'അമ്മേടെ അമ്പോറ്റിപ്പെണ്ണ്, അച്ഛനൊപ്പം ഗുരുവായൂർ ദർശനത്തിന് ശേഷം'; മകളുടെ മനോഹരചിത്രം പങ്കുവെച്ച് നടി ഭാമ

Mail This Article
പ്രിയമകളുടെ മനോഹരചിത്രം പങ്കുവെച്ച് നടി ഭാമ. അച്ഛനൊപ്പം മകൾ ഗുരുവായൂർ ദർശനം നടത്തിയതിനു ശേഷമുള്ള ചിത്രമാണ് ഭാമ പങ്കുവെച്ചത്. കസവു പാവാടയും ബ്ലൗസും ധരിച്ച് തലയിൽ മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്ന കുഞ്ഞിന്റെ കൈയിൽ ഒരു മയിൽപ്പീലിയുമുണ്ട്. ഉണ്ണി കണ്ണന്റെ ചിത്രമുള്ള സ്റ്റിക്കർ കൊണ്ട് മകളുടെ മുഖം മറച്ചിട്ടുണ്ട്. ഇടതുകൈയിൽ മയിൽപ്പീലിയും വലതു കൈയിൽ ഓടക്കുഴലുമായാണ് കുഞ്ഞ് ഇരിക്കുന്നത്. 'അമ്മേടെ അമ്പോറ്റിപ്പെണ്ണ്, അവളുടെ അച്ഛനൊപ്പം ഗുരുവായൂർ ദർശനത്തിന് ശേഷം' എന്ന അടിക്കുറിപ്പോടെയാണ് ഭാമ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുഖം മറച്ച് ഫോട്ടോ പങ്കുവെച്ചത് ഇഷ്ടപ്പെടാത്ത ആരാധകരുമുണ്ട്. എന്തുകൊണ്ടാണ് മകളുടെ മുഖം കാണിക്കാത്തതെന്നും, മകളെ തങ്ങളും ഒന്ന് കണ്ടോട്ടെയെന്നും നിരവധി പേരാണ് കമന്റെ ബോക്സിൽ പറയുന്നത്.
കുടുംബസുഹൃത്തും വ്യവസായിയുമായ അരുണുമായി 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടെ വിവാഹം കഴിഞ്ഞത്. 2021ൽ ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചു. എന്നാൽ, താൻ ഇപ്പോൾ സിംഗിൾ മദറാണെന്ന് വ്യക്തമാക്കി ഭാമ കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഒരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു എത്രമാത്രം കരുത്തുള്ളവളാണ് ഞാനെന്ന്. എനിക്കു മുന്‍പിലുള്ള ഏക പോംവഴി കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു. ഞാനും എന്റെ കുഞ്ഞും' - എന്ന് ഒരു കുറിപ്പ് പങ്കുവെച്ചാണ് ഭാമ താൻ സിംഗിൾ മദറാണെന്ന് പറഞ്ഞത്. ഭർത്താവുമൊത്തുള്ള ചിത്രങ്ങളും ഭാമ തന്റെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.