ഒരു എ4 പേപ്പറിന് എത്ര പൈസയാവും? അൻപതു പൈസയാവുമെന്നു കണക്കാക്കാം. അങ്ങിനെയെങ്കിൽ 54 എ4 പേപ്പറിനോ? 27 രൂപ. പക്ഷേ ബ്രിട്ടനിൽ കഴിഞ്ഞ വർഷം നടന്ന ഒരു ലേലത്തില്‍ 54 പേജുകൾ വിറ്റുപോയത് ഏകദേശം 120 കോടി രൂപയ്ക്കാണ്. അതെന്താ സ്വർണം കൊണ്ടുള്ള പേജുകളാണോ വിറ്റുപോയത് എന്നു തോന്നുന്നുണ്ടോ? ഒരുപക്ഷേ സ്വർണത്തേക്കാൾ മൂല്യമേറിയതാണ് ആ പേജുകൾ. അവയില്‍ എഴുതിയത് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനാണ്. അദ്ദേഹവും സുഹൃത്തായ സ്വിസ് എൻജിനീയർ മൈക്കെൽ ബെസ്സോയും ചേർന്നെഴുതിയ പേപ്പറുകളാണ് ബ്രിട്ടനിലെ ക്രിസ്റ്റീസ് ഓക്‌ഷൻ ഹൗസിൽ 1.498 കോടി ഡോളറിന് വിറ്റുപോയത്. ഇരുവരും 1913–14 കാലഘട്ടത്തിലാണ് ഈ നോട്ടുകൾ എഴുതിയത്. അതിൽ 26 പേജ് എഴുതിയത് ഐൻസ്റ്റീനായിരുന്നു, 25 പേജ് ബെസ്സോയും. ബാക്കി മൂന്നു പേജും ഇരുവരും ഒരുമിച്ചെഴുതിയതാണ്. 1900ത്തിന്റെ ആരംഭത്തിലാണ് ഐൻസ്റ്റീനും ബെസ്സോയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരുടെയും ഇഷ്ടവിഷയം ഭൗതികശാസ്ത്രമായതോടെ സൗഹൃദവും ശക്തമായി. ഐൻസ്റ്റീന്റെ പ്രശസ്തമായ E=mc² സമവാക്യം കൂട്ടുകാർക്ക് അറിയില്ലേ? പത്താം ക്ലാസിലെ ഭൗതിക ശാസ്ത്രം പാഠപുസ്തകത്തിൽ പഠിക്കാനുണ്ട്. ആ സമവാക്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള കണക്കുകൂട്ടലുകളിലും ഗവേഷണങ്ങളിലും ഐൻസ്റ്റീന്‍ ഏറെ സഹായിച്ച വ്യക്തി കൂടിയാണ് ബെസ്സോ.

എന്താണ് E=mc² വ്യക്തമാക്കുന്നത്?
ദ്രവ്യം ഊർജമാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന ഊർജത്തിന്റെ അളവ് കണക്കാക്കുന്ന സമവാക്യമാണ് E=mc². ഇവിടെ m എന്നു വച്ചാൽ പരിവർത്തനം ചെയ്യുന്ന ദ്രവ്യത്തിന്റെ മാസ് (mass) ആണ്. c എന്നത് പ്രകാശത്തിന്റെ വേഗം (Speed of light). പ്രകാശത്തിന്റെ വേഗത്തെ കുറിക്കാൻ ഭൗതികശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത് c എന്ന ചിഹ്നമാണ്, ലാറ്റിന്‍ വാക്കായ ‘celerity’യിൽ നിന്നാണ് ഇതുണ്ടായത്. ലാറ്റിനിൽ celerity എന്നാൽ അതിവേഗം എന്നും അർഥമുണ്ട്. ഐൻസ്റ്റീന്റെ സമവാക്യത്തിലെ E എന്നത് ലഭിക്കുന്ന ഊർജത്തിന്റെ (Energy) അളവാണ്. ഇത്തരം സമവാക്യങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയുമാണ് ഭൗതികശാസ്ത്രത്തിന്റെ പിതാവായി ഐൻസ്റ്റീൻ മാറിയത്. അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും 54 പേജുള്ള നോട്ട് വാങ്ങിയത് ആരാണെന്നു മാത്രം ചോദിക്കരുത്, അത് രഹസ്യമാണ്. ക്രിസ്റ്റീസ് നടത്തുന്ന പല ലേലങ്ങളിലും പലരും പങ്കെടുക്കുന്നത് രഹസ്യമായാണ്. അതുപോലൊരാളാവും ഐൻസ്റ്റീന്റെ നോട്ടും വാങ്ങിയത്. എന്നെങ്കിലും ഏതെങ്കിലുമൊരു മ്യൂസിയത്തിൽ അത് പ്രദര്‍ശനത്തിന് എത്തുമായിരിക്കും എന്നു മാത്രം പ്രതീക്ഷിക്കാം. നേരത്തേ E=mc² എന്നെഴുതിയ ഐൻസ്റ്റീന്റെ നോട്ടും ലേലത്തില്‍ പോയിട്ടുണ്ട്, അത് 12 ലക്ഷം ഡോളറിനായിരുന്നു. ഏകദേശം 10 കോടി രൂപ!
English Summary: Einstein and his world famous equation note - MKid study plus