'എന്നാലും ഈ ചേട്ടനേതാ'; ടൊവിക്കും ദിലീപിനും ബേസിലിനുമൊപ്പം സെൽഫി, പക്ഷേ സ്ഥലത്തെ 'പ്രധാന പയ്യൻ'സിനെ ഒഴിവാക്കി

Mail This Article
വേദിയിലേക്ക് ഒന്ന് നോക്കിയപ്പോൾ നിരനിരയായി പ്രിയപ്പെട്ട താരങ്ങൾ ഇരിക്കുകയാണ്. എന്നാൽ പിന്നെ കിട്ടിയ അവസരം മുതലാക്കി ഓരോ സെൽഫി എടുത്തേക്കാമെന്ന് വിചാരിച്ചു കൊച്ചു മിടുക്കി. ആദ്യം ടൊവിനോ തോമസിന് ഒപ്പം ആയിരുന്നു സെൽഫി എടുത്തത്. തൊട്ടു പിന്നാലെ ദിലീപ്, ബേസിൽ ജോസഫ് എന്നിവർക്കൊപ്പവും സെൽഫി എടുത്തു. അതിനുശേഷം തൊട്ടപ്പുറത്ത് ഇരുന്ന വെള്ളയും വെള്ളയും ഇട്ട ചേട്ടന്റെ അരികിലേക്ക് ചെന്നു. നോക്കിയപ്പോൾ ഒരു പരിചയക്കുറവ്. പിന്നെ ഒന്നും നോക്കിയില്ല. അടുത്തിരിക്കുന്ന ബേസിൽ ചേട്ടനോട് തന്നെ ഇതാരാണെന്ന് ചോദിച്ചു. മറുപടിയിൽ അത്ര തൃപ്തയായില്ല. ആ സെൽഫി കട്ട് ചെയ്ത് കൊച്ച് വേദി വിട്ടിറങ്ങി.
ചാലക്കുടിയിലെ റാഫേൽ ഫിലിം സിറ്റിയുടെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു രസകരമായ ഈ സംഭവം. സഞ്ജു സാംസൺ, ടൊവിനോ തോമസ്, ദിലീപ്, ബേസിൽ ജോസഫ് എന്നിവർക്ക് ഒപ്പം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫും ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്നു. സിനിമാതാരങ്ങൾക്ക് ഒപ്പം സെൽഫി എടുത്ത കുട്ടി എം എൽ എയുടെ അരികിൽ എത്തിയപ്പോൾ ഒന്ന് അന്തം വിട്ടു.
സിനിമയിൽ ഒന്നും കണ്ടിട്ടില്ലല്ലോ എന്നായിരിക്കും കുട്ടി ഓർത്തത്. ഏതായാലും എം എൽ എയുടെ അടുത്തിരിക്കുന്ന ബേസിൽ ജോസഫിനോട് തന്നെ സംശയനിവാരണം നടത്തി. വെള്ളയും വെള്ളയും ഇട്ട ചേട്ടൻ സിനിമയിൽ ഇല്ലെന്നും എം എൽ എ ആണെന്നും കേട്ടത് കൊണ്ടാണോ എന്നറിയില്ല, സെൽഫി ഒന്നുമെടുക്കാതെ കുട്ടി അപ്പോൾ തന്നെ വേദി വിട്ടു.
ഏതായാലും സോഷ്യൽ മീഡിയയിൽ ഈ വിഡിയോ വൈറലായിരിക്കുകയാണ്. അറിയാത്ത ആളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയ കുഞ്ഞ് ഒരു മിടുക്കി തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏതായാലും കൊച്ചിന്റെ ഒരു സെൽഫി കാരണം ചാലക്കുടി എം എൽ എ പോപ്പുലർ ആയെന്നാണ് സോഷ്യൽ മീഡിയ സംസാരം.