ദ്വീപിൽ വർഷങ്ങളോളം ‘ഒളിച്ചിരുന്ന’ ആ ഭീമൻ ആമ; പിടികൂടി ഡിഎൻഎ പരിശോധിച്ച ഗവേഷകരും ഞെട്ടി!

HIGHLIGHTS
  • വാർത്ത വായിക്കാം, ഒപ്പം പാഠപുസ്തകത്തിലെ ശാസ്ത്ര അറിവും മിനുക്കാം
  • കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികളുടെ വിശേഷവുമായി എംകിഡ് സ്റ്റഡി പ്ലസ്
a-presumed-extinct-giant-tortoise-of-the-galapagos-islands-found-alive
ചിത്രത്തിന് കടപ്പാട്: Galapagos Conservancy
SHARE

യുകെയിൽ ഒരിടത്ത് ആയിരക്കണക്കിനു തവളകൾ കൂട്ടത്തോടെ ഒരു കുഴിയിൽപ്പെട്ട് ചത്തൊടുങ്ങിയ കഥ നേരത്തേ ‘എംകിഡ് സ്റ്റഡി പ്ലസിൽ’ വായിച്ചിട്ടില്ലേ. അത് വായിച്ചു കഴിഞ്ഞപ്പോൾ കൂട്ടുകാർക്കു സ്വാഭാവികമായും ഒരു സംശയം തോന്നിയേക്കാം. ആമയ്ക്കും കരയിലും വെള്ളത്തിലും ജീവിക്കാനാകുമല്ലോ, അപ്പോൾ അവയും ഉഭയജീവിയല്ലേ (amphibian)? ആമകൾ മുട്ടയിടുകയും ചെയ്യും! എന്നാല്‍ ആമ ഉഭയജീവിയല്ലെന്നതാണു സത്യം. അവയെ ഉരഗങ്ങളുടെ (reptiles) കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതെന്തു കൊണ്ടാണ്? 

ഉരഗങ്ങളുടെ ചർമം വരണ്ടതും ശൽക്കങ്ങൾ ഉള്ളവയുമാണെന്ന പ്രത്യേകതയുണ്ട്. ആമയ്ക്കുമുണ്ടല്ലോ ദേഹത്ത് ഒരു പുറന്തോട് അഥവാ Shell. അതുകൊണ്ടാണ് അവയെ ഉരഗങ്ങളായി കണക്കാക്കുന്നത്. ആമക്കൗതുകം ഇതു മാത്രമല്ല. അടുത്തിടെ ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽനിന്ന് അമ്പരപ്പിക്കുന്ന ഒരു വാർത്തയെത്തി. അവിടെ നൂറു വർഷം മുന്‍പ് ഒരിനം ആമ ജീവിച്ചിരുന്നു. ഫെർനാൻ‍ഡിന ഐലൻഡ് ടോർട്ടോയ്സ് എന്നാണ് അതറിയപ്പെട്ടിരുന്നത്. ശാസ്ത്രനാമം Chelonoidis phantastica. ആ ഇനത്തിൽപ്പെട്ട രണ്ടേ രണ്ട് ആമകളെയേ ഇന്നേ വരെ കണ്ടെത്തിയിട്ടുള്ളൂ. അതിലൊരെണ്ണം നൂറു കൊല്ലം മുൻപു ചത്തു പോയി. അതോടെ ആ ഇനം ആമയുടെ വംശമറ്റെന്നു കരുതിയതാണ്. പക്ഷേ അദ്ഭുതം സംഭവിച്ചു. അതേ ഇനത്തിൽപ്പെട്ട ഒരു പെൺ ആമയെ 2019ൽ ഗവേഷകര്‍ കണ്ടെത്തി, അതും തികച്ചും അപ്രതീക്ഷിതമായി.

ഫെർനാൻഡ എന്നു പേരിട്ട ഈ ആമ ഇത്രയും കാലം ഏതു ദ്വീപിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ആർക്കും അറിയില്ല. ആരുടെയും കണ്ണിൽപ്പെടാതെ, പുല്ലിനിടയിൽ ഒളിച്ചിരിക്കുന്ന കുഞ്ഞൻ ആമയായിരുന്നില്ല ഫെർനാൻഡ. ഗാലപ്പഗോസ് ദ്വീപുകളിൽ കാണപ്പെട്ടിരുന്ന ഭീമൻ ആമകളുടെ ഇനത്തിൽപ്പെട്ടതായിരുന്നു. അടുത്തിടെ ഇതിന്റെ ‍ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് ഫെർനാൻഡിന ഐലൻഡ് ടോർട്ടോയ്സ് വിഭാഗത്തിൽപ്പെട്ടതാണെന്നു കണ്ടെത്തിയത്. കറന്റ് ബയോളജി എന്ന ജേണലില്‍ ആ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫെർനാൻഡിന എന്നത് ഗാലപ്പഗോസിലെ അഗ്നിപർവത ദ്വീപുകളിലൊന്നായിരുന്നു. അവിടെ കണ്ടെത്തിയതിനിലാണ് അതുമായി ബന്ധപ്പെട്ട പേരിട്ടത്. ‘ഫെൺ’ എന്നൊരു ഓമനപ്പേരും ഈ ആമയ്ക്കുണ്ട്.

ഭീമൻ ആമകളാൽ പ്രസിദ്ധമാണ് ഗാലപ്പഗോസ്. പക്ഷേ പലതും വംശമറ്റു പോയി. പിൻഡ ഐലൻഡ് ടോർട്ടോയ്സ് എന്നൊരു ഇനവും അവിടെ ഉണ്ടായിരുന്നു. അക്കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്നതായിരുന്നു ‘ലോൻസം ജോർജ്’ എന്ന ആമ. നൂറു വയസ്സിലേറെ പ്രായമുണ്ടായിരുന്നു അതിന്. പക്ഷേ 2012ൽ ചത്തുപോയി, അതോടെ അവയുടെയും വംശമറ്റു. നേരത്തേ കണ്ടെത്തിയെങ്കിലും ഫെൺ ആമ ഫെർനാൻഡിന ഐലൻഡ് ടോർട്ടോയ്സ് ഇനത്തിൽ പെട്ടതല്ലെന്നു ഗവേഷകർ കരുതാനും കാരണമുണ്ട്. ഗാലപ്പഗോസിൽ പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലാണ് ദ്വീപുകൾ. ഒരു ദ്വീപിൽനിന്നു മറ്റൊന്നിലേക്ക് ആമകൾക്കു നീന്താനാകില്ല. പക്ഷേ അവ വെള്ളത്തിൽ പൊന്തിക്കിടക്കും. കടൽക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടാവുമ്പോൾ വെള്ളത്തിലൂടെ മറ്റു ദ്വീപുകളിലേക്ക് അവ എത്തുകയും ചെയ്യും. ഗാലപ്പഗോസിലെത്തുന്ന മനുഷ്യരും ആമകളെ മറ്റു ദ്വീപുകളിലേക്ക് എത്തിക്കാറുണ്ട്. ഈ സംശയം കാരണമാണ് ഫെൺ ആമയുടെ ഡിഎൻഎ പരിശോധന നീണ്ടത്. 

എന്തായാലും ഫെണിന്റെ രക്തസാംപിളെടുത്തു പരിശോധിക്കാൻ ഗവേഷകർക്കു തോന്നിയതു നന്നായി, അതുകൊണ്ടാണല്ലോ ലോകത്തുനിന്ന് വിട പറഞ്ഞു പോയെന്നു കരുതിയ ആമ ഇനത്തിലെ പുതു അതിഥിയെ വീണ്ടും കണ്ടെത്താനായത്. ഫെണിന്റെ ബന്ധുക്കൾ ഇനിയും ദ്വീപുകളിൽ എവിടെയെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയും ഗവേഷകർക്കുണ്ട്. അതിനായി വിവിധ പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഗാലപ്പഗോസ് നാഷനൽ പാർക്കിലെ ടോർട്ടോയ്സ് സെന്ററിലാണ് ഫെൺ ഉള്ളത്. നല്ല ഭക്ഷണവും പരിചരണവുമൊക്കെക്കിട്ടി അപ്രതീക്ഷിതമായി അടിച്ച ‘ലോട്ടറി’യുടെ ആഘോഷത്തിലാണ് അവളിന്ന്. 

English Summary : A Presumed-Extinct Giant Tortoise of the Galapagos Islands Found Alive | Mkid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA