിക്കണം.
ലഹരി ജീവിതം തകർക്കുന്നതാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കാൻ കഴിയണമെങ്കിൽ അധ്യാപകൻ ലഹരിയോട് നിരന്തര യുദ്ധം നടത്തുന്നവനും അതുപയോഗിക്കാത്തവനും ആയിരിക്കണം. ജാതിക്കും, മതത്തിനും, നിറത്തിനും, സമ്പത്തിനുമെല്ലാം അപ്പുറം മനുഷ്യനായി ജീവിക്കാനും, സഹജീവികളെ സ്നേഹിക്കാനും വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കാൻ കഴിയണമെങ്കിൽ അധ്യാപകൻ കറകളഞ്ഞ മനുഷ്യ സ്‌നേഹി ആയിരിക്കണം. ഇങ്ങനെയൊക്കെയാവണം ഒരാധ്യാപകൻ. അത് അധ്യാപകന്റെ ധാർമിക കടമയാണ്. അതുകൊണ്ട് അധ്യാപനത്തിന് ഞാൻ നൽകുന്ന നിർവചനം 'അതൊരു തൊഴിൽ അല്ല മറിച് ജീവിതചര്യയാണ്'. അധ്യാപനത്തെ ഒരു തൊഴിലായി, വരുമാന മാർഗമായി മാത്രം സ്വീകരിച്ചവർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ പരാജിതരായ ഗുരുക്കന്മാർ.
അധ്യാപകൻ ഒരു വിദ്യാർഥിക്ക് ഗുരു മാത്രമല്ല. അവന്റെ സുഹൃത്താകണം. വഴികാട്ടിയാകണം. അപ്പനും അമ്മയും കൂടെപ്പിറപ്പുമാകണം. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കാലമെത്ര കഴിഞ്ഞാലും അവൻ ഓടി വരേണ്ടത് തന്റെ ഗുരുനാഥന്റെ അടുത്തേക്കായിരിക്കണം. അപ്പോഴാണ് ഒരാധ്യാപകന്റെ ജന്മം സഫലമാകുക.
എട്ട് വർഷമേ ആയിട്ടുള്ളൂ ഞാൻ അധ്യാപകനായിട്ടും, അധ്യാപനത്തെ ജീവിതചര്യയാക്കിയിട്ടും. ഇന്നെനിക്ക് നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയും എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തെ ഞാൻ സ്നേഹപൂർവ്വം സ്പർശിച്ചിട്ടുണ്ട്, ഇപ്പോഴും അങ്ങനെ തന്നെ. ആദ്യമായി പഠിപ്പിച്ചത് 11,12 ക്ലാസ്സുകളിലെ കുട്ടികളെയാണ്. ഇന്നും അവർ തുടങ്ങി കഴിഞ്ഞ 7 വർഷക്കാലം എന്റെ മുന്നിലൂടെ കടന്നു പോയ എന്റെ മക്കളെ എല്ലാം എനിക്ക് വ്യക്തിപരമായി അറിയാം. അവരിൽ പലരും പല പ്രതിസന്ധികളിലിലും മൊബൈലിൽ ആദ്യം തിരയുന്ന നമ്പർ എന്റേതാണ്. ഇത് സ്വയം സ്തുതിയല്ല. എന്റെ അനുഭവമാണ്. എന്റെ മുന്നിൽ വരുന്ന ഓരോ വിദ്യാർഥിയെയും എന്റെ മാത്രമായിട്ടേ കാണുന്നുള്ളൂ. അതുകൊണ്ടാണ് ഫീസടയ്ക്കാൻ ബുദ്ധിമുട്ട് ഉള്ള എന്റെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ശമ്പളത്തിന്റെ ഒരു ഭാഗം ചിലവാക്കാൻ മടി തോന്നാത്തത്.
പന്ത്രണ്ടാം ക്ലാസ്സ് നല്ല മാർക്കിൽ പാസായി ഉപരി പഠനത്തിന് പൈസ ഇല്ലാതെ വിഷമിച്ച, അപ്പനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയുടെ കണ്ണീർ എന്നെയും പൊള്ളിച്ചത് കൊണ്ടാണ് ആരും അറിയാതെ എന്റെ വണ്ടിയുടെ ആർ.സി ബുക്ക് പണയം വെച്ച് അവനെ ഉപരി പഠനത്തിന് ചേർത്തത്. രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടി പഠനം നിർത്തി കൂലിപ്പണിക്ക് പോകാൻ തുടങ്ങിയ ഒരു വിദ്യാർഥിയെ തിരികെ സ്കൂളിൽ എത്തിച്ചതിന് ശേഷം ആ കുഞ്ഞിന്റെ അമ്മയുടെ ചികിത്സയ്ക്കായി പലരുടെയും മുന്നിൽ കൈ നീട്ടിയപ്പോൾ എനിക്കൊരു ഉളുപ്പും തോന്നാതിരുന്നത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവന് എല്ലാം നേടിയെടുക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിച്ചത് കൊണ്ടാണ്. സ്വന്തം ജീവിത പങ്കാളിയോടും, മാതാപിതാക്കളോടും, കൂടെപ്പിറപ്പിനോടും പോലും പറയാതെ കുമ്പസാര രഹസ്യം പോലെ സൂക്ഷിച്ച ഇക്കാര്യങ്ങൾ ഇപ്പോൾ എഴുതുന്നത് ആരുടേയും കയ്യടി നേടാനോ, സ്വയം പ്രഖ്യാപിത ത്യാഗി ആകാനോ അല്ല മറിച്ച് അധ്യാപനം ഒരു ദൈവികമായ നിയോഗമാണ് എന്നോർമപ്പെടുത്താനാണ്.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും