ആലിയ മകൾക്ക് ഏർപ്പെടുത്തിയ വിലക്കിന് കാരണം ആ 'ഹൊറിബിൾ മദർ' പരാമർശം

Mail This Article
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. മകൾ റാഹ എത്തിയതോടെ ഒഴിവു സമയങ്ങളിൽ മകൾക്കൊപ്പം തിരക്കിൽ ആയിരിക്കും താരം. മകൾക്ക് കഥകൾ വായിച്ചു കൊടുക്കുന്ന ചിത്രങ്ങളും മറ്റും ആലിയ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മയായി മാറിയതിനു ശേഷം ഓരോ ഘട്ടത്തിലും താൻ പുതിയത് എന്തെങ്കിലും പഠിക്കുന്നുണ്ടെന്നാണ് ആലിയ പറയുന്നത്. സ്ക്രീൻ ടൈം അനുവദിച്ചു നൽകുന്ന സമയത്തിലെ വ്യത്യാസം ആണ് അമ്മ സോണി റസ്ദാനെയും മകൾ ആലിയയെയും വ്യത്യസ്തരാക്കുന്നത്.
മകൾക്ക് സ്ക്രീൻ സമയം നൽകുന്ന കാര്യത്തിൽ താൻ വളരെയധികം ബോധവതിയാണെന്ന് വ്യക്തമാക്കുകയാണ് ആലിയ ഭട്ട്. കുട്ടിക്കാലത്ത് ടെലിവിഷൻ കാണുന്നത് തനിക്ക് ഇഷ്ടമായിരുന്നെന്നും അതിന് ഒരിക്കൽ പോലും അമ്മ തന്നെ തടസ്സപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമാക്കുകയാണ് ആലിയ ഭട്ട്. എന്നാൽ, ഒരു അമ്മ എന്ന നിലയിൽ രണ്ടു വയസുള്ള തന്റെ മകളുടെ സ്ക്രീൻ സമയത്തെക്കുറിച്ച് താൻ ബോധവതിയാണെന്ന് ആലിയ വ്യക്തമാക്കി.
'ടെലിവിഷൻ എനിക്കൊരു ഭ്രമമായിരുന്നു. എനിക്കത് വ്യക്തമായി ഓർമയുണ്ട്. ഞാനും എന്റെ അമ്മയും ഇതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറുണ്ട്. അപ്പോൾ താനൊരു ഹൊറിബിൾ അമ്മയായിരുന്നോ എന്ന് അമ്മ ചോദിക്കാറുണ്ട്. കാരണം, എന്റെ മകളുടെ സ്ക്രീൻ സമയത്തെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ട്' - ആലിയ പറഞ്ഞു. തനിക്ക് ലഭിച്ചതു പോലെ വലിയ സ്ക്രീൻ സമയമൊന്നും റാഹയ്ക്ക് ലഭിക്കാറില്ലെന്ന് ആലിയ വ്യക്തമാക്കി. ഐപാഡ് ഒന്നും കുഞ്ഞ് നോക്കാറില്ല. എന്നാൽ, ടിവിയിൽ മകൾ ഒരു പാട്ട് കാണുമ്പോൾ പോലും സ്ക്രീൻ സമയത്തെക്കുറിച്ച് ആശങ്ക ഉണ്ടാകാറുണ്ടെന്നും ആലിയ വ്യക്തമാക്കി.
അതേസമയം അമ്മ ഹൊറിബിൾ ആയിരുന്നെന്ന് തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ലെന്ന് ആലിയ വ്യക്തമാക്കി. ടെലിവിഷൻ എന്നത് ആ കാലത്ത് ഒരു പുതിയ പ്രതിഭാസം ആയിരുന്നു. അതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. പക്ഷേ, ടെലിവിഷന് മുമ്പിൽ ഞാൻ ഇരിക്കുന്നതിൽ നിന്ന് തന്നെ തടയാതിരുന്നതിൽ അമ്മയോട് നന്ദിയുള്ളവളാണ്. കാരണം തന്റെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്തിലേക്ക് താൻ യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ആലിയ പറഞ്ഞു. തന്റെ അമ്മ സോണി റസ്ദാൻ റാഹയ്ക്ക് വേണ്ടി പാചകം ചെയ്യുന്നത് തനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും ആലിയ വ്യക്തമാക്കി.