‘കേരളപാഠാവലി’എന്ന തലക്കെട്ടും ‘മലയാള’മെന്ന എഴുത്തും അവൾക്ക് വായിക്കാനായില്ല!

Mail This Article
അധ്യാപകനെന്ന നിലയിൽ അഭിമാനം തോന്നിയ അത്യപൂർവ നിമിഷങ്ങളിലൊന്ന് ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് ശശികുമാർ കോട്ടായി. ‘കേരളപാഠാവലി’ എന്ന തലക്കെട്ടോ അതിലെ അക്ഷരങ്ങളോ തിരിച്ചറിയാത്ത ഒരു വിദ്യാർഥിനിയെ എങ്ങനെ മിടുക്കിയായ കുട്ടിയാക്കി മാറ്റിയെന്നതിനെ കുറിച്ചുള്ള അനുഭവമാണ് മാത്തൂർ വെസ്റ്റിലെ, ബംഗ്ലാവ് സ്കൂൾ അധ്യാപകനായ ശശികുമാർ പങ്കുവയ്ക്കുന്നത്.
ശശികുമാർ കോട്ടായിയുടെ കുറിപ്പ് വായിക്കാം
അവധിയുടെ ആലസ്യത്തിൽ നിന്നുമുയർന്ന 2013 ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. സന്തോഷവും ഒപ്പം ചില പരിഭവങ്ങളുമായി കൂട്ടുകാർ നേരത്തെ എത്തിയിരുന്നു. അവരുടെ വിശേഷങ്ങളുടെ പെരുമഴപ്പെയ്ത്തിലേക്കാണ് ഞാനിറങ്ങിച്ചെന്നത്. പതിവുപോലെ അവധിക്കു ശേഷമുള്ള ദിനം പകരുന്ന ഉത്സാഹമോ ആലസ്യമോ മറ്റെന്തോകൊണ്ട് ഇന്നാരും ഡയറി എഴുതിയിരുന്നില്ല. ‘‘നമുക്ക് പത്തു ദിവസത്തെ വിശേഷങ്ങൾ വാതോരാതെ പറയാൻ കാണും എല്ലാ വിശേഷങ്ങളും മുഴുവൻ കൂട്ടുകാരിലെത്തിക്കാനുമാവില്ല അതിനാൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസത്തെ അല്ലെങ്കിൽ കൂട്ടുകാരോട് പറയാൻ ആഗ്രഹിക്കുന്ന വിശേഷങ്ങൾ എഴുതിയാലോ?’’ എല്ലാവരും സമ്മതിച്ചു. അവർ ആലോചനയിൽ നിന്നും എഴുത്തിലേക്ക് കടന്നു. ഒരിളംപുഞ്ചിരിയുമായ് ഗായത്രിയും എഴുതാൻ തുടങ്ങി.
ഗായത്രിയുടെ എഴുത്തിന് ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. നാലാം ക്ലാസിലെ ഗായത്രിയുടെ ആദ്യദിനം. വിശേഷങ്ങൾ, ചിത്രം വര, പാട്ടുപാടൽ ഇവയ്ക്കിടയിൽ അവളുടെ ചില പ്രത്യേകതകളും കുറച്ചൊക്കെ എനിക്കറിയാനായി. കൈവശമുണ്ടായിരുന്ന പുസ്തകത്തിലെ ‘കേരളപാഠാവലി’ എന്ന തലക്കെട്ടും അതിനുതാഴെയുള്ള ‘മലയാള’മെന്ന എഴുത്തും അവൾക്ക് വായിക്കാനായില്ല. അതിലെ അക്ഷരങ്ങളെ തിരിച്ചറിയാനും കഴിഞ്ഞില്ല.
വളരെ വൃത്തിയായി നിറയെ പലവർണങ്ങളിലുള്ള വളകളുമണിഞ്ഞെത്തുന്ന ഗായത്രിയുടെ ശ്രദ്ധമുഴുവൻ മിന്നുന്ന ഉടുപ്പിൽ, വളകളിൽ, കയ്യിലെ മൈലാഞ്ചിയിൽ അതുമല്ലെങ്കിൽ നെയിൽപോളീഷിൽ ഇങ്ങനെ മാറി മാറി സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതെപ്പോഴും എന്റെ ശ്രദ്ധയിൽപ്പെടാറുമുണ്ട്. അവളെപ്പോഴും സ്വതന്ത്രയായ് സന്തോഷവതിയായ് സ്വന്തം ലോകത്ത് സഞ്ചരിച്ചുകൊണ്ടേയിരിക്കും.
ഗായത്രിയുടെ ചേച്ചി ഗൗരി 3 വർഷം മുമ്പിവിടെ ഇതേ ക്ലാസിൽ പഠിച്ചതാണ്. ശരീരം മുഴുവൻ വ്രണങ്ങളുമായി പൊട്ടിയൊലിച്ച് വിളറി വെളുത്ത് മെലിഞ്ഞൊരു പെൺകുട്ടി. മുറിവുകൾ അൽപം ഉണങ്ങാൻ തുടങ്ങുമ്പോഴുള്ള ചൊറിച്ചില്‍ അവൾ മാന്തും. അപ്പോൾ ചോരയും ചലവും പുറത്തു ചാടും. ഒപ്പം വേദനകൊണ്ടുള്ള കരച്ചിൽ ഇതെല്ലാം ഇപ്പോഴും എന്റെ കൺമുമ്പിൽ നിറഞ്ഞു നിൽക്കുന്നു. പിന്നീട് രണ്ടു വർഷത്തിനു ശേഷം അവളുടെ ചേതനയറ്റ ശരീരമാണ് ഞങ്ങൾക്ക് കാണാനായത്.
ജൂൺ മാസം അവസാനം കൂടിയ ക്ലാസ് പിടിഎ യോഗത്തിനു ശേഷം ഗായത്രിയുടെ അമ്മയോട് മകളുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. എന്നേക്കാൾ കൂടുതൽ മകളെ മനസ്സിലാക്കിയിരിക്കുന്നതിനാൽ കൂടുതലൊന്നും എനിക്ക് പറയേണ്ടി വന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു ‘‘എന്തുചെയ്യാനാണ് സാറേ...ഒന്നുള്ളത് അങ്ങിനെയുമായി ഇത് ഇങ്ങനെയും.. ലാളിച്ച് വഷളാക്കി, ഇനി എന്താപ്പോചെയ്യാ...’’? ഞാൻ പറഞ്ഞു ‘‘ഗായത്രിയുടെ കാര്യമോർത്ത് നിങ്ങൾ വിഷമിക്കേണ്ട. സമയമൊട്ടും വൈകിയിട്ടുമില്ല. നിങ്ങളുടെ ഭാഗത്തു നിന്നുള്ള ചില സഹായങ്ങൾ മാത്രം മതി. ബാക്കി കാര്യം ഞങ്ങളേറ്റു. എന്നും ഗായത്രി വീടെത്തുമ്പോൾ സ്കൂളിലെ വിശേഷങ്ങൾ അന്വേഷിച്ച് അവൾ പറയുന്നത് അതുപോലെ തന്നെ എഴുതിക്കൊടുത്ത് അത് വായിപ്പിക്കൂ. ഇത് അവളുടെ ഡയറി ബുക്കിൽ ആദ്യമാദ്യം നോക്കി എഴുതിവരട്ടേ. അടുത്ത ദിവസം മുതൽ ഡയറിയെഴുത്ത് തുടങ്ങിയ ഗായത്രി പിന്നീടൊരിക്കലും അത് മുടക്കിയിട്ടില്ല.
ഗായത്രിയെ ഞാൻ രഞ്ജനയെ ഏൽപ്പിച്ചു. ക്ലാസിലെ മിടുക്കിയായ കുട്ടിയാണ് രഞ്ജന. ഒപ്പം മറ്റുള്ളവരോട് അളവറ്റ സ്നേഹവും എല്ലാ പ്രവർത്തനങ്ങളിലും അവൾ ഗായത്രിയെ കൂടെ നിർത്തിയിരുന്നു. അവരങ്ങിനെ അടുത്ത കൂട്ടുകാരായി.
ഇപ്പോൾ ക്ലാസിലെ എല്ലാവരും ഡയറി എഴുതി പൂർത്തിയാക്കിയിരിക്കയാണ്. ഗായത്രിയും എഴുതിക്കഴിഞ്ഞിരിക്കുന്നു. നല്ല വടിവൊത്ത കുനുകുനാ അക്ഷരത്തിൽ ഒരു പേജ് മുഴുവനായും എഴുതിയിട്ടുണ്ട്. എനിക്ക് കൗതുകമായി ഒപ്പം എന്നിലെ അധ്യാപകൻ ഉണർന്നു. അടുത്തിരിക്കുന്ന രഞ്ജനയുടെ ഡയറിയിൽ, ഗായത്രിയുടെ മുമ്പെഴുതിയ ഡയറിയിൽ.... സംശയം തീർത്തു. ഒരു സാമ്യവും കണ്ടെത്താനായില്ല. ഒന്നോ രണ്ടോ ചെറിയ അക്ഷരത്തെറ്റുകൾ മാത്രമുള്ള നല്ലൊരു ഡയറി ‘‘ഗായത്രിക്കിതൊന്ന് ഉറക്കെവായിക്കാമോ’’ അൽപം പതിഞ്ഞ ശബ്ദത്തിലുള്ള ഗായത്രിയുടെ വായന കേൾക്കാനായി ക്ലാസുണർന്നു തികഞ്ഞ നിശ്ശബ്ദത. തപ്പും തടവുമില്ലാതെയുള്ള വായനയിൽ എല്ലാവരും വിസ്മയം പൂണ്ടു. ഒടുവിലൊരു നീണ്ടകരഘോഷം കുട്ടികളുടെ മുഖത്ത് പുഞ്ചിരി. ഗായത്രി വിജയത്തിന്റെ പടവുകൾ കയറുകയാണ്. അംഗീകാരത്തിന്റെ ആകാശത്തിനു താഴെ മഴവില്ലിന്റെ ഏഴുവർണങ്ങളും വിരിയിച്ച് ഒരു കൊച്ചു മാലാഖയായ്... ഗായത്രി നിന്നു...
പ്രത്യേകിച്ച് ഞാനൊന്നും ചെയ്തില്ലെങ്കിൽ കൂടി അധ്യാപകനെന്ന നിലയിൽ അഭിമാനം തോന്നിയ അത്യപൂർവ നിമിഷങ്ങളിലൊന്നായിരുന്നു അത്. ഏത് വലിയ അവാർഡിനേക്കാളും തിളക്കമുള്ള ഇത്തരം അനുഭവങ്ങളുടെ ഊർജമാണ് മുന്നോട്ടുള്ള യാത്രയിലെ പ്രചോദനവും ഉൾക്കരുത്തും.
പ്രിയ അധ്യാപകരേ,
നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും