യശോദയും കൃഷ്ണനുമായി ദിവ്യ ഉണ്ണിയും മകളും; ഐശ്വര്യയ്ക്കൊപ്പം ഗുരുവായൂരിൽ ചുവടുവെച്ച് താരം

Mail This Article
കൃഷ്ണനായി കുഞ്ഞുമകൾ വേദിയിൽ നിറഞ്ഞാടിയതിന്റെ വിഡിയോ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഗുരുവായൂരിൽ മകൾക്കൊപ്പം ചുവടു വെച്ചതിന്റെ മനോഹര ചിത്രങ്ങൾ കൂടി പങ്കുവെച്ചിരിക്കുകയാണ്. 'ഗുരുവായൂർ ഡയറീസ് - യശോദ - കൃഷ്ണ നിമിഷം പുനരാവിഷ്കരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നൃത്ത വേഷത്തിലാണ് ഇരുവരും. ആദ്യത്തെ ചിത്രത്തിൽ യശോദയായി എത്തിയ അമ്മ ദിവ്യ ഉണ്ണിയുടെ കണ്ണുകൾ കൃഷ്ണനായി എത്തിയ ഇളയമകൾ പൊത്തിപ്പിടിക്കുകയാണ്. ഒരു ചെറു ചിരിയോടെ കൃഷ്ണനായി നോക്കി നിൽക്കുന്ന ഐശ്വര്യ ആരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കും. രണ്ടാമത്തെ ചിത്രത്തിൽ അമ്മയുടെ തോളിൽ കൈയിട്ട് നിൽക്കുകയാണ് കുഞ്ഞ്. മൂന്നാമത്തെ ചിത്രത്തിൽ നിറചിരിയോടെ രണ്ടുപേരും നിൽക്കുന്നത് കാണാം.
ഉണ്ണിക്കണ്ണനായി വേദിയിൽ കുഞ്ഞുമകൾ ഐശ്വര്യ നിറഞ്ഞാടിയപ്പോൾ പക്കമേളക്കാർക്കൊപ്പം അമ്മ ദിവ്യ ഉണ്ണിയും ചേർന്നു. ഇതിന്റെ വിഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അമ്മ ദിവ്യ ഉണ്ണിയുടെ കൈ പിടിച്ചായിരുന്നു ഐശ്വര്യ നൃത്ത വേദിയിലേക്ക് എത്തിയത്. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ചിലങ്ക ആദ്യം നെഞ്ചോട് ചേർത്തുവെച്ച് അതിനുശേഷം കാലിൽ അണിഞ്ഞാണ് വേദിയിലേക്ക് എത്തിയത്.
ചെറു ചിരിയോടെ വേദിയിൽ ആടിതിമിർക്കുന്ന മകളെ പക്കമേളക്കാർക്ക് ഒപ്പമിരുന്ന് ദിവ്യ ഉണ്ണി ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞവർഷം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയ മകളുടെ വിഡിയോ ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. അമ്മയെ പോലെ തന്നെ നൃത്തത്തിൽ തൽപരയാണ് ഇളയമകൾ ഐശ്വര്യയും.