കണ്ടെത്തിയത് ആയിരക്കണക്കിന് അസ്ഥികൾ; ഇന്നും ഉത്തരമില്ലാതെ തവളകളുടെ കൂട്ടമരണം!

HIGHLIGHTS
  • ഇനി വാർത്ത വായിച്ചു പഠിക്കാം; കൊച്ചു കൂട്ടുകാർക്കായി എംകിഡ് സ്റ്റഡി പ്ലസ്
  • പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം വാർത്തകളിലെ കൗതുകവും
mass-death-of-tads-and-frogs-mkid-study-plus
ഗവേഷകർ കണ്ടെത്തിയ തവളകളുടെ അസ്ഥി സാംപിളുകൾ. Photo Credit: MOLA_ANDYCHOPPING
SHARE

പക്ഷികൾ മാത്രമാണോ മുട്ടയിടാറുള്ളത്? അല്ലേയല്ല. ഉറുമ്പ്, പുൽച്ചാടി, ഈച്ച, വണ്ട്, ശലഭങ്ങൾ പോലുള്ള പ്രാണികളും (insects) മുട്ടയിടും. മത്തി, അയല, വരാൽ, മുഷി, ഗപ്പി പോലുള്ള മത്സ്യങ്ങളും (Pisces) മുട്ടയിടുന്നവയാണ്. മുതല, പാമ്പ്, പല്ലി, അരണ, ഓന്ത് തുടങ്ങിയ ഉരഗങ്ങളും (reptiles) മുട്ടയിടും. ഇതൊന്നുമല്ലാതെ മുട്ടയിടുന്ന വേറൊരു കൂട്ടരുണ്ട്, അവരാണ് ഉഭയജീവികൾ (Amphibians). അവയ്ക്ക് കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനും കഴിയും. തവള, സാലമാന്റർ, സീസിലിയൻ തുടങ്ങിയവയാണ് അതിന്റെ ഉദാഹരണമായി നമുക്ക് ചൂണ്ടിക്കാട്ടാനാവുക. അ‍‌ഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിൽ കൂട്ടുകാർക്ക് ഇതെല്ലാം പഠിക്കാനുണ്ട്. അങ്ങനെ പഠിക്കാനിരിക്കുമ്പോൾ ഇനി ‘എംകിഡ് സ്റ്റഡി പ്ലസ്’ പറഞ്ഞുതരുന്ന ഈ തവളക്കഥ കൂടി ഓർക്കണം.

യുകെയിൽ കേംബ്രിജിനടുത്ത് ഒരു പുതിയ റോഡ് നിർമിക്കാനുള്ള പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനു വേണ്ടി മണ്ണെടുക്കുന്നതിനിടെയായിരുന്നു ഏതാനും അസ്ഥികൾ ശ്രദ്ധയിൽപ്പെട്ടത്. ഒറ്റക്കാഴ്ചയിൽ തവളയുടെ എല്ലു പോലുണ്ട്. പക്ഷേ വീണ്ടും കുഴിച്ചു നോക്കുമ്പോഴുണ്ട് ആ എല്ലുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. അതങ്ങനെ നൂറായി, അഞ്ഞൂറായി, ആയിരമായി, രണ്ടായിരമായി ഒടുവിൽ 8000 വരെയെത്തി! ഏകദേശം 14 മീറ്റർ ആഴമുള്ള ഒരു കുഴിയിലായിരുന്നു ഈ തവള അസ്ഥികളെല്ലാം കൂട്ടത്തോടെ കണ്ടെത്തിയത്. 2016–18 കാലത്തായിരുന്നു ഈ കണ്ടെത്തൽ. 

ഇത്രയേറെ അസ്ഥികൾ എങ്ങിനെ അവിടെയെത്തി എന്ന് എല്ലാവരും തല പുകച്ചു. ശിലായുഗം തൊട്ടുതന്നെ തവളകളെ മനുഷ്യൻ ഭക്ഷണത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു. പക്ഷേ അവയെ മുറിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. കേംബ്രിജിൽനിന്നു കിട്ടിയ തവളകളിലാകട്ടെ ഒരു മുറിവു പോലും ഉണ്ടായിരുന്നില്ല. ഇനി അഥവാ പുഴുങ്ങിയാണ് ഉപയോഗിച്ചതെങ്കിൽ അസ്ഥികൾ ഇത്രയും കാലം നിലനിൽക്കുകയുമില്ല! ഒരു കിടങ്ങിലേക്കു ചാടി തവളകളെല്ലാം കൂട്ട ആത്മഹത്യ ചെയ്തതാണോയെന്നു പോലും ഗവേഷകർ തമാശയ്ക്കു ചിന്തിച്ചു. അതുപോലെയായിരുന്നു അസ്ഥി ശേഖരം. 

ഈ കിടങ്ങിനു സമീപം ഇരുമ്പു യുഗത്തിലെ മനുഷ്യർ ജീവിച്ചതിന്റെ തെളിവും ലഭിച്ചിരുന്നു. അക്കാലത്ത് ഈ പ്രദേശം ഒരു കൃഷി സ്ഥലമായിരുന്നെന്നു തോന്നിപ്പിക്കും വിധം ധാന്യങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചു. സ്വാഭാവികമായും ധാന്യം തിന്നാനെത്തുന്ന പ്രാണികളെ ഭക്ഷിക്കാൻ തവളകളുമെത്തും. ഇത്തരത്തിൽ വന്ന തവളകൾ കുഴിയിലേക്കു വീണു കുടുങ്ങിയതാകാമെന്നാണ് ഗവേഷകരുടെ ഒരു സിദ്ധാന്തം. വസന്തകാലത്തായിരുന്നു ഈ വരവ്. പക്ഷേ മഞ്ഞുകാലമായതോടെ കിടങ്ങിൽ മഞ്ഞു മൂടി അവയെല്ലാം കൂട്ടത്തോടെ ചത്തതാകാം. ഇനി അതുമല്ലെങ്കിൽ ഏതെങ്കിലും രോഗം ബാധിച്ചു ചത്തതാകാം. യുകെയിൽ 1980കളിൽ ഉഭയജീവികളെ ബാധിക്കുന്ന റണവൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് തവളകൾ കൂട്ടത്തോടെ ചത്തപ്പോൾ പഠിക്കാനായി ഒരു പദ്ധതിക്കു വരെ യുകെ രൂപം നൽകിയിരുന്നു. മത്സ്യങ്ങളെയും ഉരഗങ്ങളെയും ഈ വൈറസ് ബാധിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവം പണ്ടുകാലത്തുണ്ടായതിന്റെ ഇരകളായിരിക്കാം ഈ തവളകൾ. 

തവളകളുടെ മാത്രമല്ല, മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയുമെല്ലാം അസ്ഥികളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ വിഷയം ഗൗരവത്തോടെയാണ് ഗവേഷകർ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഈ അസ്ഥികൾക്ക് 2000 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നുണ്ട്. എങ്കിലും കൃത്യമായി ഏതു കാലഘട്ടത്തിലാണ് ഇതു സംഭവിച്ചതെന്ന കാര്യമുൾപ്പെടെ തിരിച്ചറിയാനുള്ള കഠിന ശ്രമത്തിലാണു ഗവേഷകസംഘം. 

English Summary :  Mass Death of Tads and Frogs | Mkid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA