ശവകുടീരത്തിൽ കണ്ടത് അമൂല്യ നിധി: തലയോട്ടിയിൽനിന്ന് ‘പുനർജനിച്ച’ യുവതി ആര്?

HIGHLIGHTS
  • വാർത്ത വായിക്കാം, ഒപ്പം പാഠപുസ്തകത്തിലെ ചരിത്ര അറിവും മിനുക്കാം
  • വെങ്കലയുഗത്തിലെ യുവതിയുടെ കഥ പറഞ്ഞ് എംകിഡ് സ്റ്റഡി പ്ലസ്
reconstructing-the-face-of-bronze-age-bohemian-woman-mkid-study-plus
SHARE

മനുഷ്യൻ ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങളിലേക്കു മാറുന്നതിനു മുൻപ് കാട്ടിലും ഗുഹകളിലും പർവതങ്ങളിലുമൊക്കെയായിരുന്നു താമസം. ഒട്ടേറെയൊട്ടേറെ വർഷങ്ങൾക്കു മുൻപായിരുന്നു കേട്ടോ അത്. കാട്ടിൽ വേട്ടയാടിയ മനുഷ്യൻ പതിയെപ്പതിയെ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ആധുനികരായിത്തുടങ്ങുകയായിരുന്നു. അത്തരമൊരു നിർണായക കണ്ടെത്തലായിരുന്നു മനുഷ്യൻ ഈയം കണ്ടുപിടിച്ചത്. മാത്രവുമല്ല ഈയം ചെമ്പുമായി ഉരുക്കിച്ചേർത്ത് വെങ്കലം (ഓട്) എന്ന ലോഹസങ്കരം നിർമിക്കുകയും ചെയ്തു. അതോടെ മനുഷ്യന്‍ വൻ കുതിപ്പിലേക്കു മാറി. ചെമ്പിനേക്കാൾ കടുപ്പമുള്ളതായിരുന്നു വെങ്കലം. ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ മനുഷ്യൻ വെങ്കലം ഉപയോഗിച്ചു തുടങ്ങി. അതോടെ ആ കാലം വെങ്കലയുഗം എന്നറിയപ്പെട്ടു. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ് കൊച്ചുകൂട്ടുകാർ വെങ്കലയുഗത്തെപ്പറ്റി പഠിക്കുക. ആ വെങ്കലയുഗത്തിൽ ജീവിച്ചിരുന്നവരുടെ മുഖം ഇന്നത്തെക്കാലത്തെ മനുഷ്യന് കാണാനാകുമോ? എങ്ങനെ കാണാനാണല്ലേ. അക്കാലത്ത് ക്യാമറയൊന്നുമില്ലല്ലോ. ഇനി ആരെങ്കിലും ഗുഹാചിത്രങ്ങളായോ മറ്റോ വരച്ചു വച്ചാൽ കാണാം. പക്ഷേ വെങ്കലയുഗത്തിൽ ജീവിച്ച ഒരു പെൺകുട്ടിയുടെ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. ആ കഥയാണ് എകിഡ് സ്റ്റഡി പ്ലസ് ഇനി പറയുന്നത്. 

വടക്കൻ ചെക്ക് റിപബ്ലിക്കിലെ മിക്കുലോവിസ് എന്ന ഗ്രാമം. അവിടെ ഏതാനും വർഷം മുൻപ് പുരാവസ്തു ഗവേഷകർ ഒരു ശ്മശാനം കണ്ടെത്തി. ഒട്ടേറെ ശവകുടീരങ്ങളുണ്ടായിരുന്നെങ്കിലും അതിലൊന്നിലെ അസ്ഥികൂടത്തിൽ ഗവേഷകരുടെ കണ്ണുടക്കി. ഏകദേശം 4000 വർഷം മുൻപ് ജീവിച്ചിരുന്ന വ്യക്തിയുടേതായിരുന്നു ആ അസ്ഥികൂടം. അതായത് ബി.സി 1880നും ബി.സി 1750നും മധ്യേയുള്ള കാലം. മധ്യയൂറോപ്പിൽ വെങ്കലയുഗത്തിന്റെ തുടക്കമായിരുന്നു അത്. വെങ്കലം ഉപയോഗിച്ച് ആയുധങ്ങളും ആഭരണങ്ങളുമെല്ലാം ഉണ്ടാക്കിയിരുന്നു കാലം. 

മിക്കുലോവിസ് ഗ്രാമവും സമീപപ്രദേശങ്ങളുമെല്ലാം ചേർത്ത് ബൊഹീമിയ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ഈ പ്രദേശത്ത് ബൊഹീമിയ എന്ന പേരിൽ ഒരു രാജവംശവുമുണ്ടായിരുന്നു. വെങ്കലയുഗത്തിൽ ഇവിടെ ജീവിച്ചിരുന്നവരെയും ബൊഹീമിയൻസ് എന്നാണു ഗവേഷകർ വിശേഷിപ്പിച്ചിരുന്നത്. ഇവിടെ 27 ശവകുടീരങ്ങളാണു ഗവേഷകർ കണ്ടെത്തിയത്. പലതിലും വിലയേറിയ ആഭരണങ്ങളും കുന്തിരിക്കവുമെല്ലാം നിറച്ചിരുന്നു. അക്കാലത്ത് അതിവിശിഷ്ടവും അമൂല്യവുമായി കണക്കാക്കിയതുമായ വസ്തുവായിരുന്നു കുന്തിരിക്കം. യൂറോപ്പിന്റെ മറ്റു മേഖലകളുമായി ബൊഹീമിയൻ വിഭാഗക്കാർ കച്ചവടത്തിലേർപ്പെട്ടിരുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു അത്. കാരണം, ബാൾട്ടിക് മേഖലയിലാണ് അന്ന് കുന്തിരിക്കം ധാരാളമായി ഉണ്ടായിരുന്നത്.

27 ശവകുടീരങ്ങളിൽ ഏറ്റവും വിലയേറിയ ആഭരണങ്ങളും ഏറ്റവുമധികം കുന്തിരിക്കവും നിറച്ച കുടീരം ഗവേഷകർ പ്രത്യേകം ശ്രദ്ധിച്ചു. അവിടുത്തെ അസ്ഥികൂടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്നത് ഉറപ്പാണ്. അങ്ങനെ ആ അസ്ഥികൂടം പ്രത്യേകമായെടുത്തു. കൂട്ടത്തിൽ തലയോട്ടിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും സംഭവിക്കാതിരുന്നതും ആ പ്രത്യേക കുടീരത്തിലേതിനായിരുന്നു. മാത്രവുമല്ല അതിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാനും ഗവേഷകർക്കു സാധിച്ചു. അങ്ങനെയാണ് അതൊരു യുവതിയുടെ അസ്ഥികൂടമാണെന്നു തിരിച്ചറിഞ്ഞത്. അവൾക്ക് ബ്രൗൺനിറമുള്ള കണ്ണുകളായിരുന്നു. മുടിക്കും ചെമ്പൻ നിറമായിരുന്നു. വെളുത്ത ശരീരമായിരുന്നു യുവതിക്ക്. അങ്ങനെ ഗവേഷകർ ആ യുവതിയുടെ മുഖം പുനഃസൃഷ്ടിച്ചു. 

മാത്രവുമല്ല, അവളുടെ ശവകുടീരത്തിൽനിന്നു ലഭിച്ച ആഭരണങ്ങളും വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാം വീണ്ടും തയാറാക്കി. അങ്ങനെ പുനഃസൃഷ്ടിച്ച പെൺകുട്ടിയുടെ ചിത്രമാണ് ഈ സ്റ്റോറിക്കൊപ്പമുള്ളത്. ഇന്നും അജ്ഞാതമാണ് ആരാണീ യുവതിയെന്നത്. ബൊഹീമിയൻസിന്റെ കാലത്ത് പുരുഷന്മാരുടെ ശവകുടീരങ്ങളിൽ മാത്രമേ ആഡംബരപൂർണമായ വസ്തുക്കൾ നിറച്ചിരുന്നുള്ളൂ. ഇതാദ്യമായാണ് ഒരു യുവതിയുടെ ശവകുടീരം ഇത്രയേറെ ആർഭാടത്തോടെയും ആഡംബരത്തോടെയും നിർമിച്ചതായി കണ്ടെത്തുന്നത്. ആരായിരിക്കും ആ യുവതി? ചരിത്രം എന്നെങ്കിലും ഉത്തരം തരുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം. 

English Summary : Reconstructing the Face of Bronze-Age Bohemian Woman | Mkid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS