വീട്ടിലിരുന്നുള്ള പഠിത്തമെല്ലാം കഴിഞ്ഞു, അല്ലേ കൊച്ചുകൂട്ടുകാരേ. ഇനി ക്ലാസിൽ കൂട്ടുകാർക്കൊപ്പമിരുന്നു പഠിക്കാം. ആ പഠിത്തത്തിൽ സഹായിക്കാൻ ഒപ്പം എംകിഡുമുണ്ട്. ഇനി മുതൽ വാർത്ത വായിച്ചു രസിച്ചു പഠിക്കാമെന്നതാണ് എംകിഡിന്റെ പ്രത്യേകത. അതിനായി ഈ പരിസ്ഥിതി ദിനത്തിൽ കുറേ പരിസ്ഥിതി വിശേഷങ്ങളും കുറച്ച് കൗതുക വാർത്തകളുമായി എംകിഡ് സ്റ്റഡി പ്ലസിനും തുടക്കമിടുകയാണ്. ലോകത്ത് ദിവസവും ഒട്ടേറെ കൗതുകങ്ങൾ സംഭവിക്കുന്നുണ്ട്. അവയിൽ പലതിനും നമ്മുടെ പാഠപുസ്തകങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. അവയൊക്കെ അറിയാൻ സാധിച്ചാലോ? അറിവു കൂട്ടാം, അധ്യാപകർ ചോദ്യം ചോദിക്കുമ്പോൾ ചടപടേന്ന് ഉത്തരം പറയാം, ക്ലാസിലെ സ്റ്റാറാവാം, ഒപ്പം പരീക്ഷകളിൽ ടോപ് മാർക്കും വാങ്ങാം. വാർത്തകളും അവയിലെ ‘ക്ലാസറിവുകളു’മായി എംകിഡ് സ്റ്റഡി പ്ലസ് വായിച്ചു തുടങ്ങാം നമുക്കൊരുമിച്ച്...
1) കാടാകെ വളരട്ടെ ‘സ്വർണമുളകൾ’
കാട്ടിൽ കുഴിച്ചു നോക്കിയാൽ സ്വർണം ലഭിക്കുമോ? കേരളത്തിലെ വയനാടിനും തമിഴ്‌നാട്ടിലെ പന്തല്ലൂർ താലൂക്കിനും ഇടയിൽ ഒരു സ്ഥലമുണ്ട്. പേര് ദേവാല. പണ്ട് ബ്രിട്ടിഷുകാർ ഇവിടെ സ്വർണം ഖനനം ചെയ്യാൻ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ അതു പരാജയപ്പെട്ടതോടെ സകലതും ഉപേക്ഷിച്ച് അവർ സ്ഥലം വിട്ടു. ബ്രിട്ടിഷുകാർ പോയെങ്കിലും മലയാളികളും തമിഴ്‌നാട്ടുകാരും ഉൾപ്പെടെ ഇപ്പോഴും ദേവാലയിലെ കാടുകളിൽ സ്വർണം തേടി അനധികൃതമായി കുഴിക്കുന്നവർ ഏറെയുണ്ട്. സ്വർണം കിട്ടാതെ വരുന്നതോടെ അവർ കുഴി ഉപേക്ഷിച്ചു പോകും. ആ കുഴികളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പെട്ടു ചാകാൻ തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ വനംവകുപ്പ് ഒരു സൂത്രം പ്രയോഗിച്ചു. ചെളിയും ചാണകവും പൊതിഞ്ഞ് മുളയുടെ വിത്തുകൾ കാടാകെ വിതറി. അയ്യായിരത്തോളം കുഴികളാണ് കാട്ടിലുള്ളത്. അത്രതന്നെ വിത്തുപന്തുകളും വിതറി. പെട്ടെന്നു വളരുന്നവയാണ് മുള. മാത്രവുമല്ല അതിന്റെ വേര് ഇടതൂർന്ന് വളർന്ന് മണ്ണിനെ പരസ്പരം ചേർത്തുനിർത്താനും സഹായിക്കും. അതോടെ കുഴികളെല്ലാം മൂടപ്പെട്ട് മൃഗങ്ങളെല്ലാം സുരക്ഷിതരാവുകയും ചെയ്യും.
മുളയുടെ കൂടുതൽ വിശേഷം മൂന്നാം ക്ലാസിലെ പരിസര പഠനം പുസ്തകത്തിലുണ്ട്. ഇനി അതു വായിച്ചാലോ?

മുളവിശേഷം
പുൽവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമാണ് മുള. അതിവേഗം വളരും. ഒരിക്കൽ മാത്രമേ മുള പൂക്കുകയുള്ളൂ, അതോടെ പൂർണമായും നശിക്കും. 3 മുതൽ 150 വർഷത്തെ ഇടവേളയ്ക്കിടയിൽ പൂക്കുന്ന മുളകളുണ്ട്. ആയിരക്കണക്കിന് വിത്തുകൾ ഭൂമിയിൽ നിക്ഷേപിച്ചായിരിക്കും ഓരോ മുളയും നശിക്കുക. മുളയുടെ വിത്തിനെ നാം മുളയരി എന്നാണു വിളിക്കുക. ഇതിന് ഏറെ ഔഷധഗുണമുണ്ട്. ഭക്ഷണമായും മുളയരി ഉപയോഗിക്കും.
2) ചെടിക്ക് നീളം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്!
കൂട്ടുകാർ കണ്ടിട്ടുള്ള ഏറ്റവും വലിയ ചെടിയേതാണ്? എന്തു തന്നെയാണെങ്കിലും ഈ വമ്പൻ ചെടിക്കു മുന്നില്‍ അതൊന്നുമല്ലെന്നതാണു സത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കടലിന്നടിയിലാണ് ലോകത്തെ ഏറ്റവും വലിയ ചെടി കണ്ടെത്തിയത്. ഇവിടെ തീരത്തുനിന്നു മാറി ഷാർക്ക് ബേ എന്നൊരു സംരക്ഷിത പ്രദേശമുണ്ട്. കടലിൽ പല അമൂല്യ സസ്യങ്ങളും മത്സ്യങ്ങളുമൊക്കെയുള്ളതിനാലാണ് ഈ സംരക്ഷണം. അവിടെ വളരുന്ന പോസിഡോണിയ ഓസ്ട്രേലിസ് ((Posidonia australis) എന്ന കടൽപ്പായലിന് എത്രയാണു നീളമെന്നോ? 180 കിലോമീറ്ററിലേറെ! സ്വയം ‘ക്ലോൺ’ ചെയ്യാൻ സാധിക്കുന്നതാണ് ഈ ചെടി. അതായത്, ചെടിയുടെ അതേ രൂപത്തിൽ മറ്റൊന്നിനെ സൃഷ്ടിക്കാനുള്ള കഴിവ്. അങ്ങനെ ഒരു െചടി പല ചെടിയായി അത് ആയിരവും പതിനായിരവുമൊക്കെയായി വളർന്ന് ഷാർക്ക് ബേയിലാകെ നിറഞ്ഞു. ഇപ്പോഴും അതു വളർന്നു കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ചെടിയെന്ന വിശേഷണവും പോസിഡോണിയയ്ക്കു കിട്ടുമെന്നാണു ഗവേഷകർ പറയുന്നത്.
വലിയ പൂവേതാ?
ലോകത്തിലെ ഏറ്റവും വലിയ പൂവ് ഏതാണെന്ന് കൂട്ടുകാർക്കു പഠിക്കാനുണ്ട്. റഫ്ളീഷിയ (Rafflesia arnoldi) ആണ് ആ പൂവ്. ഏകദേശം 10 കിലോ വരും ഇതിന്റെ ഭാരം, ഒരു വലിയ കുടയുടെയത്ര വട്ടവും. മാംസവും മറ്റും ചീയുമ്പോഴുള്ള ദുർഗന്ധമില്ലേ, അതാണ് ഈ പൂ വിരിയുമ്പോൾ ചുറ്റിലും പരക്കുക. മലേഷ്യയിലെയും ഇന്തൊനീഷ്യയിലെയും മഴക്കാടുകളിലാണ് ഈ പൂക്കൾ പ്രധാനമായും കാണുക.
3) മരമുത്തശ്ശി, പ്രായം 5484 വയസ്സ്!
ഒരു തൈ നടുമ്പോൾ നാം ഒരു തണൽ നടുന്നു എന്ന് ടീച്ചർ പറഞ്ഞു തന്നിട്ടില്ലേ. മരം നമുക്കു കിട്ടിയ ഏറ്റവും നല്ല വരമാണ്. അതു വെട്ടരുത്. നമ്മുടെ കൂട്ടുകാരാണ് മരങ്ങൾ. അത് മനുഷ്യനു മാത്രമല്ല ലോകത്തിനാകെത്തന്നെ വലിയൊരു വരമാണ്. നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ സാനിമോളും കൂട്ടുകാരും മരം നടുന്നതിന്റെ ചിത്രവും കൊച്ചുകൂട്ടുകാർ കണ്ടിട്ടുണ്ടാകും, മരം ജീവന്റെ ഉറവ് എന്നാണു പാഠപുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ഒരു മരം പക്ഷേ എത്ര കാലം ജീവിക്കും? പല മരങ്ങൾക്കും പല പ്രായമാണ്. ലോകത്തിലെ ഏറ്റവും പ്രായമുള്ള മരമെന്ന റെക്കോർഡ് ഇതുവരെ കലിഫോർണിയയിലെ ഒരു പൈൻ മരത്തിനായിരുന്നു–4853 വർഷമായിരുന്നു ആ മരമുത്തശ്ശിയുടെ പ്രായം. പക്ഷേ കഴിഞ്ഞ ദിവസം ചിലെയിലെ ഗവേഷകർ ഒരു മരത്തിന്റെ വിവരം പുറത്തുവിട്ടു. അതിന്റെ പ്രായം എത്രയെന്നോ, 5484 വയസ്സ്! അതായത് നിലവിലെ മരമുത്തശ്ശിയേക്കാളും 631 വർഷം മുതിർന്നതാണ് ചിലെയിലെ ഈ പാറ്റഗോണിയൻ സൈപ്രൈസ് മരം (alerce milenario). ഭീമൻ മരങ്ങളായ സെക്വയയുടെയും റെഡ്‌വുഡിന്റെയുമൊക്കെ കുടുംബത്തിൽപ്പെടുന്ന ഈ മരം 150 അടി വരെ ഉയരം വയ്ക്കും.
4) കൂട്ടായിട്ടൊരു കൂട്!
കൂടുകളെപ്പറ്റി പഠിക്കാനുണ്ട് നാലാം ക്ലാസിൽ. അതിൽ എഴുതിയിരിക്കുന്നത് വായിക്കൂ– ‘കുയിൽ സ്വന്തമായി കൂടുണ്ടാക്കുകയോ കുഞ്ഞുങ്ങളെ പരിപാലിക്കുകയോ ചെയ്യുന്നില്ല. അവ കാക്കയുടെ കൂട്ടിലാണു മുട്ടയിടുന്നത്. പല പക്ഷികൾക്കും കൂട് നിര്‍മിക്കുന്ന പതിവില്ല. മറ്റു പക്ഷികൾ ഉപേക്ഷിച്ച കൂട്ടിൽ മുട്ടയിടുന്ന പക്ഷികളും ഏറെയുണ്ട്’–ഇത്രയുമാണ് പാഠപുസ്തകത്തിലുള്ളത്. പക്ഷേ കൂട്ടത്തോടെ കൂടുകൂട്ടുന്ന പക്ഷികളെപ്പറ്റി കേട്ടിട്ടുണ്ടോ? അവയാണ് സോഷ്യബിൾ വീവർ (Philetairus socius). പേരുപോലെത്തന്നെ ഒരു സമൂഹമായാണ് ഇവയുടെ കൂടുകൂട്ടൽ. തെക്കൻ ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കുഞ്ഞിക്കിളിയാണിത്. താഴെയുള്ള ചിത്രത്തിൽ, ഒരു പോസ്റ്റിൽ വൈക്കോൽ കുന്നുകൂട്ടിവച്ചതു പോലെ കാണാം, സോഷ്യബിൾ വീവർ കിളികൾ കൂട്ടത്തോടെ കെട്ടിയ കൂടാണത്. ലോകത്തു തന്നെ വളരെ അപൂർവമായാണ് ഇത്തരത്തില്‍ പക്ഷികൾ സമൂഹമായി കൂടുകൂട്ടുന്നത്. ഒരുപക്ഷേ ഇത്തരത്തിൽ ഇന്നു ലോകത്ത് കൂട്ടത്തോടെ ഏറ്റവും വലിയ കൂടു കൂട്ടുന്നതും ഈ കുഞ്ഞൻ പക്ഷികളാണ്.
5) അമ്പിളി അമ്മാവാ താമരക്കുമ്പിളിൽ ‘ഫുഡു’ണ്ടോ?
‘എന്നും ഞങ്ങടെ മാനത്തൂടെ
മിന്നും താരകമോടൊത്തങ്ങനെ
സന്ധ്യ മയങ്ങും നേരത്തിങ്ങനെ
ചന്ദ്രിക തൂകാൻ വന്നൂടെ..?’
അമ്പിളി മാമനെ നോക്കി മാളു പാടുന്ന ഈ പാട്ട് നാലാം ക്ലാസിലെ പരിസരപാഠത്തിലേതാണ്. ആകാശത്തെ അമ്പിളി മാമൻ നമുക്ക് നിലാവ് മാത്രമല്ല തരുന്നത്, ഇനി പലതരം ഭക്ഷ്യവസ്തുക്കളും തരും. അതെങ്ങനെയെന്നല്ലേ? 1969ൽ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയുടെ അപ്പോളോ എന്നു പേരിട്ട ദൗത്യത്തിലൂടെയാണ്. പിന്നെയും പല തവണ അപ്പോളോ ദൗത്യങ്ങൾ ചന്ദ്രനിലേക്കുണ്ടായി. അപ്പോഴേല്ലാം ഗവേഷകർ ചന്ദ്രനിലെ മണ്ണും അൽപാൽപമായി ശേഖരിച്ച് ഭൂമിയിലേക്കു കൊണ്ടുവന്നു. അന്നുപക്ഷേ ശാസ്ത്രം അത്യാധുനികമായി വികസിച്ചിട്ടില്ലാത്തതിനാൽ ആ മണ്ണും വച്ച് ഗവേഷകർ കാത്തിരുന്നു. അങ്ങനെ 50 വർഷത്തിനു ശേഷം, സൗകര്യങ്ങളെല്ലാം ഒത്തു വന്നപ്പോൾ ആ മണ്ണിൽ ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർ ഒരു കൂട്ടം വിത്തിട്ടു. യൂറേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലുമെല്ലാം കള പോലെ വളരുന്ന താലേ ക്രെസ് (Arabidopsis thaliana) എന്ന ചെടിയാണ് ചന്ദ്രനിലെ മണ്ണിൽ വിത്തിട്ട് ഗവേഷകർ വളർത്തിയത്. നാസ വീണ്ടും ചന്ദ്രനിലേക്കു പര്യവേക്ഷകരെ അയയ്ക്കാനൊരുങ്ങുകയാണ്. ഭാവിയിൽ ചന്ദ്രനിൽ താമസിച്ചു പഠനം നടത്തേണ്ട സാഹചര്യമുണ്ടായാൽ ഇതുപോലെ അവിടുത്തെ മണ്ണിൽ കൃഷി ചെയ്യാനാകുമോയെന്നാണ് ഗവേഷകർ ഉറ്റുനോക്കുന്നത്. അതിലേക്കുള്ള വലിയൊരു ചുവടുവയ്പായിരിക്കുകയാണ് ഈ ചന്ദ്രനിലെ മണ്ണിലെ കൃഷി.
6) വാതകം കുറച്ചാൽ വിശപ്പിനും പരിഹാരം!
എന്താണ് ഭക്ഷ്യസുരക്ഷ? എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലുണ്ട് അതിന്റെ ഉത്തരം. എല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനു വേണ്ട ഭക്ഷണം ആവശ്യാനുസരണം ലഭ്യമാകുന്ന സാഹചര്യമാണ് ഭക്ഷ്യ സുരക്ഷ. അതിനു മലിനീകരണം കുറയ്ക്കണം, കീടങ്ങളെ നിയന്ത്രിക്കണം, മണ്ണിനെ ദ്രോഹിക്കാതെ കൃഷിയിറക്കണം. അടുത്തിടെ ഗവേഷകർ ഒരു കാര്യം കൂടി കണ്ടെത്തി. ഇന്ന് അന്തരീക്ഷത്തിൽ കാണപ്പെടുന്ന നൈട്രജൻ ഡയോക്സൈഡിന്റെ (NO2) അളവ്കുറച്ചാൽ ഭക്ഷ്യ സുരക്ഷ പിന്നെയും ശക്തമാക്കാം. എൻഒ2വിന്റെ അളവ് 5 ശതമാനം കുറച്ചാൽ ചൈനയിൽ മാത്രം വിളവിന്റെ അളവിൽ 28% വർധനവുണ്ടാകും.
കാറുകളിൽനിന്നുൾപ്പെടെ പുറന്തള്ളപ്പെടുന്നതാണ് നൈട്രജൻ ഡയോക്സൈഡ്. കൽക്കരിയും പെട്രോളുമൊക്കെ കത്തുമ്പോൾ ഇതുണ്ടാകും. ഈ വാതകത്തിന്റെ ഉൾപ്പെടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറച്ചാൽ ലോകത്തെ എല്ലാ വിളകളുടെയും അളവ് വൻതോതിൽ കൂട്ടാമെന്നും യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല ഗവേഷകർ പറയുന്നു. ആകാശത്തെ ഓസോൺ പാളിയിൽ ദ്വാരമുണ്ടാക്കുന്ന പ്രധാന വില്ലനാണ് നൈട്രജൻ ഡയോക്സൈഡ്. ഓസോണിൽ ദ്വാരം വരുന്നതോടെ സൂര്യപ്രകാശം കൂടുതലായി ഭൂമിയിൽ പതിക്കും. അത് ചെടികളെയും നശിപ്പിക്കും. ചെടികളുടെ കോശത്തിന് നേരിട്ടു നാശം വരുത്താനും എൻഒടുവിനു ശേഷിയുണ്ട്. ഈ വാതകത്തിന്റെ അളവു കുറച്ചാൽ ലോകത്ത് പട്ടിണിയും കുറയുമെന്നു ചുരുക്കം.
7) ആരാണ് ഈ ‘പാതി മമ്മി’?
അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ കൂട്ടുകാർക്ക് ഈജിപ്ഷ്യൻ സംസ്കാരത്തെപ്പറ്റി പഠിക്കാനുണ്ട്. നൈൽ നദീ തടത്തിലാണ് ഈജിപ്ഷ്യൻ സംസ്കാരം വളർന്നു വന്നത്. അതിനാൽത്തന്നെ ഈജിപ്തിനെ ‘നൈലിന്റെ ദാനം’ എന്നും വിശേഷിപ്പിക്കുന്നു. നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്താണ് ലക്സർ എന്ന പ്രദേശം. അവിടെനിന്ന് പുരാവസ്തു ഗവേഷകർക്ക് 2014ൽ ഒരു ‘മമ്മി’യെ കിട്ടി. പുരാതന കാലത്ത് ഈജിപ്തിലെ പ്രമുഖരുടെ മൃതദേഹം പ്രത്യേക രീതിയിൽ സ്റ്റഫ് ചെയ്തു സൂക്ഷിക്കുന്നതാണ് മമ്മികൾ. മിക്ക മമ്മികളുടെയും ശരീരം മൊത്തമായി ഇത്തരത്തില്‍ സംരക്ഷിച്ചു വയ്ക്കും. വിലപിടിച്ച ഒട്ടേറെ വസ്തുക്കളും മമ്മിക്കൊപ്പം കല്ലറയില്‍ അടക്കം ചെയ്യും. അത്തരമൊരു കല്ലറയില്‍നിന്നാണ് 2014ൽ മേൽപ്പറഞ്ഞ അദ്ഭുത മമ്മിയെ കിട്ടിയത്. ഇതിന്റെ അരയ്ക്കു താഴെയുള്ള ഭാഗം ഇല്ലായിരുന്നു.

ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മമ്മിയെ ലഭിക്കുന്നത്. അതിനാൽത്തന്നെ ഗവേഷകരും ആവേശത്തിലാണ്. എന്തായിരിക്കും ഈ മമ്മിയുടെ പകുതി ഭാഗം മാത്രം കല്ലറയിൽ സൂക്ഷിക്കാന്‍ കാരണം? ഈജിപ്തിൽ പണ്ട് ഹിപ്പപൊട്ടാമസുകളും മുതലകളുമെല്ലാം സിംഹങ്ങളും മനുഷ്യരെ ആക്രമിക്കുന്നത് പതിവായിരുന്നു. അത്തരമൊരു ആക്രമണത്തിലായിരിക്കുമോ പാതി ഭാഗം പോയത്? അതോ യുദ്ധത്തിൽ പങ്കെടുത്തപ്പോൾ നഷ്ടപ്പെട്ടതോ? ഉത്തരം കണ്ടെത്താൻ ഗവേഷകർ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. 2024 ജനുവരിയോടെ ഈ മമ്മിയുടെ ‘പകുതി’ രഹസ്യം കൂടി കണ്ടെത്തി റിപ്പോർട്ട് പുറത്തിറക്കുമെന്നാണ് അവർ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല കേട്ടോ.
8) എന്തിനാ ജിറാഫേ ഇങ്ങനെ കഴുത്ത് നീട്ടുന്നത്?
എന്തിനാണ് ജിറാഫുകൾക്ക് ഇത്ര നീളമുള്ള കഴുത്ത്? ഉയരത്തിലുള്ള വൃക്ഷങ്ങളുടെ ഇല ഭക്ഷിക്കാനാണെന്ന് പരിണാമ സിദ്ധാന്തം പറയുന്നു. എന്താണീ സിദ്ധാന്തമെന്ന് കൂട്ടുകാർക്കു പഠിക്കാനുണ്ട്. ഭൂമിയിൽ ആദ്യമായുണ്ടായ ഒരു കോശത്തിൽനിന്നു കോടിക്കണക്കിനു ജീവജാലങ്ങൾ ഉണ്ടായ മഹാദ്ഭുതത്തിനെ ശാസ്ത്രം വിളിക്കുന്ന പേരാണു പരിണാമം. പല രൂപത്തിലും ഭാവത്തിലും ആകൃതിയിലുമെല്ലാം ജീവികൾ രൂപപ്പെട്ടതെങ്ങനെയാണെന്ന് അദ്ഭുതത്തോടെ നമ്മൾ ആലോചിക്കാറില്ലേ? അതിന്റെ ഉത്തരമാണ് പരിണാമം. ഇപ്പോഴും ജീവികൾക്കു പരിണാമം സംഭവിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്. ജിറാഫുകള്‍ക്കും പരിണാമം സംഭവിച്ചാണു നീളൻ കഴുത്തുണ്ടായതെന്നാണു പറയുന്നത്. എന്നാൽ ചെടിത്തലപ്പിലേക്ക് തലയെത്തിച്ചല്ല ജിറാഫിന്റെ കഴുത്തിനു നീളം വച്ചതെന്നാണ് ഒരു കൂട്ടം ചൈനീസ് ഗവേഷകരുടെ അഭിപ്രായം. കാരണം, ജിറാഫുകൾക്ക് കൂടുതലിഷ്ടം താഴെയുള്ള ചെടികളിലേക്ക് തല താഴ്ത്തി ഇല കടിച്ചു കഴിക്കുന്നതാണ്.
അങ്ങനെയിരിക്കെയാണ് ചൈനയിലെ ഒരു നദീതീരത്തുനിന്ന് ഗവേഷകർക്ക് പ്രത്യേക തരം തലയോട്ടിയുടെ ഫോസിൽ ലഭിക്കുന്നത്. കുറേ പരിശോധിച്ചപ്പോൾ അത്തരത്തിലുള്ള പലതരം ഫോസില്‍ കിട്ടി. വർഷങ്ങളെടുത്ത് അതെല്ലാം കൂട്ടിയോജിച്ചപ്പോൾ കിട്ടിയതാകട്ടെ ജിറാഫിനു സമാനമായ ഒരു ജീവിയുടെ ചിത്രവും. പക്ഷേ ഈ ‘ചൈനീസ്’ ജിറാഫിന്റെ കഴുത്തിന് നീളമില്ല, പകരം തലയ്ക്കു മുകളിൽ ഒരു ഡിസ്ക് പോലുള്ള ഭാഗമുണ്ട്. അതിന് 5 സെന്റിമീറ്റർ കനവും. പരസ്പരം തല കൂട്ടിയിടിച്ചാൽ പോലും അതിനൊരു പോറലുമേൽക്കില്ല. ഈ ജീവികൾ പോരടിക്കുമ്പോൾ പരസ്പരം തലയും കൂട്ടിമുട്ടിക്കുമത്രേ! അപ്പോൾ പരുക്കു പറ്റാതിരിക്കാനാണ് ഈ ‘ഡിസ്ക്’ സൂത്രം. തലയിൽ തേങ്ങ വീണാലും പരുക്കൊന്നും പറ്റില്ലെന്നു ചുരുക്കം. 1.7 കോടി വർഷം മുൻപാണ് ഇവ ഭൂമിയിൽ ജീവിച്ചിരുന്നത്. ഡിസ്കോകെരിക്സ് ഷിയച്ചി (Discokeryx xiezhi) എന്നു പേരിട്ടിരിക്കുന്ന ഈ ജീവികള്‍ക്ക് പരിണാമം സംഭവിച്ചാണോ ജിറാഫുകളുണ്ടായതെന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പരിണാമത്തിൽ പഠിക്കാൻ പുതിയൊരു കാര്യം കൂടിയായി.
ഈ പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറേ പാഠങ്ങൾ പഠിച്ചില്ലേ. ഇനി കുറച്ച് മറ്റു കൗതുക വാർത്തകളായാലോ...!
9) മിക്കി ഇനി എല്ലാവർക്കും സ്വന്തം!
ആറു വർഷം കൂടി കഴിഞ്ഞാൽ മിക്കി മൗസിന് നൂറു വയസ്സാവും. 1928ലാണ് ‘സ്റ്റീം ബോട്ട് വില്ലി’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ആനിമേഷനു വേണ്ടി വാൾട്ട് ഡിസ്നി ഈ കുഞ്ഞനെലിയെ സൃഷ്ടിച്ചത്. പക്ഷേ 2028ൽ നൂറാം പിറന്നാളാഘോഷിക്കുമ്പോൾ പലതരം ഗിഫ്റ്റുകളുമായി ലോകമാകെ മിക്കിക്കൊപ്പമുണ്ടാകും. അതെന്താ ഇത്രയും നാളും ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു, പക്ഷേ മിക്കിയുടെ ചിത്രം വച്ച് ടിഷർട്ടും പുസ്തകങ്ങളും ഗിഫ്റ്റുകളുമൊക്കെയുണ്ടാക്കുന്നതിന് ഒരു പരിമിതിയുണ്ടായിരുന്നു. അതായത്, വാൾട്ട് ഡിസ്നി കമ്പനിക്കായിരുന്നു മിക്കിയുടെ ഉടമസ്ഥാവകാശം അഥവാ കോപ്പിറൈറ്റ്. (താഴെ വിഡിയോ ക്ലിക്ക് ചെയ്തു കാണാം വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് പുറത്തിറക്കിയ മിക്കിയുടെ ആദ്യ ആനിമേഷൻ ചിത്രം)
അമേരിക്കയിലെ നിയമമനുസരിച്ച് 56 വർഷം വരെയേ കോപ്പിറൈറ്റ് നിലനിൽക്കൂ. മിക്കിയുടെ കോപ്പിറൈറ്റ് 1984ൽ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ 1984ലും അതിനു ശേഷവും ഡിസ്നി കമ്പനി സർക്കാരിൽ ഇടപെട്ട് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. അങ്ങനെ കോപ്പിറൈറ്റ് പിന്നെയും നീട്ടിക്കിട്ടി. അതുപക്ഷേ 2024ൽ അവസാനിക്കും. അതും നീട്ടാനുള്ള ശ്രമത്തിലാണ് ഡിസ്നി. പക്ഷേ അമേരിക്കയിലെ റിപബ്ലിക്കൻ പക്ഷക്കാർ എന്തുവില കൊടുത്തും ഈ വർഷം തന്നെ പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതോടെ ഡിസ്നിക്ക് മിക്കിയിലുള്ള കോപ്പിറൈറ്റ് നഷ്ടപ്പെടും; ലോകത്തുള്ള ആർക്കും മിക്കിയുടെ ചിത്രമോ ശിൽപമോ എങ്ങനെ വേണമെങ്കിലും നിർമിക്കാം, ഉപയോഗിക്കാം. പക്ഷേ ഡിസ്നിയും പോരാടാൻ തന്നെയാണു തീരുമാനം. അതോടെ ഒരു പാവം കുഞ്ഞെലിക്കു വേണ്ടി കോടതിയിൽ നിയമയുദ്ധം ശക്തമാകുമെന്ന കാര്യം ഉറപ്പായി.
10) സാം, ദ് സൂപ്പർ ഹീറോ!
ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ മെട്രോപൊളിറ്റൻ പാർക്കിലെത്തുന്നവർക്കു മുന്നിൽ നാലു കാലിൽ ഒരു സൂപ്പർ ഹീറോ പ്രത്യക്ഷപ്പെടും. പേര് സാം. എന്താണു സാമിന്റെ സൂപ്പർ പവർ? മറ്റൊന്നുമല്ല, സാമൊരു നായ്ക്കുട്ടിയാണ്. ചുറ്റിലുമുള്ള മാലിന്യങ്ങളെല്ലാം പെറുക്കി മാറ്റാൻ സഹായിച്ച് പാർക്കിലെ സന്ദർശകർക്ക് റോൾ മോഡലാവുകയെന്നതാണ് സാമിന്റെ സൂപ്പർ പവർ. സാമും ഉടമ ഗോൺസാലോ ചിയാങ്ങും എല്ലാ ദിവസവും വൈകിട്ട് നടക്കാനിറങ്ങുമ്പോൾ കാണുന്നത് പാർക്കിലെ മാലിന്യമാണ്. വലിച്ചെറിയുന്ന കുപ്പിയും പ്ലാസ്റ്റിക് പ്ലേറ്റുമൊക്കെയാണു ചുറ്റിലും. ദിവസവും ഇതു കണ്ട് സഹിക്കാതായപ്പോൾ സാമിന്റെ ദേഹത്ത് ഒരു പ്രത്യേക സഞ്ചി വച്ചു കെട്ടി ഗോൺസാലോ മാലിന്യശേഖരണം ആരംഭിച്ചു. ഏപ്രിലിൽ മാത്രം സാം ശേഖരിച്ചത് 602 മാസ്ക്, 585 കുപ്പി, 304 കാനുകൾ, തുണി, ഭക്ഷ്യപ്പൊതികൾ, ഹെൽമറ്റ് തുടങ്ങിയവയാണ്. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം സാം പാർക്കിലുണ്ടാകും. അഞ്ചര വയസ്സുള്ള സാമിനെ പാർക്ക് അധികൃതർ ഒരു സൂപ്പർ ഹീറോ കഥാപാത്രമാക്കി വരച്ച് അവരുടെ ലോഗോ ആക്കുകയും ചെയ്തു. സാമിന്റെ ചിത്രത്തോടൊപ്പം, പാർക്ക് വൃത്തിയാക്കി വയ്ക്കണമെന്ന സന്ദേശവും വച്ചു. പാർക്കിൽ മാത്രമല്ല, ഇപ്പോൾ സാന്റിയാഗോയിലെ സ്കൂളുകളിലും ഓഫിസുകളിലും വരെ വൃത്തി സന്ദേശങ്ങൾക്കൊപ്പം സാമെന്ന സൂപ്പർ ഹീറോയുടെ ചിത്രങ്ങളാണ്!
English Summary: How to Learn better Reading Kids News? MKid Study Plus is the Answer : Part 1