മഞ്ഞണിക്കാട്ടിലെ സത്യസന്ധനായ ആനക്കുട്ടി! അനിമേറ്റഡ് കഥ

Mail This Article
ഒരിടത്തു ഒരിടത്തു മഞ്ഞണിക്കാട് എന്ന ഒരു കാട് ഉണ്ടായിരുന്നു. അവിടെ അപ്പു എന്ന പേരുള്ള ഒരു ആനക്കുട്ടി അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നു. നല്ലവനായ അവനെ അവിടെയുള്ള മറ്റു മൃഗങ്ങൾക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. അപ്പുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു ശങ്കു അണ്ണാനും അമ്മിണിക്കുരുവിയും സോനു കാക്കയും. എപ്പോഴും നാലുപേരും കൂടി കാട്ടിലൂടെ കളിച്ചു രസിക്കുമായിരുന്നു.
ഒരു ദിവസം സോനു കാക്ക അവളുടെ അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനു പോയി. മഞ്ഞണിക്കാട്ടിൽ നിന്നും കുറച്ചു ദൂരെയായി കൃഷ്ണപുരം എന്നുപേരുള്ള ഒരു നാട്ടിൽ, ഒരു ആൽ മരത്തിലായിരുന്നു അവളുടെ അമ്മൂമ്മയുടെ വീട്. അവളുടെ അമ്മൂമ്മയുടെ വീടിനടുത്തു ഒരു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ ഒരുപാട് കുട്ടികൾ പഠിച്ചിരുന്നു. അവരുടെ കളിയും ചിരിയും കലപില ശബ്ദവും എല്ലാം സോനുകാക്കയ്ക്ക് വലിയ ഇഷ്ടമായിരുന്നു. സോനു അമ്മൂമ്മയുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ആ വിദ്യാലയത്തിന്റെ മുറ്റത്തു പോയി അതെല്ലാം കണ്ടു ഇരിക്കുമായിരുന്നു. പതിവുപോലെ ഇത്തവണയും സോനു അവിടെ ചെന്നിരുന്നു.
അപ്പോൾ അതാ അവിടെ മുറ്റത്തു നല്ല ഭംഗിയുള്ള തിളങ്ങുന്ന ഒരു കുഞ്ഞു സ്വർണമാല കിടക്കുന്നു. സോനു കാക്കയ്ക്ക് അത് വളരെ ഇഷ്ടപ്പെട്ടു. അവൾ വിചാരിച്ചു, ഇത്തവണ അപ്പുക്കുട്ടന്റെ പിറന്നാൾ സമ്മാനമായി ഈ തിളങ്ങുന്ന മാല കൊടുക്കാം. അവൾ ആ മാലയും കൊത്തിയെടുത്തു മഞ്ഞണിക്കാട്ടിലേക്കു പറന്നു. അവൾ പറന്നു വരുന്നത് കണ്ടു കൂട്ടുകാർ മൂന്നുപേരും അവളുടെ അടുത്തേക്കു ഓടി വന്നു. അവർ അവളുടെ കൊക്കിലിരിക്കുന്ന തിളങ്ങുന്ന മാല കണ്ടു. എന്ത് ഭംഗിയുള്ള മാല, ഇത് നിനക്ക് എവിടെ നിന്ന് കിട്ടി സോനു, അമ്മിണിക്കുരുവി ചോദിച്ചു. അപ്പോൾ സോനു പറഞ്ഞു, നാട്ടിലെ വിദ്യാലയത്തിന്റെ മുറ്റത്തു കിടന്നു കിട്ടിയത് ആണിത്, ഇന്ന് അപ്പുവിന്റെ പിറന്നാൾ അല്ലേ, അപ്പൂ നിനക്ക് എന്റെ വക പിറന്നാൾ സമ്മാനമാണിത്. അയ്യയ്യോ സോനു, നീ എന്താണീ പറയുന്നത്? അപ്പു ചോദിച്ചു. മറ്റുള്ളവരുടെ സാധനങ്ങൾ അവരുടെ അനുവാദമില്ലാതെ ഒരിക്കലും എടുക്കരുത് എന്നാണ് എന്റെ അമ്മയും അച്ഛനും എന്നെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് എനിക്ക് ഇതു വേണ്ട. ഈ മാല അതിന്റെ യഥാർത്ഥ ഉടമസ്ഥനു തിരികെ കൊടുക്കണം. സോനു ഞങ്ങളും വരാം നിന്നോടൊപ്പം, നമുക്കു ഈ മാല ആ വിദ്യാലയത്തിലെ പ്രധാന അധ്യാപകന്റെ കൈയിൽ ഏല്പിക്കാം, അപ്പു പറഞ്ഞു.
ശങ്കു അണ്ണാനും അമ്മിണിക്കുരുവിയും ആ അഭിപ്രായത്തോട് യോജിച്ചു. മനസ്സില്ലാമനസ്സോടെ സോനുവും സമ്മതിച്ചു. നാലു പേരും കൂടി കാടിറങ്ങി കൃഷ്ണപുരത്തു വിദ്യാലയത്തിൽ എത്തി. ഇവരെ കണ്ടു കുട്ടികളെല്ലാം ഓടി വന്നു. എല്ലാവർക്കും അപ്പുവിനെ ആയിരുന്നു കൂടുതൽ ഇഷ്ടമായത്. അപ്പു അവിടത്തെ പ്രധാന അധ്യാപകനെ തിളങ്ങുന്ന ആ മാല ഏല്പിച്ചിട്ടു പറഞ്ഞു, ഇത് ഇവിടുത്തെ മുറ്റത്തു നിന്ന് ഞങ്ങൾക്ക് കളഞ്ഞു കിട്ടിയതാണ്, ദയവായി ഇത് അങ്ങ് ഇതിന്റെ യഥാർത്ഥ ഉടമസ്ഥന് തിരികെ കൊടുക്കണം. ആ മാല അമ്മു എന്ന കുട്ടിയുടേതായിരുന്നു. അവളുടെ പിറന്നാൾ സമ്മാനമായി അവളുടെ അച്ഛൻ വാങ്ങിക്കൊടുത്തതായിരുന്നു അത്. മാല കളഞ്ഞു പോയപ്പോൾ മുതൽ അമ്മു കരയുകയായിരുന്നു.
അധ്യാപകൻ ആ മാല അമ്മുവിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. അതുകണ്ടു എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു. അപ്പോൾ ആ അധ്യാപകൻ പറഞ്ഞു, കുട്ടികളെ നിങ്ങൾ നല്ലവരായ ഈ ആനക്കുട്ടിയെയും അവന്റെ കൂട്ടുകാരെയും കണ്ടു പഠിക്കണം. അവർ എത്ര സത്യസന്ധതയോടെയാണു ഈ മാല ഇവിടെ തിരിച്ചേൽപിച്ചത്. അതുകൊണ്ടു അമ്മുവിന് എത്രമാത്രം സന്തോഷം ഉണ്ടായി. നമ്മൾ ഓരോരുത്തരും സത്യസന്ധരായി മറ്റുള്ളവർക്കു നന്മ ചെയ്തു ജീവിക്കണം. അവർ എല്ലാവരും സന്തോഷത്തോടെ അപ്പുവിനെയും കൂട്ടുകാരെയും ധാരാളം മധുരപലഹാരങ്ങളും പഴങ്ങളും മറ്റും നൽകി സൽക്കരിച്ചു കാട്ടിലേക്കു യാത്രയയച്ചു.
ഗുണപാഠം : സത്യം പറയുക, നല്ല കുട്ടികളായി വളരുക !!!!