സമ്മാനം കണ്ട് സാറിന്റെ കണ്ണു നിറഞ്ഞു; തങ്കം പോലെ മനസ്സുള്ള കുട്ടികളുമുണ്ട് 2K കിഡ്സിൽ

Mail This Article
അടുത്തിടെ ഉണ്ടായ നിരവധി സംഭവങ്ങൾ 2K കിഡ്സിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവ ആയിരുന്നു. എന്നാൽ വളരെ നല്ല കുട്ടികളും അധ്യാപകരെ ബഹുമാനിക്കാനും അവരുടെ മനസ് അറിയാനും കഴിയുന്ന കുട്ടികളും ഈ തലമുറയിൽ ഉണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് കുട്ടികൾ സമ്മാനം നൽകുന്നതും ആ സമ്മാനം കണ്ട് അധ്യാപകന്റെ കണ്ണ് നിറയുന്നതുമാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.
'പ്രിയപ്പെട്ട സാറിന് അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യമായൊരു ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ക്ലാസിലേക്ക് എത്തുന്ന സാറിന് യുണിഫോം ധരിച്ച ഒരു കുട്ടി സമ്മാനം നൽകുന്നു. സമ്മാനം തുറന്നു നോക്കുന്ന സമയത്ത് ആദ്യം തന്നെ സാറ് അമ്പരന്ന് പോകുകയാണ്. കാരണം, അത്രമേൽ സ്നേഹിച്ചവർക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഫോട്ടോയിൽ. പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും ഒപ്പം സാറ് നിൽക്കുന്ന ചിത്രമാണ് സമ്മാനമായി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകന് നൽകിയത്.
സാറ് സമ്മാനം തുറന്നു നോക്കുമ്പോൾ സന്തോഷം കൊണ്ട് ആർപ്പു വിളിക്കുകയും കൈ കൊട്ടുകയും ചെയ്യുകയാണ് വിദ്യാർത്ഥികൾ. കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ അധ്യാപകന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം നൊമ്പരം ഉള്ളിലൊതുക്കി കണ്ണട മുഖത്ത് നിന്ന് എടുത്തു. വീണ്ടും ആ ചിത്രത്തിലേക്ക് തന്നെ ഒന്നും പറയാതെ നോക്കി നിന്നു. റീൽ കാണുന്നവരുടെ കണ്ണിലും രണ്ടുതുള്ളി കണ്ണുനീർ അറിയാതെ പൊടിയും. ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തോമസ് കുട്ടി മാത്യു ചീരംവേലിൽ സാറിന് ആയിരുന്നു വിദ്യാർത്ഥികൾ ഈ മനോഹരമായ സമ്മാനം നൽകിയത്.
മനോഹരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'അപ്പോ പ്രശ്നം ജനറേഷന്റെ അല്ല, ഇവിടുത്തെ സിസ്റ്റം തന്നെയാണ് പ്രശ്നം..', 'സാറിനു ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പറ്റിയ ഗിഫ്റ്റ്', ' ആ കുട്ടികളെക്കാൾ കുഞ്ഞു മനസ്സാണ് സാറിനിപ്പോ..... അറിയാതെ വിതുമ്പിപ്പോയി', 'ഇത്രയും വലിയ ഗിഫ്റ്റ് ആ സാറിന് കൊടുക്കണമെങ്കിൽ ആ സാർ കുട്ടികൾക്ക് എത്ര പ്രിയപ്പെട്ടതായിരിക്കണം', ' ആ കുട്ടികൾക്ക് അതൊരു അധ്യാപകൻ മാത്രമല്ല അച്ഛനാണ് ഇത്രേം മക്കളെ കിട്ടിയ അച്ഛനും; ആ മക്കളും ഭാഗ്യം ചെയ്തവരാ', 'അവിടെ നിൽക്കുന്നതിൽ ഏറ്റവും ചെറിയ കുട്ടിയായി ആ മനുഷ്യൻ മാറി... ഏറ്റവും പ്രിയപ്പെട്ട ആശിച്ച ഒന്ന് പെട്ടെന്ന് കിട്ടുമ്പോൾ ഒരു കുഞ്ഞിന് ഉണ്ടാകുന്ന കൗതുകവും സന്തോഷം എല്ലാം ആ മുഖത്തുണ്ട്... അത്രമേൽ ആഗ്രഹിച്ച എന്തോ ഒന്ന് കിട്ടിയതിന്റെ സന്തോഷം ആ കണ്ണിലുണ്ട്..,ആ കണ്ണീരിലുണ്ട്' - ഇങ്ങനെ പോകുന്നു കമന്റുകൾ.