'മറക്കില്ല നിന്നെ'; കുഞ്ഞുപെങ്ങളുടെ ശവകുടീരത്തിനരികിൽ സ്കൂൾ ഐഡി കാർഡുമായി സഹോദരൻ - കണ്ണു നനയിച്ച് വിഡിയോ

Mail This Article
പ്രിയപ്പെട്ടവരുടെ വേർപാട് നമുക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. കാലം എത്ര കഴിഞ്ഞാലും ആ മുറിവ് മനസ്സിൽ മായാതെ കിടക്കും. മരണം കവർന്നെടുത്ത കുഞ്ഞനിയത്തിയെ മറക്കാൻ അവന് കഴിഞ്ഞില്ല. സ്കൂളിൽ നിന്ന് കിട്ടിയ പുതിയ ഐഡി കാർഡ് അനിയത്തിയെ കാണിക്കാൻ അവൻ എത്തി. അവൾ നിത്യസ്മരണയായി മാറിയ ആ മൺകുടീരത്തിന് മുകളിലെ ചെടിയിൽ ഐഡി കാർഡ് അണിയിച്ചു. അൽപനേരം അങ്ങനെ നിന്നതിനു ശേഷം ഐഡി കാർഡ് തിരികെയെടുത്തു. അതിനു ശേഷം മൺകുടീരം വൃത്തിയാക്കി.
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ വിഡിയോ കണ്ട് കണ്ണീർ വാർത്തത്. റിജാസ് കരക്കാടൻ എന്ന വ്യക്തിയാണ് എഡിറ്റ് ചെയ്ത വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. 'കുഞ്ഞുപെങ്ങളുടെ അടുത്തു പോയി പുതിയ സ്കൂൾ ഐഡി കാർഡ് കാണിച്ചു കൊടുക്കുന്ന സഹോദരൻ, കണ്ണ് നിറയുന്ന കാഴ്ച്ച...' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
കുഞ്ഞുമകന്റെ വേദന കണ്ടിട്ട് കണ്ണ് നിറഞ്ഞവരായിരുന്നു കമന്റ് ബോക്സിൽ ഏറെയും. 'എന്തിനാ ഇതുപോലെയുള്ള വിഡിയോ ഇടുന്നേ... സങ്കടം താങ്ങാൻ വയ്യ....', ' തീർച്ചയായും. കണ്ണ് നിറയാതിരിക്കില്ല അത്രയും നല്ല ഒരു വിഡിയോ ആണ് ഇത് ആ കുട്ടിയുടെ ആത്മാവിന് ശാന്തി നൽകണേ', 'ഇത് കാണുമ്പോൾ ഒരുപാട് വേദന ഉണ്ട്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.