പടുകൂറ്റന്‍ വ്യാഴത്തിൽ അത്യപൂർവ ‘ഫ്ലാഷ്’; എന്താണ് വന്നിടിച്ചത്?–വിഡിയോ കാണാം

Mail This Article
നമുക്കൊരു കുടുംബമുണ്ട്; നാം അധിവസിക്കുന്ന ഭൂമിയും ഒരു കുടുംബത്തിലെ അംഗമാണ്. ഭൂമി ഉൾപ്പെടുന്ന ആ കുടുംബത്തിന്റെ പേരാണ് സൗരയൂഥം (Solar system). സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ കാണുന്നതാണ് സൂര്യൻ. അതൊരു നക്ഷത്രമാണ്. സ്വയം കത്തിജ്വലിക്കുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. അവ വലിയ അളവിൽ താപവും പ്രകാശവും പുറത്തേക്കു വിടുന്നു. സൂര്യനു ചുറ്റും കറങ്ങുന്ന ആകാശ ഗോളങ്ങളാണ് നമ്മുടെ ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ (Planets). അവ സൂര്യനെ വലംവയ്ക്കുന്നതിനൊപ്പം സ്വയം കറങ്ങുന്നുമുണ്ട്. ബുധൻ, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയാണ് ഭൂമിയെ വലംവയ്ക്കുന്ന ഗ്രഹങ്ങൾ. സൗരയൂഥത്തെപ്പറ്റിയും അതിലെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെപ്പറ്റിയുമെല്ലാം അഞ്ചാം ക്ലാസു മുതൽ കൂട്ടുകാർക്കു പഠിക്കാനുണ്ടാകും. ഇനിയുള്ള ദിവസങ്ങളിൽ ആകാശത്തെ ആ അദ്ഭുതങ്ങളെപ്പറ്റി എംകിഡ് സ്റ്റഡി പ്ലസ് പറഞ്ഞു തരാം കേട്ടോ. ഇപ്പോൾ നമുക്ക് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൽ (Jupiter) സംഭവിച്ച ഒരു കൗതുകത്തെപ്പറ്റി അറിയാം.
1908ൽ സൈബീരിയയിലെ ടുംങ്കുസ്ക എന്നറിയപ്പെടുന്ന പ്രദേശത്ത് ആകാശത്തുനിന്നൊരു വസ്തു പതിച്ചു. ആൾത്താമസം അധികമില്ലാത്ത കാടുകൾക്കുള്ളിലായിരുന്നു അജ്ഞാത വസ്തു പതിച്ചത്. പക്ഷേ അതിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം നീണ്ടു. ഒട്ടേറെ കെട്ടിടങ്ങളുടെ മേൽക്കൂരയും ചില്ലും തകർന്നു. മരങ്ങൾ കടപുഴകി, ചില മരങ്ങൾക്ക് തീപിടിച്ചു. അന്ന് ആ സ്ഫോടനത്തിൽ പുറന്തള്ളപ്പെട്ട ഊർജം ടൺകണക്കിന് ടിഎൻടി (ഒരിനം സ്ഫോടകവസ്തു) പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്നതിനു സമാനമാണെന്നു കണ്ടെത്തിയിരുന്നു. സമാനമായി പല ആകാശവസ്തുക്കളും മറ്റു ഗ്രഹങ്ങളിലും വന്നിടിക്കുന്നതു പതിവാണ്. 2021 ഒക്ടോബറിൽ വ്യാഴത്തിലും അത്തരമൊരു വസ്തു പതിച്ചു. വ്യാഴം ഗ്രഹത്തിൽ ഒരു വസ്തു വന്നിടിച്ചുണ്ടായ ഏറ്റവും വലിയ ആഘാതമായിരുന്നു അത്.
അതിനു മുൻപ് വ്യാഴത്തിന് അത്തരമൊരു ‘ഇടി’ കിട്ടിയത് 1994ലായിരുന്നു. അന്ന് ഷൂമാക്കർ–ലെവി 9 എന്ന വാൽനക്ഷത്രമാണ് വ്യാഴത്തിൽ വന്നിടിച്ചത്. ഗ്രഹങ്ങളിലെ ഇത്തരം ഇടികൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായി ലോകത്തിന്റെ പല ഭാഗങ്ങളിലായി ടെലിസ്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും അത്തരമൊരു പ്ലാനറ്ററി ഒബ്സർവേഷൻ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതിൽ 2021 ഒക്ടോബർ 15നാണ് വ്യാഴത്തിലെ ഇടി പതിഞ്ഞത്. അതിന്റെ ഡേറ്റ പരിശോധിച്ചപ്പോൾ ഒട്ടേറെ വിവരങ്ങളും ഗവേഷകർക്കു ലഭിച്ചു. ഏകദേശം 41 ലക്ഷം കിലോഗ്രാം ഭാരം വരുന്ന വസ്തുവാണ് ആ ഇടിക്കു പിന്നിൽ. അതിന് 50 മുതൽ 100 അടി വരെ നീളവുമുണ്ടാകും. വ്യാഴത്തിന്റെ വലുപ്പം വച്ചു നോക്കുമ്പോൾ അതൊന്നും ഒന്നുമല്ല. പക്ഷേ അപാരമായ വേഗതയായിരുന്നു ആ വസ്തുവിന്. അതിനാൽത്തന്നെ ഇടിയേറ്റാൽ ആഘാതം ശക്തമായിരിക്കും.
ഇടിയെത്തുടർന്നുണ്ടായ പ്രകാശത്തിന്റെ (ഫ്ലാഷ്) വിഡിയോ പകർത്താനും ക്യാമറയിലൂടെ സാധിച്ചു (വിഡിയോ ശ്രദ്ധിച്ചു കാണുക). വ്യാഴത്തിൽ അതുവരെ വന്നിടിച്ച വസ്തുക്കള്‍ സൃഷ്ടിച്ച ‘ഫ്ലാഷിൽ’ ഏറ്റവും തീവ്രതയേറിയതും അതായിരുന്നു. നേരത്തേ പകർത്തിയതിനേക്കാൾ പത്തിരട്ടി അധികം തീവ്രത! വ്യാഴത്തിനു പക്ഷേ ഇത്തരം ഇടികളൊന്നും പുത്തരിയല്ല. ഇത്രത്തോളം ശക്തിയിൽ ഒരിടിയെങ്കിലും വർഷം തോറും കിട്ടാറുണ്ട്. 100 മുതൽ 1000 വരെ എണ്ണം താരതമ്യേന ചെറിയ ഇടികളും പതിവാണ്. ഇതിനെപ്പറ്റി കൂടുതൽ പഠിക്കാനൊരുങ്ങുകയാണു ഗവേഷകർ.
വ്യാഴത്തിനു മേൽ പതിക്കുന്ന ഇത്തരം ഇടികളെപ്പറ്റി എന്തിനാണ് ഭൂമിയിലിരിക്കുന്ന ഗവേഷകർ പഠിക്കുന്നത് എന്നാണോ ആലോചിക്കുന്നത്. അതിനും കാരണമുണ്ട്. വ്യാഴത്തിൽ മാത്രമല്ല, ഭൂമി ഉൾപ്പെടെ സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലും ഇത്തരത്തിൽ ഉൽക്കകളോ മറ്റോ അപ്രതീക്ഷിതമായി വന്നിടിക്കാം. ടുംങ്കുസ്കയിൽ വന്നിടിച്ച വസ്തുവിന്റെ വരവ് മുൻകൂട്ടി കാണാൻ പോലും ഗവേഷകർക്കായിരുന്നില്ല. സമാനമായ സാഹചര്യം ഇനി വരാതിരിക്കാനാണ് ഭൂമിക്കു ചുറ്റും കാവലായി, കണ്ണുതുറന്ന് ഒട്ടേറെ ടെലിസ്കോപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. വ്യാഴത്തിന്മേലുള്ള ഇടികളെപ്പറ്റി മനസ്സിലാക്കിയാൽ ഭൂമിയിലേക്ക് അത്തരമൊരു ആഘാതം ഏൽക്കും മുൻപേ മനസ്സിലാക്കി പ്രതിരോധ നടപടികളെടുക്കാൻ ഗവേഷകർക്കു സാധിക്കുമെന്നു ചുരുക്കം.
English Summary : Brightest Impact Flash on Jupiter Video | MKid Study Plus