‘ആ പിടി വിട്ട് ആ കുഞ്ഞിനെ കൂട്ടാതെ ഞാൻ ഒറ്റക്ക് മുന്നോട്ട് പോയിരുന്നെങ്കിലോ’; കൈക്കുമ്പിളിലെ സ്നേഹം

Mail This Article
അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപികയായ ശ്രീലക്ഷ്മി രവി. ഒരു കുരുന്നിന്റെ നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചാണ് എടത്വ ജോർജിയൻ പബ്ലിക് സ്കൂളിലെ അധ്യാപികയായ ശ്രീലക്ഷ്മി രവി കുറിക്കുന്നത്.
കുറിപ്പ് വായിക്കാം
രാവിലെ സ്കൂളിലേക്കുള്ള ഓട്ട പാച്ചിലിനിടക്ക് എപ്പോഴൊക്കെയോ എന്റെ കുഞ്ഞുങ്ങളെ ഞാൻ അവിടെ ശ്രദ്ധിക്കാറില്ല. അവരുടെ ഓരോ നോട്ടത്തിലും, പുഞ്ചിരിയിലും അവരെ കാണാൻ, കേൾക്കാൻ, തിരികെ ഒരു പുഞ്ചിരി എങ്കിലും സമ്മാനിച്ചു പോകാൻ അവരും ആഗ്രഹിക്കാറുണ്ട്. ഞാനും അത് പൊതുവെ ശ്രദ്ധിക്കാറുമുണ്ട്.
എങ്കിലും എപ്പോഴും അതിനു കഴിഞെന്നും വരാറില്ല. പൊതുവെ, സ്കൂൾ ബസ്സിന്റെ കൂടെ അകമ്പടി സേവിച്ചു വരാറുള്ള ഞാൻ അതിലെ കുഞ്ഞുങ്ങളെയും ഒന്നു കണ്ണോടിച്ച് പെട്ടെന്ന് നോക്കാറുമുണ്ട്.
അങ്ങിനെ ഇന്നത്തെ ദിവസം എനിക്ക് ഒരു മാലാഖ കുഞ്ഞിനെ കൂടെ കിട്ടി. കെജി ക്ലാസുകളിൽ നിന്നും ഒന്നിലേക്ക് അവർ എത്തിയിട്ട് അധികം ആയിരുന്നില്ല. എങ്കിലും, ഒരിക്കൽ ആ ക്ലാസുകളിൽ പോയതിന്റെ സ്നേഹമെന്നോണം അവിടെ വണ്ടി വെച്ച് ഓടി പോകാൻ ശ്രമിച്ച എന്നെ ഓടി വന്നു കെട്ടിപിടിച്ച ഒരു കുഞ്ഞ്, എന്റെ കൂടെ നടന്നു.
അവളുടെ കുഞ്ഞി കൈ എന്റെ കൈയ്യോട് ചേർത്ത് അവൾ പിടിച്ചു. നേരം നന്നേ വൈകിയിരുന്നെങ്കിലും ആ പിടി വിട്ട് മുന്നോട്ട് പോകാൻ എനിക്ക് ആകുമായിരുന്നില്ല. പതിയെ എന്റെ വേഗവും കുറഞ്ഞു. അവളുടെ ഡിവിഷൻ പോലും എനിക്ക് അറിയില്ലായിരുന്നു. എങ്കിലും ആ കുഞ്ഞിന്റെ കൈകൾ എന്റെ കയ്യിൽ ഭദ്രമാണ് എന്ന് എന്നേക്കാൾ നന്നായി അവളും ഓർത്ത് കാണുമായിരിക്കാം.
ഒരു പക്ഷെ, ആ പിടി വിട്ട് ആ കുഞ്ഞിനെ കൂട്ടാതെ ഞാൻ ഒറ്റക്ക് മുന്നോട്ട് പോയിരുന്നെങ്കിലോ...? ഏയ്, ആ പിടി വിടാൻ എനിക്ക് ആകുമായിരുന്നില്ല. കാരണം അത്രത്തോളം നിഷ്കങ്കമായിരുന്നു അവളുടെ പുഞ്ചിരിയും ആ കുഞ്ഞി കൈകളും.
സ്നേഹത്തിൽ ചാലിച്ച ആ പുഞ്ചിരിയുടെ പേര് പോലും ഞാൻ ഓർക്കുന്നില്ല. എങ്കിലും ആ കുഞ്ഞി കൈ ഞാൻ ഈ നേരവും ഓർക്കുന്നു.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ. ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും