'ബിർണാണിയും പൊരിച്ച കോഴിയും വേണം'; ശങ്കുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി

Mail This Article
അങ്കണവാടിയിലെ ഉപ്പുമാവ് തിന്നു മടുത്തെന്നും ബിർണാണിയും പൊരിച്ച കോഴിയും അമ്മയോട് ആണ് കുഞ്ഞു ശങ്കു പറഞ്ഞത്. അമ്മ ശങ്കുവിന്റെ ആവശ്യം മൊബൈലിൽ പകർത്തി ലോകത്തിനു മുമ്പിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽ വൈറലായതോടെ ഇക്കാര്യം മന്ത്രിക്ക് മുന്നിലും എത്തി. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആയിരുന്നു കുട്ടിക്കുറുമ്പൻ്റെ ആവശ്യം. ഏതായാലും അങ്കണവാടിയിൽ ബിരിയാണി വിപ്ലവത്തിന് തുടക്കം കുറിച്ച കുഞ്ഞ് ശങ്കുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി വീണ ജോർജ്.
ആലപ്പുഴ ദേവീകുളങ്ങര സ്വദേശികളായ അശ്വതിയുടെയും സോമനസുന്ദറിന്റെയും മകൻ ശങ്കു എന്ന ത്രിജല സുന്ദർ ആണ് ആ കൊച്ചു മിടുക്കൻ. മൂന്നര വയസുകാരനായ ശങ്കുവിന്റെ ആവശ്യം ഉപ്പുമാവ് മാറ്റി ബിർണാണിയും പൊരിച്ച കോഴിയും ആക്കണമെന്നുള്ളതാണ്. അതേസമയം, ശങ്കു ഉപ്പുമാവ് കഴിക്കാൻ വലിയ പാടാണെന്ന് അമ്മ അശ്വതിയും പറയുന്നു. ഏതായാലും വിഡിയോ വൈറലായതിനു പിന്നാലെ ശങ്കുവിന് വമ്പൻ ബിരിയാണി ഓഫറുകളാണ്.
ഏതായാലും മന്ത്രി വീണ ജോർജും ശങ്കുവിൻ്റെ ആവശ്യം കേട്ടു. 'ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പർ അങ്കണവാടിയിൽ ശങ്കു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ത്രിജല സുന്ദർ, ആ മകനാണ് അവന്റെ ഏറ്റവും നിഷ്കളങ്കമായ ഒരു ആവശ്യം ഉന്നയിച്ചത്. അവന്റെ അമ്മയാണ് അത് വിഡിയോ എടുത്ത് പുറംലോകത്തേക്ക് എത്തിച്ചത്. വളരെ മനോഹരവും നിഷ്കളങ്കവുമായിട്ടുള്ള ഒരു ആവശ്യമാണ്. ആ കുഞ്ഞ് ആവശ്യപ്പെട്ടിരിക്കുന്നത് അവന് അങ്കണവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണം എന്നുള്ളതാണ്. ഒരു കാര്യം ഇതുമായി ബന്ധപ്പെട്ട് പറയാൻ ആഗ്രഹിക്കുന്നു. ആ അമ്മയ്ക്കും അങ്കണവാടി ടീച്ചറിനും അതോടൊപ്പം അവിടെയുള്ള എല്ലാവർക്കും എന്റെ സ്നേഹാഭിവാദ്യങ്ങൾ, പ്രിയപ്പെട്ട ശങ്കുവിനും. തീർച്ചയായും ശങ്കുവിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് നമുക്ക് ഇതൊന്ന് പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. മുട്ടയും പാലും നമ്മൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് നല്ല വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് അത് ഉദ്ഘാടനം ചെയ്തത്. അതുകൊണ്ട് ഇപ്പോൾ നിലവിലുള്ള മെനു എങ്ങനെ പരിഷ്കരിക്കാമെന്നുള്ളത് തീർച്ചയായിട്ടും, പ്രിയപ്പെട്ട ശങ്കുമോൻ ഉൾപ്പെടെയുള്ള കുട്ടികളോട് പറയാനായിട്ട് ആഗ്രഹിക്കുകയാണ്' - മന്ത്രി വീണ ജോർജ് പറഞ്ഞു.
മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'അംഗൻവാടിയിൽ ബിരിയാണി വിപ്ലവത്തിന് തുടക്കം കുറിച്ച ധീര യോദ്ധാവേ….അഭിവാദ്യങ്ങൾ….', 'അംഗനവാടി നാവോഥാന നായകൻ, ശങ്കു മോൻ', 'ഇത് ചരിത്രം...അംഗൻവാടി ബിരിന്നാണി ആവാസ് യോജനയുടെ മുഖ്യ ശിൽപ്പി... ദേവികുളം ശങ്കു' എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.